Share Market: ഓഹരി വിപണിയിലെ പ്രധാനികൾ! എന്താണ് സെൻസെക്‌സും നിഫ്റ്റിയും?
What is Sensex and Nifty : എന്താണ് യഥാർത്ഥത്തിൽ ഈ സെൻസെക്‌സും നിഫ്റ്റിയും? വിപണി ഇന്ന് ഉയർന്നോ താഴേക്കാണോ പോയത് എന്ന് തീരുമാനിക്കുന്നത് ഈ സൂചികകൾ നോക്കിയാണ്. വിപണി മൊത്തത്തിൽ ലാഭത്തിലാണോ നഷ്ടത്തിലാണോ എന്ന് ഒറ്റനോട്ടത്തിൽ അറിയാൻ ഇവ സഹായിക്കുന്നു.

ഓഹരി വിപണിയെക്കുറിച്ച് കേൾക്കുമ്പോഴൊക്കെ നമ്മൾ സ്ഥിരമായി കേൾക്കുന്ന രണ്ട് വാക്കുകളാണ് 'സെൻസെക്‌സ്' (Sensex), 'നിഫ്റ്റി' (Nifty) എന്നിവ. വിപണി ഇന്ന് ഉയർന്നോ താഴേക്കാണോ പോയത് എന്ന് തീരുമാനിക്കുന്നത് ഈ സൂചികകൾ നോക്കിയാണ്. എന്നാൽ എന്താണ് യഥാർത്ഥത്തിൽ ഈ സെൻസെക്‌സും നിഫ്റ്റിയും? പരിശോധിച്ചാലോ... (Image Credit source: Getty Images)

ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെയെല്ലാം പ്രകടനം ഒറ്റയടിക്ക് അളക്കാൻ സാധിക്കില്ല. അതിനായി വിപണിയിലെ പ്രധാനപ്പെട്ട കമ്പനികളുടെ പ്രകടനം മാത്രം തത്സമയം നിരീക്ഷിച്ച് വിപണിയുടെ പൊതുവായ ദിശ കാണിക്കുന്ന അളവുകോലുകളാണ് സൂചികകൾ അഥവാ ഇൻഡക്സുകൾ എന്ന് പറയുന്നത്. ഇതിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന സൂചികയാണ് സെൻസെക്‌സ്.

ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ആയിരക്കണക്കിന് കമ്പനികളിൽ നിന്ന് ഏറ്റവും വലിയ 30 മുൻനിര കമ്പനികളുടെ പ്രകടനമാണ് സെൻസെക്‌സിൽ കണക്കാക്കുന്നത്. ഈ 30 കമ്പനികളുടെ ഓഹരി വിലകൾ ഉയരുമ്പോൾ സെൻസെക്‌സ് ഉയരുകയും, അവ താഴേക്ക് പോകുമ്പോൾ സെൻസെക്‌സ് ഇടിയുകയും ചെയ്യുന്നു.

അതുപോലെ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (NSE) പ്രധാന സൂചികയാണ് നിഫ്റ്റി. എൻ.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വിവിധ മേഖലകളിലെ 50 മുൻനിര കമ്പനികളുടെ പ്രകടനമാണ് നിഫ്റ്റി 50 അളക്കുന്നത്. സെൻസെക്‌സിനെപ്പോലെ തന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും പ്രധാന കമ്പനികളുടെയും പ്രതിഫലനമാണ് നിഫ്റ്റിയും.

വിപണി മൊത്തത്തിൽ ലാഭത്തിലാണോ നഷ്ടത്തിലാണോ എന്ന് ഒറ്റനോട്ടത്തിൽ അറിയാൻ ഇവ സഹായിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികൾ എങ്ങനെയെല്ലാമാണ് പ്രകടനം നടത്തുന്നതെന്ന് മനസ്സിലാക്കി തരുന്നു. (നിരാകരണം: ഓഹരിവിപണിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)