Ultraviolette X-47 Venom : 343 കിലോമീറ്റർ റേഞ്ച്, വില 2.65 ലക്ഷം, അൾട്രാവയലറ്റ് X-47 വെനം എത്തി
വീണ്ടും വിപണയിൽ അൾട്രാവയലറ്റ് മാജിക്. അൾട്രാവയലറ്റ് (Ultraviolette) തങ്ങളുടെ X-47 വെനം (X-47 Venom) ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. അൾട്രാവയലറ്റിന്റെ തങ്ങളുടെ പുതിയ VX-100 100V ആർക്കിടെക്ചറിൽ നിർമ്മിച്ച ആദ്യത്തെ മോട്ടോർസൈക്കിളാണ് X-47 വെനം. കമ്പനിയുടെ ഇനി വരുന്ന മോഡലുകളും ഈ പുതിയ ഫ്ലാറ്റ് ഫോമിലായിരിക്കും നിരത്തിലെത്തുക.

വാഹനത്തിന്റെ പെർഫോമൻസ് വർദ്ധിപ്പിക്കുന്നതിനൊപ്പം ബോഡി വെയ്റ്റ് കുറയ്ക്കുന്നതിനുമായി ബാറ്ററി, മോട്ടോർ, കൺട്രോളർ എന്നിവയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ഈ പ്ലാറ്റ്‌ഫോം ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വാഹനത്തിന് 180 കിലോഗ്രാം ഭാരമാണുള്ളത്. മുൻ മോഡലിനെ അപേക്ഷിച്ച് ഇതിന് 20 കിലോഗ്രാം വരെ കുറവാണ്. ( Image Credit Source Ultraviolette Website)

പുതിയ ബാറ്ററി പാക്കിന് 15 ശതമാത്തോളമാണ് ഭാരം കുറഞ്ഞിരിക്കുന്നത്. അതേ സമയം 25 ശതമാനം കൂടുതൽ എനർജി ഡെൻസിറ്റിയും വാഹനത്തിന് ഉണ്ട്. കൂടാതെ, പഴയ റേഡിയൽ കൂളിംഗ് സംവിധാനത്തിന് പകരം ആക്സിയൽ കൂളിംഗ് സിസ്റ്റമാണ് ഈ പുതിയ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച കൂളിംഗ് പെർഫോമൻസ് ആണ് നൽകുന്നത്.

അൾട്രാവയലറ്റ് X-47 വെനത്തിന് ആദ്യത്തെ 5,000 യൂണിറ്റുകൾക്ക് 2.65 ലക്ഷം രൂപയാണ് ആമുഖ വിലയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇത് കഴിഞ്ഞുള്ളവയ്ക്ക് വില 3 ലക്ഷം രൂപയിൽ ആരംഭിക്കുന്നതാണ്. വാഹനത്തിന്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിച്ചുണ്ട്. 2026 നവംബർ മാസത്തിലാകും വാഹനങ്ങളുടെ ഡെലിവറി തുടങ്ങുക.

X-47 വെനം, 7 kWh, 11 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളിൽ ലഭ്യമാവുക. IDC മാനദണ്ഡപ്രകാരം 11 kWh മോഡലിന് 343 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ, 7 kWh ബാറ്ററി പാക്കുള്ള ബേഡ് മോഡലിന്റെ റേഞ്ച് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

വാഹനത്തിലെ മോട്ടർ ഏകദേശം 40 bhp കരുത്തും വീൽ ഔട്ട് പുട്ടിൽ 550 Nm ടോർക്കും നൽകുന്നു. 2.7 സെക്കൻഡിൽ 0-60 kmph വേഗതയും, 5.9 സെക്കൻഡിൽ 0-100 kmph വേഗതയും കൈവരിക്കാൻ വാഹനത്തിനാകുമെന്ന് അൾട്രാവയലറ്റ് (Ultraviolette) അവകാശപ്പെടുന്നു. പരമാവധി വേഗത 155 kmph ആണ്.