India vs Afghanistan : അയ്യർ തന്നെ നയിക്കും! സഞ്ജു തിരികെയെത്തി; അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു
IND vs AFG Team India Squad : തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണിന് പുറമെ ഇഷാൻ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പർ താരം. സ്ക്വാഡിൽ ഉൾപ്പെട്ട നാല് താരങ്ങൾ ഫിറ്റ്നെസ് തെളിയിക്കുകയും വേണം. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെയുള്ളത്.

Sanju Samson
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശ്രയസ് അയ്യർ നയിക്കുന്ന സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ താരമായിട്ടാണ് സഞ്ജുവിന് സ്ക്വാഡിൽ തിരികെയെത്തിയിരിക്കുന്നത്. സഞ്ജുവിനെ പോലെ പേസർ ജസ്പ്രിത് ബുമ്രയും സ്ക്വാഡിലേക്ക് തിരികെയെത്തി. എന്നാൽ ബുമ്ര ഉൾപ്പെടെ പരിക്കിൻ്റെ ഭീതിയിലുള്ള നാല് താരങ്ങളാണ് സ്ക്വാഡിൽ ഇടം നേടിട്ടുള്ളത്. ഇവർ ഫിറ്റ്നെസ് തെളിയിച്ചാൽ മാത്രമെ ടീമിനൊപ്പം ചേരൂ. കൗമാര താരം വൈഭവ് സൂര്യവംശിയും സീനിയർ ടീമിൽ ഇടം നേടി.
തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുവിന് പുറമെ ഇഷാൻ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ. ഓപ്പണിങ്ങിലേക്ക് സഞ്ജുവിനും സൂര്യവംശിക്കും പുറമെ അഭിഷേക ശർമയും ഇടം നേടിട്ടുണ്ട്. മിഡിൽ ഓർഡറിലേക്ക് തിലക് വർമയ്ക്കും ഇഷാൻ കിഷനും പുറമെ ശിവം ദൂബെയെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിതീഷ് കുമാർ റെഡ്ഡിയും അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറുമാണ് ഓൾറൗണ്ടർമാരായി സ്ക്വാഡിലേക്കെത്തിയിരിക്കുന്നത്. ഇതിൽ നിതീഷ് കുമാറും സുന്ദറും പരിക്കിൻ്റെ ഭീതിയിലായിരുന്നതിനാൽ ഫിറ്റ്നെസ് തെളിയിക്കേണ്ടിയിരിക്കുന്നു. ഇരുവർക്കും പുറമെ പേസർമാരായ ജസ്പ്രിത് ബുമ്രയും ഹർഷിത് റാണയും ഫിറ്റ്നെസ് തെളിയിച്ചാൽ മാത്രമെ സ്ക്വാഡിൽ ഇടം നേടൂ. ബുമ്രയ്ക്കും റാണയ്ക്കും പുറമെ അർഷ്ദീപ് സിങ്ങാണ് സ്ക്വാഡിൽ ഇടം നേടിയ മറ്റൊരു പേസർ. വരുൺ ചക്രവർത്തിയും രവി ബിഷ്നോയിയുമാണ് സ്ക്വാഡിലെ സ്പിന്നർമാർ.
സഞ്ജുവിന് നിർണായകം
ടി20 ലോകകപ്പിന് ശേഷം കളിച്ച് അഞ്ച് മത്സരങ്ങളിൽ സഞ്ജുവിന് ഭേദപ്പെട്ട പ്രകടനം പോലും പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം ആദ്യമായി അയർലൻഡിനെതിരെയുള്ള ഇറങ്ങിയ താരം അമ്പേ നിരാശപ്പെടുത്തിയിരുന്നു. തുടർന്ന് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20യിലും നിറം മങ്ങിയതോടെ സഞ്ജുവിനെ പുറത്തിരുത്തി പകരം കൗമാര താരം വൈഭവ് സൂര്യവംശിയെ ടീം മാനേജ്മെൻ്റ് ഓപ്പണിങ് ഇറക്കി. അവസരം മുതലെടുക്കാൻ സൂര്യവംശിക്ക് സാധിക്കാതെ വന്നതോടെ സഞ്ജു വീണ്ടും പ്ലേയിങ് ഇലവനിലേക്കെത്തി. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും സഞ്ജുവിന് ആകെ നേടാനായത് 33 റൺസ് മാത്രമാണ്. പിന്നാലെ സിംബാബ്വെയ്ക്കെതിരെ നടന്ന പരമ്പരയിൽ നിന്നും സഞ്ജുവിനെ ബിസിസിഐ ഒഴിവാക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡ്
ശ്രയസ് അയ്യർ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദൂബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്നോയി, ജസ്പ്രിത് ബുമ്ര, അർഷ്ദീവ് സിങ്, ഹർഷിത് റാണ
മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെയുള്ളത്. സെപ്റ്റംബർ 13, 15, 17 തീയതികളിലായി ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
English Summary
BCCI Announced Team Squad For T20I Series Against Afghanistan. Sanju Samson Returns To Squad Which Lead By Shreyas Iyer