New ICC World Cup Formats: സൂപ്പർ 7-ഉം എലിമിനേറ്ററുകളും! ഏകദിന, ട്വന്റി-20 ലോകകപ്പുകളുടെ ഫോർമാറ്റ് മാറ്റിമറിച്ച് ഐസിസി
ICC approves format changes for men's ODI & T20 world cups: പ്രധാന പുരുഷ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ഫോര്‍മാറ്റില്‍ മാറ്റം വരുത്താനൊരുങ്ങി ഐസിസി. ഏകദിന, ടി20 ലോകകപ്പുകളുടെ ഫോര്‍മാറ്റിലാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്. 2028-ലെ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി അസോസിയേറ്റ് രാജ്യങ്ങൾക്കായി ഒരു പുതിയ ആഗോള മത്സരവും ഐസിസി പ്രഖ്യാപിച്ചു.

പ്രതീകാത്മക ചിത്രം
പ്രധാന പുരുഷ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ഫോര്‍മാറ്റില്‍ മാറ്റം വരുത്താനൊരുങ്ങി ഐസിസി. ഏകദിന, ടി20 ലോകകപ്പുകളുടെ ഫോര്‍മാറ്റിലാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്. 2028-ലെ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി അസോസിയേറ്റ് രാജ്യങ്ങൾക്കായി ഒരു പുതിയ ആഗോള മത്സരവും ഐസിസി പ്രഖ്യാപിച്ചു. എഡിൻബർഗിൽ നടന്ന ഐസിസി ബോർഡിന്റെ വാർഷിക യോഗങ്ങളിലാണ് ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാർശകളെത്തുടർന്ന് ഈ തീരുമാനങ്ങളെടുത്തത്. മത്സര നിലവാരം മെച്ചപ്പെടുത്തുക, മികച്ച കായികാനുഭവം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പരിഷ്‌കാരങ്ങളിലേക്ക് നയിച്ചത്.
ഏകദിന ലോകകപ്പിന് പുതിയ ഫോർമാറ്റ്
ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ 14 ടീമുകൾ തന്നെയായിരിക്കും മാറ്റുരയ്ക്കുകയെങ്കിലും, നോക്കൗട്ട് റൗണ്ടുകൾക്ക് മുമ്പ് മൂന്ന് ഘട്ടങ്ങളുള്ള ഫോര്‍മാറ്റ് നടപ്പിലാക്കും. പുതിയ തീരുമാനപ്രകാരം,യോഗ്യത നേടിയ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള മൂന്ന് ടീമുകൾ (ടീം 12, 13, 14) ആദ്യം റൗണ്ട് റോബിൻ രീതിയിലുള്ള ‘സൂപ്പർ സീരീസിൽ’ മത്സരിക്കും.
ഇതിൽ വിജയിക്കുന്ന ടീം ബാക്കിയുള്ള 11 ടീമുകൾക്കൊപ്പം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. രണ്ടാം റൗണ്ടിൽ ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ടാകും. ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം മത്സരിക്കുന്ന റൗണ്ട് റോബിൻ ഘട്ടമായിരിക്കും ഇത്.
ഓരോ ഗ്രൂപ്പിലെയും മികച്ച മൂന്ന് ടീമുകളും, അതോടൊപ്പം ഇരു ഗ്രൂപ്പുകളിലുമായി അടുത്ത ഏറ്റവും മികച്ച സ്ഥാനത്തെത്തുന്ന ഒരു ടീമും ചേർന്ന് ‘സൂപ്പർ 7’ ഘട്ടത്തിലേക്ക് മുന്നേറും.ഏഴ് ടീമുകൾ പങ്കെടുക്കുന്ന സിംഗിൾ റൗണ്ട് റോബിൻ മത്സരങ്ങളായിരിക്കും സൂപ്പർ 7-ൽ സംഘടിപ്പിക്കുന്നത്.
ഇതിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും. സെമിയിൽ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരുമായും, രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരുമായും ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവർ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടും.
ട്വന്റി-20 ലോകകപ്പിൽ
20 ടീമുകൾ പങ്കെടുക്കുന്ന ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലും മാറ്റങ്ങള്‍ നടപ്പിലാക്കും. നാല് ഗ്രൂപ്പുകളിലായി അഞ്ച് ടീമുകൾ എന്ന നിലവിലുള്ള രീതിക്ക് പകരം ഇനി മുതൽ നാല് ടീമുകൾ വീതമുള്ള അഞ്ച് ഗ്രൂപ്പുകളാണുണ്ടാവുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും.
സൂപ്പർ 10 ഘട്ടത്തിൽ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും. ഓരോ ഗ്രൂപ്പിലും ഒന്നാം സ്ഥാനത്തെത്തുന്ന ടീം നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. തുടർന്ന്, ഓരോ ഗ്രൂപ്പിലും രണ്ടാം സ്ഥാനത്തെത്തുന്ന ടീമുകൾ എതിർ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുമായി രണ്ട് എലിമിനേറ്റർ മത്സരങ്ങളിൽ ഏറ്റുമുട്ടും. ഈ മത്സരങ്ങളിൽ വിജയിക്കുന്നവരും സെമിയിലെത്തും.
2028-ലെ പുരുഷ ട്വന്റി-20 ലോകകപ്പിനുള്ള യോഗ്യതാ രീതിക്കും ഐസിസി അംഗീകാരം നൽകി. 2026-ലെ ടൂർണമെന്റിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്കോട്ട്ലൻഡിന് യൂറോപ്പ് റീജണൽ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
English Summary
The ICC approved major format changes for the Men’s ODI and T20 World Cups. A new global competition will be introduced for associate cricket nations. The 14-team ODI World Cup will feature a new three-stage format. The 20-team T20 World Cup will expand to a Super 10 stage with eliminators.