‘ഞങ്ങള്‍ക്കുമുണ്ട് സ്വകാര്യ ജീവിതം’; മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷമി
Mohammed Shami accuses media of creating fake controversies: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. വിവാദ റിപ്പോർട്ടുകൾ നൽകി മാധ്യമപ്രവർത്തകർ തന്നെ ആവർത്തിച്ച് കുഴപ്പത്തിലാക്കുന്നുവെന്ന് ഷമി ആരോപിച്ചു. തന്റെ പേരുമായി വാർത്തകൾ ബന്ധിപ്പിച്ച് മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഷമി.

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. വിവാദ റിപ്പോർട്ടുകൾ നൽകി മാധ്യമപ്രവർത്തകർ തന്നെ ആവർത്തിച്ച് കുഴപ്പത്തിലാക്കുന്നുവെന്ന് ഷമി ആരോപിച്ചു. തന്റെ പേരുമായി വാർത്തകൾ ബന്ധിപ്പിച്ച് മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി (Image Credit Source: PTI).

"നിങ്ങൾ (മാധ്യമങ്ങൾ) എപ്പോഴും എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നുണ്ട്. നിങ്ങൾ അത് ആസ്വദിക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങൾ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട് എന്ന കാര്യം ഞാൻ അംഗീകരിക്കുന്നു, എന്നാൽ ആരും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കരുത് എന്നത് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമാണ്"-ഷമി പറഞ്ഞു.

ശരിയായ കാര്യം മാത്രം പറയുക. തങ്ങള്‍ കളിക്കാരാണ്. തങ്ങള്‍ക്കും ഒരു വ്യക്തിജീവിതമുണ്ട്. തങ്ങള്‍ക്കും തെറ്റുകള്‍ പറ്റാം. താന്‍ ആരോടും മോശമായി പെരുമാറാറില്ല. ചിലപ്പോഴൊക്കെ തനിക്കും സംയമനം നഷ്ടപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെതിരായ എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല. പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ന് താന്‍ ഈ ചോദ്യം നേരിടുന്നതും, ശ്രദ്ധിക്കപ്പെടുന്നതും ബംഗാള്‍ ടീം മൂലമാണ്. ബംഗാളിനായി കളിച്ചുകൊണ്ട് തന്നെ വിരമിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഏത് തലത്തിലാണ് കളിക്കുന്നത് എന്നത് പ്രധാനമല്ല. ആത്മാർത്ഥതയും കഠിനാധ്വാനവും ഉള്ളവരായിരിക്കണം. അതാണ് ഒരു കളിക്കാരന്റെ കയ്യിലുള്ള ഏക കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭുവനേശ്വര്‍ കുമാര്‍ തിരിച്ചുവന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ പ്രകടനം പരിഗണിച്ചാല്‍ ഭുവനേശ്വര്‍ നേരത്തെ തന്നെ തിരിച്ചുവരവ് നടത്തേണ്ടതായിരുന്നുവെന്ന് ഷമി അഭിപ്രായപ്പെട്ടു. ഇക്കാര്യം താന്‍ പലതവണ പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് ഷമി പറഞ്ഞു. 2025 മാര്‍ച്ചിനുശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല.