Harshit Rana: അഫ്ഗാന്‍ പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനും ഹര്‍ഷിത് റാണയില്ല; പകരക്കാരനെ പ്രഖ്യാപിച്ചു
Harshit Rana Out, Yash Thakur In : അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്നും 2026-ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഹർഷിത് റാണയെ ഒഴിവാക്കി. പരിക്കാണ് കാരണം. ഹർഷിതിന് പകരം പേസർ യാഷ് താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി.

അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്നും 2026-ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഹർഷിത് റാണയെ ഒഴിവാക്കി. പരിക്കാണ് കാരണം. സെന്റർ ഓഫ് എക്സലൻസിലായിരുന്ന താരം മികച്ച പുരോഗതി കൈവരിച്ചുവരികയായിരുന്നുവെന്ന് ബിസിസിഐ അറിയിച്ചു (Image Credit Source: PTI).

എന്നാല്‍ സെപ്തംബര്‍ ഏഴിന് പന്തെറിയുന്നതിനിടെ താരത്തിന് 'റെക്റ്റസ് ഫെമോറിസ്' സ്റ്റ്രെയിൻ (തുടയിലെ പേശികൾക്ക് പരുക്ക്) അനുഭവപ്പെടുകയും തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കുകയുമായിരുന്നു. ഹർഷിതിന് പകരം പേസർ യാഷ് താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യയ്ക്കായി ഇതിന് മുമ്പ് രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് യാഷ് താക്കൂര്‍.

വിധർഭയിൽ നിന്നുള്ള 27 കാരനായ ഫാസ്റ്റ് ബൗളർ യാഷ്, ജൂലൈയിൽ നടന്ന ഇന്ത്യൻ ടീമിന്റെ സിംബാബ്‌വെ പര്യടനത്തിലാണ് ടി20 അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. രണ്ട് മത്സരങ്ങൾ കളിച്ച താരം നാല് വിക്കറ്റുകൾ വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 50 മത്സരങ്ങളിൽ നിന്ന് 7.04 എന്ന മികച്ച എക്കോണമി റേറ്റിൽ 81 വിക്കറ്റുകൾ നേടി.

ഏഷ്യൻ ഗെയിംസിനായി ഇന്ത്യ ശക്തമായ ടീമിനെ തന്നെയാണ് അണിനിരത്തുന്നത്. സ്‌ക്വാഡിലുണ്ടെങ്കിലും ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റാണയ്ക്ക് പരിക്കേറ്റതും ഒഴിവാക്കിയതും.

ഈ വര്‍ഷം പരിക്കുകള്‍ റാണയെ തുടര്‍ച്ചയായി വലച്ചിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ഐപിഎല്ലിലുമുണ്ടായിരുന്നില്ല. ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ ഹാംസ്ട്രിംഗ് പരുക്കേറ്റ താരം സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് അടുത്ത പരിക്കേറ്റത്.