New IRCTC Website: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി വേഗത്തിലാകും; കിടിലൻ മാറ്റങ്ങളുമായി ഐ.ആർ.സി.ടി.സിയുടെ പുതിയ വെബ്സൈറ്റ്
IRCTC Introduces Redesigned Ticket Booking Portal: ഐ.ആർ.സി.ടി.സി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇനി കൂടുതൽ എളുപ്പമാവും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള വേഗതക്കുറവും തടസ്സങ്ങളും ഒഴിവാക്കുന്നതിനായി പരിഷ്കരിച്ച പുതിയ വെബ്സൈറ്റിൻ്റെ ബീറ്റാ വേർഷൻ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കാപ്ചകൾ അധികം ബുദ്ധിമുട്ടിക്കില്ല. ഒറ്റ സ്ക്രീനിൽ തന്നെ എല്ലാ ക്ലാസുകളിലെയും സീറ്റ് വിവരങ്ങൾ കണാനാവുകയും ചെയ്യും.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള ആശയവിനിമയത്തിനിടെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2002-ൽ ആരംഭിച്ച ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ നിലവിൽ പ്രതിദിനം ശരാശരി 14.5 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്യുന്നത്.(Image Credit source: IRCTC Official Website/PTI)

അനാവശ്യമായ കാപ്‌ചകൾ, പോപ്പ്-അപ്പുകൾ, ശ്രദ്ധ തിരിക്കുന്ന മറ്റ് ഗ്രാഫിക്സുകൾ എന്നിവ പുതിയ വെബ്സൈറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്ലീപ്പർ, എ.സി, ചെയർ കാർ തുടങ്ങി വിവിധ ട്രാവൽ ക്ലാസുകളിലെ സീറ്റ് ലഭ്യത ഇനി ഒറ്റ സ്ക്രീനിൽ തന്നെ കാണാൻ സാധിക്കും. ബുക്കിങ് പൂർത്തിയാക്കാനുള്ള ഘട്ടങ്ങളുടെ എണ്ണം കുറക്കുകയും ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ബുക്കിംഗ് വേഗത്തിൽ പൂർത്തിയാക്കാനാകും..

വിവരങ്ങൾ സേവ് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് അവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ സേവ് ചെയ്തു വെക്കാം. ഇത് തുടർന്നുള്ള ബുക്കിങ്ങുകൾ വേഗത്തിലാക്കാൻ സഹായിക്കും. യാത്രക്കാരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായാണ് വെബ്സൈറ്റിൻ്റെ ബീറ്റാ വേർഷൻ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ട്രയൽ ഘട്ടത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും വെബ്സൈറ്റിൻ്റെ അന്തിമ രൂപം പുറത്തിറക്കുക.

രണ്ട് രീതിയിൽ ഉപയോക്താക്കൾക്ക് പുതിയ ബീറ്റാ വേർഷൻ ഉപയോഗിക്കാൻ സാധിക്കും https://www.irctc.co.in/eticket/ എന്ന ലിങ്ക് വഴി നേരിട്ട് വെബ്സൈറ്റിൽ പ്രവേശിക്കാം. ഇതുകൂടാതെ നിലവിലെ ഐ.ആർ.സി.ടി.സി വെബ്സൈറ്റിൻ്റെ ഹോംപേജ് തുറക്കുമ്പോൾ കാണുന്ന ബീറ്റാ വേർഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തും പുതിയ വെബ്സൈറ്റിൽ പ്രവേശിക്കാനാകും.

പുതിയ വെബ്സൈറ്റുമായി പുതിയ പാസഞ്ചർ റിസർവേഷൻ എഞ്ചിനും റെയിൽവേ കണക്ട് ചെയ്യുന്നുണ്ട്. ഐ.ആർ.സി.ടി.സിയുടെയും മറ്റ് ബുക്കിങ് ആപ്പുകളുടെയും ടിക്കറ്റ് റിസർവേഷൻ കൈകാര്യം ചെയ്യുന്നത് ഈ സംവിധാനമായിരിക്കും. ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ, വരും ആഴ്ചകളിൽ തന്നെ പുതിയ പോർട്ടൽ ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.