Kitchen Hacks: ഫ്രീസറിലെ മീനിൽ ഐസ് കട്ടപിടിക്കുന്നുണ്ടോ? ഈ വഴി പരീക്ഷിക്കൂ
Ways to Store Fish in Freezer Without Ice Formation: പലപ്പോഴും ഫ്രീസറിൽ വെക്കുന്ന മീനിൽ കട്ടിയിൽ ഐസ് ഉറഞ്ഞു കൂടുകയും പിന്നീട് പാചകം ചെയ്യുമ്പോൾ മീനിന്റെ യഥാർത്ഥ രുചിയും സോഫ്റ്റ്നസ്സും നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രീസറിലെ ഐസ് കട്ടപിടിക്കൽ ഒഴിവാക്കാം.

വീടുകളിൽ മീൻ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാൻ നമ്മൾ ആശ്രയിക്കുന്നത് റഫ്രിജറേറ്ററിലെ ഫ്രീസറുകളെയാണ്. എന്നാൽ പലപ്പോഴും ഫ്രീസറിൽ വെക്കുന്ന മീനിൽ കട്ടിയിൽ ഐസ് ഉറഞ്ഞു കൂടുകയും പിന്നീട് പാചകം ചെയ്യുമ്പോൾ മീനിന്റെ യഥാർത്ഥ രുചിയും സോഫ്റ്റ്നസ്സും നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രീസറിലെ ഐസ് കട്ടപിടിക്കൽ ഒഴിവാക്കി മീൻ ദീർഘകാലം പുതിയതുപോലെ സൂക്ഷിക്കാൻ സാധിക്കും. (Image Credit source: Getty Images)

മീൻ നന്നായി വെട്ടി കഴുകിയ ശേഷം അതിലെ വെള്ളം പൂർണ്ണമായും വാർന്നുപോകാൻ അനുവദിക്കണം. ഒരു കോട്ടൺ തുണിയോ കിച്ചൺ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മീനിലെ ഈർപ്പം പൂർണ്ണമായും ഒപ്പിയെടുത്ത ശേഷം മാത്രം ഫ്രീസറിലേക്ക് മാറ്റുക. ഈർപ്പം നിലനിൽക്കുന്നത് കൊണ്ടാണ് മീനിനു മുകളിൽ ഐസ് കട്ടപിടിക്കുന്നത്.

വെള്ളം തോർന്ന മീനിൽ അല്പം മഞ്ഞൾപ്പൊടിയും കല്ലുപ്പും ചെറുനാരങ്ങാനീരും പുരട്ടി വെക്കുന്നത് വളരെ നല്ലതാണ്. ഇത് മീനിൽ ബാക്ടീരിയകൾ വളരുന്നത് തടയുക മാത്രമല്ല, ഐസ് കട്ടപിടിക്കുന്നത് കുറയ്ക്കുകയും ചെയ്യും. മീൻ വെറുതെ പാത്രത്തിലാക്കി ഫ്രീസറിൽ വെക്കരുത്. വായുകടക്കാത്ത എയർടൈറ്റ് ഡപ്പികളിലോ സിപ്‌ലോക്ക് ബാഗുകളിലോ വേണം സൂക്ഷിക്കാൻ.

മീൻ പാത്രത്തിലാക്കി വെക്കുമ്പോൾ, പാത്രത്തിന്റെ അടപ്പ് അടയ്ക്കുന്നതിന് മുൻപായി മീനിന് തൊട്ടുമുകളിലായി ഒരു പ്ലാസ്റ്റിക് റാപ്പറോ അലുമിനിയം ഫോയിലോ നേരിട്ട് തൊട്ടിരിക്കും വിധം വിരിച്ച ശേഷം അടപ്പ് അടയ്ക്കുക. ഇത് മീനിലേക്ക് നേരിട്ട് തണുത്ത വായു തട്ടി ഐസ് ഉറഞ്ഞു കൂടുന്നത് തടയും.

എല്ലാ മീനും കൂടി ഒരൊറ്റ വലിയ പാത്രത്തിൽ വെക്കാതെ, ഒരു ദിവസം പാചകം ചെയ്യാൻ ആവശ്യമായ അളവിൽ ചെറിയ ചെറിയ ഡപ്പികളിലോ കവറുകളിലോ ആക്കി സൂക്ഷിക്കുക. ഫ്രീസറിൽ നിന്ന് അടിക്കടി പുറത്തെടുത്ത് തണുപ്പ് മാറ്റുന്നതും വീണ്ടും ഫ്രീസറിൽ വെക്കുന്നതും മീൻ കേടാകാനും ഐസ് കൂടുതൽ കട്ടപിടിക്കാനും കാരണമാകും.