സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി അമേരിക്ക
US Orders Non-Essential Embassy Staff to Leave Saudi Arabia Amid Escalating Houthi Strikes: തുടർച്ചയായുള്ള ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസി ജീവനക്കാർക്ക് അമേരിക്ക കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും, അതിനാൽ അടിയന്തര ചുമതലകളില്ലാത്തവർ സൗദി വിടണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ടോമി പിഗോട്ട് എക്സിലൂടെ അറിയിച്ചു

പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയിൽ യെമനിലെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ രൂക്ഷമാകുന്നു. സൗദിയുടെ തെക്കുകിഴക്കൻ മേഖലയിലുള്ള അരാംകോയുടെ ഷെയ്ബ ഓയിൽ ഫീൽഡിലും ദമ്മാമിലെ വിമാനത്താവളത്തിലുമായി ബുധനാഴ്ച നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹൂതികളുടെ നിരന്തരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, അടിയന്തര ചുമതലകളില്ലാത്ത അമേരിക്കൻ എംബസി ഉദ്യോഗസ്ഥരോടും അവരുടെ കുടുംബങ്ങളോടും ഉടൻ സൗദി അറേബ്യ വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിർദ്ദേശം നൽകി.
ഷെയ്ബ എണ്ണപ്പാടത്തിന് നേരെ വന്ന ഡ്രോൺ സൈന്യം തകർക്കുകയായിരുന്നു. എന്നാൽ ഇതിൻ്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഈ സംഭവത്തിൽ ഒരു നേപ്പാൾ പൗരനും ഫിലിപ്പീൻസ് പൗരനുമാണ് കൊല്ലപ്പെട്ടത് എന്ന് സൗദി ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു, പരിക്കേറ്റ രണ്ട് പേരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പാകിസ്ഥാൻ സ്വദേശിയുമാണ്. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് എണ്ണപ്പാടത്തെ ഒരു വാഹനത്തിന് തീപിടിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം, സമാനമായ രീതിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഒരു യെമൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. സൗദിയിലെ കപ്പൽ ഗതാഗതത്തിനും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഹൂതികൾ ശക്തമാക്കിയതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ സിവിലിയൻ മരണമായിരുന്നു അത്.
Also Read: Israel-Iran Conflict: ട്രംപിന്റെ എതിർപ്പ്; ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണപദ്ധതി മാറ്റിവെച്ചു
ഇതിന് പുറമെ, ബുധനാഴ്ച വൈകുന്നേരം കിഴക്കൻ സൗദിയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും, വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നിരന്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്.
തുടർച്ചയായുള്ള ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസി ജീവനക്കാർക്ക് അമേരിക്ക കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും, അതിനാൽ അടിയന്തര ചുമതലകളില്ലാത്തവർ സൗദി വിടണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ടോമി പിഗോട്ട് എക്സിലൂടെ അറിയിച്ചു. നിലവിൽ സൗദി അറേബ്യയിലെ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരം ഒരു നിർദ്ദേശം നൽകിയിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
Houthi drone attacks on a Saudi Aramco oil field and King Fahd International Airport killed three people and injured several others. Consequently, the US ordered non-essential embassy staff to leave.