വെരിക്കോസ് വെയിൻ: പുരുഷന്മാർ ഈ രോഗലക്ഷണങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
Early Symptoms and Risks of Varicose Veins in Men: ജനസംഖ്യയിൽ വലിയൊരു ശതമാനം ആളുകളിലും കാണപ്പെടുന്ന വെരിക്കോസ് വെയിൻ സ്ത്രീകളിൽ മാത്രം വരുന്ന രോഗമാണെന്നത് തികച്ചും തെറ്റിദ്ധാരണയാണ്. അറുപത് വയസ്സ് കഴിഞ്ഞ നാൽപ്പത് ശതമാനം പുരുഷന്മാരിലും ഈ രോഗം സാധാരണമായി കണ്ടുവരുന്നുണ്ട്. പലപ്പോഴും ആളുകൾ ഈ അസുഖത്തെ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ കൃത്യമായ ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയാണിത്.

രക്തം മുകളിലേക്ക് പമ്പ് ചെയ്യാൻ കാലുകളിലെ ഞരമ്പുകൾക്ക് കഴിയാതെ വരുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ഞരമ്പുകളിലെ വാൽവുകൾക്ക് ബലക്ഷയം സംഭവിക്കുമ്പോൾ രക്തം മുകളിലേക്ക് പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുന്നു. ഇതുമൂലം കാലുകളിലെ ഞരമ്പുകൾ തടിച്ചുവീർത്ത് വളയുകയും ചർമ്മത്തിന് പുറത്തേക്ക് തെളിഞ്ഞുകാണുകയും ചെയ്യുന്നു. പുരുഷന്മാരിൽ പ്രധാനമായും കണങ്കാലുകൾക്ക് മുകളിലായാണ് ഈ പ്രശ്നം വളരെ കൂടുതലായി രൂപപ്പെടുന്നത്. (Image Credit Source - Getty Images)

കാലുകളിലെ ഞരമ്പുകൾ തടിച്ചുവീർക്കുന്നതിന് പുറമെ കഠിനമായ വേദന, കാലിന് ഭാരം തോന്നുക, കണങ്കാലിൽ നീര് വരിക, ചർമ്മത്തിൻ്റെ നിറം മാറുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പുരുഷന്മാർ പലപ്പോഴും തുടക്കത്തിലെ ഈ ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. പുരുഷന്മാർ ഈ ലക്ഷണങ്ങളെ വെരിക്കോസ് വെയിനുമായി ബന്ധപ്പെടുത്തി ചിന്തിക്കാത്തതിനാൽ പലപ്പോഴും രോഗം മൂർച്ഛിക്കാൻ ഇത് കാരണമാകുന്നു.

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ ഈ ഞരമ്പുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകാൻ വരെ സാധ്യതയുണ്ട്. ചികിത്സ വൈകുന്തോറും കാലുകളിൽ ഉണങ്ങാൻ പ്രയാസമുള്ള വലിയ വ്രണങ്ങൾ രൂപപ്പെടാൻ കാരണമാകും. കൂടാതെ, കാലുകളിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന ഡീപ്പ് വെയിൻ ത്രോംബോസിസ് പോലെയുള്ള ഗുരുതരമായ രോഗങ്ങളുടെ ഒരു പ്രധാന സൂചന കൂടിയാണിത്.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ കൃത്യമായ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രക്തയോട്ടം പരിശോധിക്കാനും തകരാറിലായ വാൽവുകൾ കണ്ടെത്താനും സഹായിക്കുന്ന വെയിൻ ഡ്യൂപ്ലെക്സ് അൾട്രാസൗണ്ട് സ്കാനിംഗ് വഴിയാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. നിലവിൽ വളരെ ലളിതമായ ചികിത്സാ രീതികൾ ഇതിനായി ലഭ്യമാണ്.

രോഗം വരാതെ തടയുന്നതിന് ശരീരഭാരം കൃത്യമായി നിലനിർത്തേണ്ടതും കാലുകളിലെ പേശികൾക്ക് കരുത്ത് നൽകേണ്ടതും അത്യാവശ്യമാണ്. കാലുകളിലെ കാഫ് മസിലുകളാണ് രക്തം മുകളിലേക്ക് പമ്പ് ചെയ്യാൻ സഹായിക്കുന്നത്. അതിനാൽ തുടർച്ചയായി ഒരേ ഇരിപ്പ് ഇരിക്കുന്നതും ദീർഘനേരം നിൽക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക. കൂടാതെ സ്ഥിരമായി വ്യായാമം ചെയ്യുന്നത് വെരിക്കോസ് വെയിൻ വരാനുള്ള സാധ്യതകൾ കുറയ്ക്കാൻ സഹായിക്കും