Sanju Samson: സഞ്ജുവും വൈഭവും ഓപ്പണര്‍മാര്‍; അഭിഷേക് പുറത്ത്? അഫ്ഗാന്‍ പരമ്പരയിലെ സാധ്യതാ ഇലവന്‍
Sanju Samson likely to make it to the playing XI for the 1st T20 against Afghanistan : തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും അഭിഷേക് ശര്‍മയ്ക്ക് അവസരങ്ങള്‍ ലഭിച്ചുകൊണ്ടേയിരുന്നു. സഞ്ജു സാംസണും, അഭിഷേകിനും രണ്ട് നീതിയാണെന്നാണ് ആരാധകരുടെ വിമര്‍ശനം.

Sanju Samson and Abhishek Sharma
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലെത്താന്‍ സാധ്യത. സഞ്ജു സാംസണെയും, വൈഭവ് സൂര്യവംശിയെയും മാനേജ്‌മെന്റ് ഓപ്പണര്‍മാരായി പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. അഭിഷേക് ശര്‍മ സമീപനാളുകളില്‍ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇത് താരത്തിന് തിരിച്ചടിയായേക്കാം. അഭിഷേക്-സഞ്ജു, അഭിഷേക്-വൈഭവ് കോമ്പോ മാനേജ്‌മെന്റ് പരീക്ഷിച്ചിട്ടുണ്ടെങ്കിലും, സഞ്ജു-വൈഭവ് കോമ്പോ പരീക്ഷിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനെതിരായ പരമ്പര ഈ പരീക്ഷണത്തിനുള്ള മികച്ച അവസരമാണ്.
എത്ര മോശം പ്രകടനം പുറത്തെടുത്താലും അഭിഷേകിന് തുടര്‍ച്ചയായി അവസരം നല്‍കുന്ന ടീം മാനേജ്‌മെന്റിന്റെ തീരുമാനം പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരങ്ങളിലും, സിംബാബ്‌വെ പര്യടനത്തിലും അഭിഷേക് നിറംമങ്ങിയിരുന്നു.
എന്നാല്‍ ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യിരുന്ന സഞ്ജുവിനെ രണ്ടോ മൂന്നോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒഴിവാക്കി. അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലുമാണ് സഞ്ജു നിരാശപ്പെടുത്തിയത്.
തുടര്‍ന്ന് സഞ്ജുവിന് പകരം പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിക്ക് ഇന്ത്യ അവസരം നല്‍കി. ഇംഗ്ലണ്ട് പര്യടനത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും, സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്. ‘പ്ലെയര്‍ ഓഫ് ദ സീരിസ്’ പുരസ്‌കാരവും വൈഭവ് സ്വന്തമാക്കി.
എന്നാല്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും അഭിഷേകിന് പിന്നെയും അവസരങ്ങള്‍ ലഭിച്ചുകൊണ്ടേയിരുന്നു. സഞ്ജുവിനും, അഭിഷേകിനും രണ്ട് നീതിയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജുവിനെ പരിഗണിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിശ്രമം നല്‍കിയതാണെന്നായിരുന്നു ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം.
സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത വൈഭവിന് അഫ്ഗാനെതിരായ പരമ്പരയിലും അവസരം ലഭിക്കാനാണ് സാധ്യത. സഞ്ജുവിനും തിരിച്ചുവരവിന് കളമൊരുങ്ങിയേക്കാം. ഇതാണ് സഞ്ജു-വൈഭവ് ഓപ്പണിങ് സഖ്യത്തിനുള്ള സാധ്യതകള്‍ ശക്തമാക്കുന്നത്. എന്നാല്‍ ടീം മാനേജ്‌മെന്റ് പുനര്‍വിചിന്തനത്തിന് ഒരുങ്ങിയില്ലെങ്കില്‍ അഭിഷേകും, വൈഭവും ഓപ്പണര്‍മാരായി തുടരുകയും, സഞ്ജു പുറത്തിരിക്കേണ്ടിയും വന്നേക്കാം.
സാധ്യതാ പ്ലേയിങ് ഇലവന്‍:
സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ (കായികക്ഷമത വീണ്ടെടുത്താല്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
ഇന്ത്യയുടെ സ്‌ക്വാഡ്:
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ. സ്‌ക്വാഡിലുണ്ടെങ്കിലും കായികക്ഷമത വീണ്ടെടുത്താല്‍ മാത്രമേ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കൂ.
സെപ്തംബര്‍ 13, 15, 1 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങള്‍ നടക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഇന്ത്യയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍ മികച്ച അവസരമാണിത്. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.
English Summary
Sanju Samson is likely to make it to the playing XI for the first T20I against Afghanistan. There is a slight possibility that Sanju and Vaibhav Sooryavanshi will be played as openers. If that happens, Abhishek Sharma, who has performed poorly in recent matches, will have to sit out. Let’s take a look at the probable playing XI.