Nepal Flash Floods: മുടിയിൽ പിടിച്ചുവലിച്ച് മൃതദേഹത്തിൽ നിന്ന് ക്രൂരമായ മോഷണം; കണ്ണീർക്കാഴ്ചകൾക്കിടയിൽ ഇരട്ടക്കുട്ടികളെ രക്ഷിച്ച് സൈന്യം-Video
Two Arrested for Stealing Gold Earrings from Corpse in Narayani River: ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി നടക്കുമ്പോൾ നിരവധി ആളുകൾ ചുറ്റുമുണ്ടായിരുന്നു. എന്നാൽ ആരും ഈ പ്രവർത്തിയെ തടയാൻ ശ്രമിച്ചില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആളുകൾ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ചിത്വാൻ പോലീസ്, മിന്നൽപ്രളയത്തിൽ പെട്ട് നാരായണി നദിയിലേക്ക് ഒഴുകിയെത്തിയ ഒരു അജ്ഞാത മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചു

മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മലുകൾ മോഷ്ടിക്കുന്ന യുവാക്കൾ
കാഠ്മണ്ഡു: ചൈന-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിന് പിന്നാലെ ദുരന്തമുഖത്ത് നിന്ന് പുറത്തുവരുന്നത് ക്രൂരമായ മോഷണത്തിൻ്റെ വാർത്ത. നാരായണി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ ഒരു സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മലുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തു. പ്രളയക്കെടുതിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് മസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരമായ സംഭവം അരങ്ങേറിയത്. മറുവശത്ത് പ്രളയം ബാധിച്ച മേഖലയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയ ഇരട്ടക്കുട്ടികളുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രളയജലത്തിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് രണ്ട് പേർ ചേർന്ന് സ്വർണ്ണക്കമ്മലുകൾ ഊരിയെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി കർശനമാക്കിയത്. 41 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ നേപ്പാൾ പോലീസും തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരുന്നു. നദിയിലൂടെ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം മുടിയിൽ പിടിച്ചുവലിച്ചും, മരത്തടികൾ ഉപയോഗിച്ചും കരയ്ക്കടുപ്പിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പിന്നാലെ ഇരുവരും ചേർന്ന് മൃതദേഹത്തിൽ നിന്നും കമ്മലുകൾ ഊരിയെടുത്ത് മാറ്റിവെക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
मृतकको कानको मुन्द्रा चोरी गर्ने व्यक्तिहरु नियन्त्रणमा लिएको सम्बन्धमा । pic.twitter.com/pnPlnQPn9j
— Nepal Police (@NepalPoliceHQ) August 27, 2026
ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി നടക്കുമ്പോൾ നിരവധി ആളുകൾ ചുറ്റുമുണ്ടായിരുന്നു. എന്നാൽ ആരും ഈ പ്രവർത്തിയെ തടയാൻ ശ്രമിച്ചില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആളുകൾ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ചിത്വാൻ പോലീസ്, മിന്നൽപ്രളയത്തിൽ പെട്ട് നാരായണി നദിയിലേക്ക് ഒഴുകിയെത്തിയ ഒരു അജ്ഞാത മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചു.
ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പോലീസ് പിടുകൂടുകയായിരുന്നു. 25 വയസ്സുകാരനായ മദൻ ഗുരുങ്, 38 വയസ്സുകാരനായ ഉമേഷ് ചൗധരി എന്നിവരാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം ദുരന്തങ്ങൾക്കിടയിൽ ഇരകളെ ലക്ഷ്യമിട്ടുള്ള മോഷണമോ മറ്റ് മനുഷ്യത്വരഹിതമായ പ്രവർത്തികളോ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം, ദുരന്തവാർത്തകൾക്കിടയിലും മനസ്സിന് ആശ്വാസം നൽകുന്ന മറ്റൊരു കാഴ്ചയും നേപ്പാളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. പ്രളയബാധിത മേഖലയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയ പിഞ്ചുകുഞ്ഞുങ്ങളായ ഇരട്ടകളെ നേപ്പാൾ സൈനികർ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ദുരന്തഭൂമിയിൽ നിന്ന് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം സൈനികർ അവർക്ക് ആവശ്യമായ പരിചരണം നൽകുന്ന ദൃശ്യങ്ങൾ ആരുടെയും കണ്ണ് നനയിക്കുന്നതാണ്.
VIDEO | Nepal floods: Rescued twin children comforted by Nepal Army personnel amid ongoing relief operations. pic.twitter.com/12fLMnjS0f
— Press Trust of India (@PTI_News) August 27, 2026
പ്രളയത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 469 കടന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. 1400-ഓളം ആളുകളെ കാണാതായെന്നാണ് വിവരം. ദുരന്തത്തിൽ കുറഞ്ഞത് 288 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പുറമെ, 200-ഓളം ഇന്ത്യക്കാർ അതിർത്തിയുടെ ചൈനീസ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
English Summary
Amid devastating Nepal flash floods that claimed over 469 lives, local police arrested two men for stealing gold earrings from a woman’s corpse swept into the Narayani River. Conversely, a heartwarming video emerged showing brave Nepal Army personnel safely rescuing and comforting twin children from the disaster-hit zone.