സെഗ്മെൻ്റില്‍ സ്പ്ലണ്ടറിൻ്റെ എതിരാളികള്‍ ഇവര്‍, വിലയും ഫീച്ചറുകളും നോക്കിയാലോ…
Hero Splendor vs Rivals: ബഡ്ജറ്റ് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രാന്‍ഡ് ആണ് ഹീറോ. കമ്പനിയുടെ എക്കാലത്തെയും മികച്ച വാഹനങ്ങളിൽ ഒന്നാണ് സ്പ്ലണ്ടർ എന്ന മോഡൽ. വർഷങ്ങളായി ഇന്ത്യയിലെ ടോപ് സെല്ലിം ഗ് ബൈക്കായി ഈ മോഡൽ തുടരുന്നു. എന്നാൽ ഇതേ സെഗ്മെന്റിൽ ഈ അതികായനോട് പടവെട്ടി നിൽക്കുന്ന മറ്റ് ബൈക്കുകളും ഉണ്ട്. അതിൽ പ്രധാനപ്പെട്ട മോഡലുകളെ ഒന്ന് പരിചയപ്പെടാം.

സ്പ്ലണ്ടർ എന്ന വാഹനത്തോട് ഇന്ത്യക്കാർക്ക് ഇപ്പോഴും വലിയ ഇഷ്ടമാണ്. നിലവിൽ സ്പ്ലണ്ടർ പ്ലസ് എന്ന മോഡലും എക്‌സ് ടെക് എന്ന മോഡലും എക്‌സ് ടെക് 2.0 എന്ന മോഡലുമാണ് വിപണിയിൽ ഉള്ളത്. വാഹനത്തിന്റെ വില ആരംഭിക്കുന്നത് 77,577 രൂപ മുതലാണ്. 97 സിസി ആണ് വാഹനത്തിന്റെ എഞ്ചിൻ കരുത്ത് വരുന്നത്. ഇ 20 പെട്രോളിൽ 70 കിലോ മീറ്ററാണ് വാഹനത്തിന് മൈലേജ് ലഭിക്കുക. (Image Credits to Social Media)

സ്പ്ലണ്ടറിന്റെ പ്രധാന എതിരാളികളിൽ മുന്നിൽ നിൽക്കുന്നത് പഴയ ചങ്ങിതിയായ ഹോണ്ടയുടെ ഷൈൻ 100 എന്ന മോഡൽ ആണ്. എഞ്ചിൻ റിഫൈൻമെന്റാണ് ഈ വാഹനത്തിന്റെ മുഖ്യ ആകർഷണം. 98 സിസി എഞ്ചിൻ കരുത്തിൽ എത്തുന്ന ഈ ബൈക്ക് 7.28 ബി.എച്.പി പവറാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് ഏകദേശം 65000 രൂപ മുതലാണ്. 65 കിലോ മീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

മൈലേജ് കിംഗ് എന്നാണ് പ്ലാറ്റിന എന്ന വാഹനത്തെ പൊതുവിൽ അറിയപ്പെടുന്നത്. നൂറ് സിസി സെഗ്മെന്റിൽ എത്തുന്ന ബജാജിന്റെ ഈ വാഹനം സിറ്റിയിൽ മികച്ച യാത്രാ സുഖമാണ് വാഗ്ദാനം ചെയ്യുന്നത്. 99.56 സിസി കരുത്തുള്ള വാഹനത്തിന്റെ എഞ്ചിൻ പരമാവധി 7.79 ബിഎച്പി പവർ ഉത്പാദിപ്പിക്കും. 73000 രൂപ മുതലാണ് വാഹനത്തന്റെ എക്‌സ് ഷോറും വില ആരംഭിക്കുന്നത്. 70 മുതൽ 75 കിലോമീറ്റർ വരെയാണ് ഈ ബൈക്കിന് മൈലേജ് ലഭിക്കുക.

ടിവിഎസ് മോട്ടോഴ്‌സിന്റെ റേഡിയോൺ എന്ന മോഡലാണ് അടുത്തതായി വരുന്നത്. വ്യത്യസ്തമായ ലുക്കാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 109 സിസി എഞ്ചിൻ കരുത്താണ് റേഡിയോണ് ഉള്ളത്. 78000 മുതൽ 84000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറും വിലയായി വരുന്നത്. ആവറേജ് 65 കിലോമീറ്റർ മൈലേജ് ലഭിക്കും.

ടിവിഎസിന്റെ തന്നെ അടുത്ത മോഡലാണ് സെഗ്മെന്റിലെ മറ്റൊരു താരം. റേഡിയോണിന്റെ അതേ എഞ്ചിൻ കരുത്തിലാണ് ടിവിഎസ് സ്‌പോർട്ട് എന്ന മോഡൽ വരുന്നത്. മൈലേജാണ് ഈ വാഹനത്തിന്റെ ഏറ്റവും പ്രധാന ആകർഷണം 80 കിലോമീറ്റർ ആണ് ഈ വാഹനത്തിന് മൈലേജ് അവകാശപ്പെടുന്നത്. വില (എക്‌സ് ഷോറും) 65000 മുതൽ ആരംഭിക്കുന്നു.