Coconut Oil Price: വെളിച്ചെണ്ണ എത്ര ലിറ്റര്‍ വേണേലും വാങ്ങാലോ; കേരയ്ക്ക് വില കുറഞ്ഞു
Kerafed Reduces Coconut Oil Prices Across Pack Sizes; Check the New Rates: നാളികേരത്തിന്റെ വില പൊതുവിപണിയില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് വെളിച്ചെണ്ണ കുറയ്ക്കാന്‍ കേരഫെഡ് തീരുമാനിച്ചത്. എന്നാല്‍ കേരഫെഡിനോട് സാദൃശ്യമുള്ള പേരിലും പാക്കറ്റിലും ധാരാളം വെളിച്ചെണ്ണകള്‍ വിപണിയില്‍ എത്തുന്നുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കേരഫെഡ് പറയുന്നു.

വീണ്ടും മഴക്കാലം വന്നെത്തിയിരിക്കുന്നു, മഴക്കാലത്ത് തേങ്ങയുടെ ലഭ്യത കുറയുമ്പോള്‍ വെളിച്ചെണ്ണ വില ഉയരുന്നത് സാധാരണമാണ്. അതിനുള്ള ഒരുക്കങ്ങള്‍ എല്ലാം തന്നെ വിപണിയില്‍ ആരംഭിച്ചും കഴിഞ്ഞു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നമ്മുടെ കേരഫെഡ്. കേരഫെഡിന്റെ വെളിച്ചെണ്ണയായ കേരയുടെ വില കുറച്ചിരിക്കുകയാണ്. (Image Credit Source: Getty Images)

കേര വെളിച്ചെണ്ണ ലിറ്ററിന് 375 രൂപയില്‍ നിന്ന് 332 രൂപയായി വില കുറച്ചിരിക്കുകയാണ്. 900 മില്ലലിറ്ററിന്റെ പാക്കറ്റിന് 338 രൂപയില്‍ നിന്ന് 299 രൂപയായും മാറി. ഇനി മുതല്‍ 500 മില്ലിലിറ്ററിന്റെ പാക്കറ്റിന് നിങ്ങള്‍ വെറും 167 രൂപ കൊടുത്താല്‍ മതി, നേരത്തെ ഇത് 189 രൂപയായിരുന്നു. എല്ലാ പാക്കറ്റുകള്‍ക്കും വില കുറച്ചത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കേരഫെഡ്.

നാളികേരത്തിന്റെ വില പൊതുവിപണിയില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് വെളിച്ചെണ്ണ കുറയ്ക്കാന്‍ കേരഫെഡ് തീരുമാനിച്ചത്. എന്നാല്‍ കേരഫെഡിനോട് സാദൃശ്യമുള്ള പേരിലും പാക്കറ്റിലും ധാരാളം വെളിച്ചെണ്ണകള്‍ വിപണിയില്‍ എത്തുന്നുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കേരഫെഡ് പറയുന്നു. ഇത്തരം ബ്രാന്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്.

അതേസമയം, 300 രൂപയ്ക്കടുത്താണ് വിപണിയില്‍ മറ്റ് വെളിച്ചെണ്ണ ലിറ്ററിന് വില. 190 നും 210നും ഇടയിലാണ് വെളിച്ചെണ്ണയുടെ ചില്ലറ വില്‍പന നടക്കുന്നത്. വെളിച്ചെണ്ണ ക്വിന്റലിന് 17,500 മുതല്‍ 18,200 രൂപയോളം വില ഈടാക്കുന്നു. കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റം മൂലം വെളിച്ചെണ്ണ വില വീണ്ടും 400 ലേക്കും 500 ലേക്കും എത്താന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

ഓണം വന്നെത്താന്‍ ഇനി രണ്ട് മാസങ്ങള്‍ മാത്രമാണുള്ളത്. ഉത്സവകാലങ്ങളില്‍ വെളിച്ചെണ്ണയുടെ ഉപയോഗം വര്‍ധിക്കുന്നത് വില വര്‍ധനവിന് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ ഓണം പ്രമാണിച്ച് വില വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യത. മില്ലുടമകള്‍ കൊപ്ര വലിയ അളവില്‍ ശേഖരിച്ച് വെക്കാനും ഉടന്‍ തന്നെ ആരംഭിക്കും. എന്നാല്‍ കൃത്രിമമായ വിലക്കയറ്റം കര്‍ഷകര്‍ സൃഷ്ടിച്ചില്ലെങ്കില്‍ വെളിച്ചെണ്ണ വില നിയന്ത്രണവിധേയമായിരിക്കും.