Rusk Ice Cream: റസ്ക് വെച്ച് ഐസ്ക്രീമോ? അതും ഇത്ര എളുപ്പത്തിൽ!; ഇതാ കിടിലൻ റെസിപ്പി
Homemade Ice Cream With Rusk: എന്നും റസ്ക് കഴിച്ച് മടുത്തവരാണെങ്കിൽ അതുപയോഗിച്ച് കട്ലറ്റ് മാത്രമല്ല വേറെയും ചിലതുണ്ടാക്കാം. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചികരവും ക്രീമിയുമായ ഐസ്ക്രീം ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. വിരുന്നുകാർ വരുമ്പോഴോ കുട്ടികൾക്കോ പെട്ടെന്ന് ഉണ്ടാക്കികൊടുക്കാൻ പറ്റിയ ഈ സിംപിൾ റസ്ക് ഐസ്ക്രീം റെസിപ്പി എങ്ങനയെന്ന് നോക്കാം. റസ്ക് കൊണ്ടുണ്ടാക്കിയതാണെന്ന് ആരും പറയില്ല.

വൈകിട്ട് നാലുമണി ചായക്കൊപ്പം കഴിക്കാൻ വാങ്ങിയ റസ്ക് പാത്രത്തിൽ ബാക്കിയുണ്ടോ? എന്നും റസ്ക് കഴിച്ച് മടുത്തവരാണെങ്കിൽ അതുപയോഗിച്ച് കട്ലറ്റ് മാത്രമല്ല വേറെയും ചിലതുണ്ടാക്കാം. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചികരവും ക്രീമിയുമായ ഐസ്ക്രീം ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. വിരുന്നുകാർ വരുമ്പോഴോ കുട്ടികൾക്കോ പെട്ടെന്ന് ഉണ്ടാക്കികൊടുക്കാൻ പറ്റിയ ഈ സിംപിൾ റസ്ക് ഐസ്ക്രീം റെസിപ്പി എങ്ങനയെന്ന് നോക്കാം. (Image Credit Source: Getty Images)

ആവശ്യമായ ചേരുവകൾ: റസ്ക്- 6 - 8 എണ്ണം, പാൽ: 2 കപ്പ് നല്ല കട്ടിയുള്ള പാൽ, പഞ്ചസാര: ½ കപ്പ് നിങ്ങളുടെ മധുരത്തിനനുസരിച്ച്, ഫ്രഷ് ക്രീം: ½ കപ്പ് അല്ലെങ്കിൽ 2 ടേബിൾസ്പൂൺ പാൽപ്പൊടി, വാനില എസ്സെൻസ്: 1 ടീസ്പൂൺ, ഡ്രൈ ഫ്രൂട്ട്സ് അണ്ടിപ്പരിപ്പ്, ബദാം, പിസ്ത: അലങ്കരിക്കാൻ ആവശ്യത്തിന് എന്നിവയാണ് ഈ സിമ്പിൾ ഐസ്ക്രീം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഇവ എങ്ങനെ തയ്യാറാക്കാമെന്ന് പരിശോധിക്കാം.

തയ്യാറാക്കുന്ന വിധം: ആദ്യം റസ്ക് ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കാൻ വെക്കുക. പാൽ തിളച്ചു വരുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. പഞ്ചസാര നന്നായി അലിഞ്ഞതിന് ശേഷം തീ കുറച്ചുവെക്കണം. എന്നിട്ട് തയ്യാറാക്കി വെച്ചിരിക്കുന്ന റസ്ക് പൊടി പാലിലേക്ക് ചേർത്ത് കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക. മിശ്രിതം പെട്ടെന്ന് കട്ടിയായി വരും.

റസ്ക് മിശ്രിതം കുറുക്കി എടുത്ത ശേഷം അടുപ്പിൽ നിന്ന് മാറ്റി പൂർണ്ണമായും തണുക്കാൻ വെക്കുക. തണുത്ത മിശ്രിതം മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് ഫ്രഷ് ക്രീമും വാനില എസ്സെൻസും ചേർത്ത് 1-2 മിനിറ്റ് നന്നായി അടിച്ചെടുക്കുക. ഇങ്ങനെ അടിക്കുമ്പോൾ ഐസ്ക്രീമിന് നല്ല സാഫ്റ്റ്‌നെസ്സും ക്രീമി ടെക്സ്ചറും നൽകും. വേണമെങ്കിൽ അല്പം ഏലക്ക് പൊടി ചേർക്കാവുന്നതാണ്.

ഈ മിശ്രിതം ഒരു എയർടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റി, മുകളിൽ കുറച്ച് ഡ്രൈ ഫ്രൂട്ട്സ് വിതറി അടച്ച് 6 മുതൽ 8 മണിക്കൂർ വരെ ഫ്രീസറിൽ വെക്കുക. ശേഷം പുറത്തെടുക്കുമ്പോൾ നല്ല അടിപൊളി ക്രീമി റസ്ക് ഐസ്ക്രീം റെഡിയായിട്ടുണ്ടാകും. നന്നായി തണുത്ത ഇത് കട്ട് ചെയ്ത് തണുപ്പോടെ കഴിച്ചു നോക്കൂ, റസ്ക് കൊണ്ടുണ്ടാക്കിയതാണെന്ന് ആരും പറയില്ല.