Pay Without Internet: ഇന്റർനെറ്റില്ലാതെയും ഇനി യുപിഐ പേയ്‌മെന്റ്; പുതിയ’ സംവിധാനവുമായി എൻപിസിഐ
Digital Payments Without Internet: ഇന്ന് നമ്മൾ ഡിജിറ്റൽ ലോകത്താണ് ജീവിക്കുന്നത്. കൈയിൽ പണം കൊണ്ട് നടക്കേണ്ട ആവശ്യമില്ല, മൊബൈൽ വഴി ഇന്റർനെറ്റ് ഉപയോഗിച്ച്, തന്നെ പണമിടപാടുകൾ നടത്താനായി സാധിക്കും. എന്നാൽ, നെറ്റ് കണക്ഷൻ ഇല്ലെങ്കിലോ? എന്നാൽ ഇനി ഇന്റർനെറ്റിന്റെ സഹായമില്ലാതെയും പണമിടപാട് നടത്താമെന്നേ...

സ്മാർട്ട്‌ഫോണിലോ വ്യാപാരികളുടെ കൈവശമുള്ള മെഷീനുകളിലോ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം. ഇതിനായി 2,000 രൂപ വരെയുള്ള ഇടപാടുകൾ ഓഫ്ലൈനായി നടപ്പിലാക്കാൻ സഹായിക്കുന്ന പുതിയ 'ടാപ്പ് ആൻഡ് പേ' സൗകര്യം വികസിപ്പിക്കുകയാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. റേഞ്ച് ലഭിക്കാത്ത സ്ഥലങ്ങളിലും യാത്രകളിലും ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ നടത്താൻ ഈ സംവിധാനം സഹായിക്കും. (Image Credit source: getty images)

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ എൻഎഫ്സി പിന്തുണയുള്ള സ്മാർട്ട്ഫോൺ, വ്യാപാരികളുടെ ഓഫ്ലൈൻ പോസ് മെഷീനിൽ ടാപ്പ് ചെയ്ത് പണമടയ്ക്കാനാകും. ഒറ്റത്തവണയായി 2,000 രൂപ വരെയുള്ള തുക ഇന്റർനെറ്റില്ലാതെ കൈമാറാൻ ഇതിലൂടെ സാധിക്കും.

ഓൺലൈനിലായിരിക്കുമ്പോൾ ഉപയോക്താക്കൾ തങ്ങളുടെ യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം ലോഡ് ചെയ്തു വെക്കണം. ഓഫ്ലൈൻ ഇടപാടുകൾ നടത്തുമ്പോൾ പിൻ നമ്പറോ ഇന്റർനെറ്റോ ആവശ്യമില്ലാതെ വാലറ്റിൽ നിന്ന് തുക ഈടാക്കപ്പെടും. പയോക്താവിന്റെ ഫോണിലും കടക്കാരന്റെ മെഷീനിലും ഇന്റർനെറ്റ് ഇല്ലെങ്കിലും പോസ് മെഷീനിൽ പേയ്‌മെന്റ് വിവരങ്ങൾ സേവ് ചെയ്യപ്പെടും.

പിന്നീട് മെഷീൻ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ആകുമ്പോൾ തുക പ്രോസസ് ചെയ്യപ്പെടുകയും ചെയ്യും. നെറ്റ്‌വർക്ക് സിഗ്നലുകൾ ലഭിക്കാത്ത വിമാനങ്ങൾ, അണ്ടർഗ്രൗണ്ട് മെട്രോ സ്റ്റേഷനുകൾ, തുരങ്കങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പേയ്‌മെന്റുകൾ എളുപ്പമാക്കാൻ ഈ സംവിധാനം ഏറെ സഹായകരമാകും.

അതേസമയം, ഈ സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ഓഫ്ലൈൻ പോസ് മെഷീനുകൾക്ക് എഞ്ചിനീയറിംഗ് തലത്തിൽ എൻപിസിഐയുടെ സാക്ഷ്യപത്രം ലഭിക്കേണ്ടതുണ്ട്. നിലവിൽ ഇതിനായുള്ള നടപടികൾ നടന്നു വരികയാണ്. ഇനി ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ നടത്താൻ സാധിക്കുന്നതാണ്.