ഇത് നന്നാക്കുന്ന കാശുണ്ടെങ്കിൽ പുതിയ ഐഫോൺ 18 പ്രോ വാങ്ങാം! ഐഫോൺ ഡ്യുവോ റിപ്പയർ കോസ്റ്റ്
iPhone Duo repair costs in India: ആപ്പിൾ പുതിയ ഐഫോൺ 18 പ്രോ മോഡലുകൾക്ക് ഒപ്പം ലോഞ്ച് ചെയ്ത ആദ്യ ഫോൾഡബിൾ ഐഫോൺ മോഡലായ ഐഫോൺ ഡ്യുവോ ഇന്ത്യയിലും വൻ ഡിമാൻഡിൽ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉയർന്ന വിലയിൽ എത്തിയിട്ടും വിപണിയിൽ മികച്ച പ്രതികരണമാണ് ഈ മോഡലിന് ലഭിക്കുന്നത്. എന്നാൽ വാങ്ങാൻ മാത്രമല്ല, ഇത് റിപ്പയർ ചെയ്യാനും ചെലവ് അൽപ്പം കൂടുതലാണ്.

ആപ്പിളിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ മോഡലായ ഐഫോൺ ഡ്യുവോ ഇന്ത്യയിൽ ഇതിനകം വിൽപ്പനയ്ക്ക് എത്തിക്കഴിഞ്ഞു. ഉയർന്ന വില ഉണ്ടായിട്ടും ഇന്ത്യയടക്കം പല വിപണികളിലും വൻ ഡിമാൻഡാണ് ഐഫോൺ ഡ്യുവോയ്ക്ക് അനുഭവപ്പെടുന്നത്. ഇന്ത്യയിൽ ആപ്പിൾ ലഭ്യമാക്കിയ ആദ്യ ബാച്ച് സ്റ്റോക്ക് മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു. ബ്ലിങ്കിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഐഫോൺ ഡ്യുവോ സ്റ്റോക്ക് തീരാൻ ഏതാനും മിനിറ്റുകൾ മാത്രമേ എടുത്തുള്ളൂ. (Image credit: Apple)

ഇന്ത്യയിൽ, ആപ്പിൾ 'ഐഫോൺ ഡുവോ' 256GB സ്റ്റോറേജ് അടിസ്ഥാന മോഡലിന് 2,99,900 രൂപയാണ് വില. ഇതിന്റെ 512GB മോഡലിന് 3,24,900 രൂപയും, 1TB മോഡലിന് 3,74,900 രൂപയും, 2TB വേരിയന്റിന് 4,49,900 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. അതായത് ഇതിന്റെ പ്രാരംഭ വില തന്നെ പലരുടെയും ഒരു വർഷത്തെ ശമ്പളത്തിന് മുകളിൽ വരും.

സ്മാർട്ട്ഫോൺ വിപണിയിലെ ആഢംബരത്തിന്റെ പുതിയ വാക്കായി ഐഫോൺ ഡ്യുവോ മാറിയിരിക്കുന്നു എന്ന് പറയാം. ഇന്ത്യയിൽ ഒരു കാർ വാങ്ങുന്നതിനുള്ള 'ഡൗൺ പേയ്‌മെന്റ്' നൽകാൻ കഴിയുന്നത്ര വലിയ തുക വില വരുന്ന ഐഫോൺ ഡ്യുവോ വാങ്ങാൻ മാത്രമല്ല റിപ്പയർ ചെയ്യാനും ചെലവ് അൽപ്പം കൂടും.

ഐഫോൺ ഡുവോയുടെ റിപ്പയർ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിൾ പുറത്തുവിട്ടിരുന്നു. ഫോണിന്റെ ഉൾഭാഗത്തുള്ള ഡിസ്‌പ്ലേയെ മൂടുന്ന നേർത്ത പാളിക്ക് (cover layer) കേടുപാടുകൾ സംഭവിച്ചാൽ, അത് നന്നാക്കാൻ 5,900 രൂപയാണ് ചെലവാകുക. ഫോണിന്റെ ഉൾഭാഗത്തുള്ള ഡിസ്‌പ്ലേ നന്നാക്കാൻ 1,49,900 രൂപയാണ് ആപ്പിൾ ഈടാക്കുക.

ഐഫോൺ ഡ്യുവോയുടെ മറ്റ് തരത്തിലുള്ള കേടുപാടുകൾ പരിഹരിക്കുന്നതിനായി ഒരു പ്രത്യേക വിഭാഗം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ റിപ്പയർ ചെലവ് 2,24,900 രൂപയാണ്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ തുക ഉണ്ടെങ്കിൽ ഒരു പുതിയ 'ആപ്പിൾ ഐഫോൺ 18 പ്രോ' വാങ്ങാം എന്നതാണ്.

ഇറക്കുമതി തീരുവകൾ, സങ്കീർണ്ണമായ ഫോൾഡബിൾ ഡിസ്‌പ്ലേ സാങ്കേതികവിദ്യ, കൃത്യതയോടെ നിർമ്മിച്ച ഹിഞ്ച് ഘടകങ്ങൾ എന്നിവയാണ് ഇന്ത്യയിൽ ഐഫോൺ ഡുവോയുടെ ഉയർന്ന റിപ്പയർ ചെലവുകൾക്ക് കാരണം. 5.4 ഇഞ്ച് വലിപ്പമുള്ള പുറം ഡിസ്‌പ്ലേയും, ടൈറ്റാനിയം ഫ്രെയിമിൽ നിർമ്മിച്ച 7.6 ഇഞ്ച് വലിപ്പമുള്ള വലിയ ഇന്നർ ഫോൾഡബിൾ ഡിസ്‌പ്ലേയും ആണ് ഈ ഐഫോണിലുള്ളത്.