Stress Eating: സ്ട്രെസ് കൂടുമ്പോൾ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? പിന്നിലെ യഥാർത്ഥ കാരണം ഇതാണ്!
Is 'Stress Eating' Real? How Your Brain Tricks You Into Ordering Unhealthy Food: സ്ട്രെസ് നമ്മൾ പോലും അറിയാതെ നമ്മുടെ ഭക്ഷണരീതികളെ വലിയ രീതിയിൽ മാറ്റിമറിക്കാറുണ്ട്. ചില ആളുകൾക്ക് കടുത്ത സ്ട്രെസ് അനുഭവപ്പെടുമ്പോൾ വിശപ്പ് പൂർണ്ണമായും ഇല്ലാതാകും. എന്നാൽ മറ്റു ചിലർക്കാവട്ടെ ഭക്ഷണങ്ങളോട് അടങ്ങാത്ത ആസക്തി തോന്നാം. അതും അനാരോഗ്യകരമായ ഭക്ഷണങ്ങളോട്. തലച്ചോറിലെ വിശപ്പുമായി ബന്ധപ്പെട്ട സിഗ്നലുകളിൽ സ്ട്രെസ് വരുത്തുന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.

നമ്മുടെ ശരീരത്തിലെ കോർട്ടിസോൾ എന്ന ഹോർമോണാണ് ഈ മാറ്റങ്ങളിൽ ഏറ്റവും നിർണായക പങ്ക് വഹിക്കുന്നത്. പെട്ടെന്നുള്ള പ്രതിസന്ധികളെ നേരിടാൻ ഈ ഹോർമോൺ ഗ്ലൂക്കോസ് വഴി ശരീരത്തിന് ഊർജ്ജം നൽകുന്നു. എന്നാൽ സ്ട്രെസ് ഏറെനാൾ നീണ്ടുനിൽക്കുമ്പോൾ കോർട്ടിസോളിൻ്റെ അളവ് സ്ഥിരമായി വർധിക്കുകയും, ഇത് മധുരവും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുകയാണ് ചെയ്യുക. . (Image Credit source: Unsplash)

തലച്ചോറിലെ ഡോപാമൈൻ സിഗ്നലുകളെ സ്വാധീനിക്കാനും കടുത്ത സ്ട്രെസിന് വളരെ എളുപ്പത്തിൽ കഴിയും. നമ്മൾ മാനസികമായി വല്ലാതെ തളർന്നിരിക്കുന്ന സമയത്ത് ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് താൽക്കാലികമായ ഒരു ആശ്വാസവും സന്തോഷവും നൽകുന്നു. സ്ട്രെസ് നമ്മളെ നേരിട്ട് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നില്ല. എന്നാൽ, പ്രിയപ്പെട്ട ഭക്ഷണങ്ങൾ നൽകുന്ന സന്തോഷം ഇത്തരം മോശം സാഹചര്യങ്ങളിൽ ആളുകൾക്ക് വളരെ ആശ്വാസമായി തോന്നും.

കടുത്ത മാനസിക സമ്മർദ്ദം തലച്ചോറിലെ കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിനെയും സാരമായി തന്നെ ബാധിക്കും. ഇത്തരം സമയങ്ങളിൽ പെട്ടെന്നുള്ള സന്തോഷം നൽകുന്ന കാര്യങ്ങളിലേക്കാകും തലച്ചോർ എപ്പോഴും കൂടുതൽ ശ്രദ്ധ നൽകുക. ആരോഗ്യകരമായ കൃത്യമായൊരു ഡയറ്റ് പ്ലാൻ മനസ്സിൽ ഉണ്ടെങ്കിൽ പോലും, കടുത്ത സ്ട്രെസുള്ള ഒരു ദിവസത്തിന് ശേഷം നമ്മൾ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നത് ഇതുകൊണ്ടാണ്.

സ്ട്രെസ് കാരണം രാത്രിയിൽ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് അടുത്ത ദിവസത്തെ നിങ്ങളുടെ വിശപ്പിനെയും ബാധിക്കും. ഉറക്കമില്ലായ്മ ശരീരത്തിലെ വിശപ്പുമായി ബന്ധപ്പെട്ട ഹോർമോണുകളിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്തുകയും, ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ 'സ്ട്രെസ് ഈറ്റിംഗ്' എന്നത് കേവലം ഒരു തോന്നൽ മാത്രമല്ല. ആളുകൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, എന്നിവയെല്ലാം ഒന്നിച്ച് ചേരുമ്പോഴാണ് യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിക്കുന്നത്. അതേസമയം, ചില ആളുകളിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങൾ അവരുടെ വിശപ്പിനെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനും കാരണമാകാറുണ്ട്..