Eid Al Adha 2026: പെരുന്നാൾ വരുന്നു… വിപുലമായ സുരക്ഷാ-ഒരുക്കങ്ങളുമായി ഷാർജ മുൻസിപ്പാലിറ്റി; ആദ്യ 3 ദിവസം സൗജന്യ പാർക്കിംഗ്
Sharjah Announces Massive Eid Al Adha Plan: പെരുന്നാൾ നാളുകളിൽ വൻ ജനതിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള റെസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, ബേക്കറികൾ, മിഠായിക്കടകൾ എന്നിവ കേന്ദ്രീകരിച്ച് 61 പ്രത്യേക ഇൻസ്പെക്ടർമാർ പരിശോധന നടത്തും. ഭക്ഷണ പദാർത്ഥങ്ങൾ കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങളും സാങ്കേതിക നിയമങ്ങളും പാലിച്ചാണോ തയ്യാറാക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും ഇവർ ഉറപ്പുവരുത്തും.

Eid Al Adha 2026
ഷാർജ: ഈദ് അൽ അദ്ഹ പ്രമാണിച്ച് ഷാർജ എമിറേറ്റിൽ വിപുലമായ ഒരുക്കങ്ങളും സുരക്ഷാ മുൻകരുതലുകളും പ്രഖ്യാപിച്ച് ഷാർജ സിറ്റി മുൻസിപ്പാലിറ്റി. പെരുന്നാൾ കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുമായി വിപുലമായ കർമ്മപദ്ധതിയാണ് അധികൃതർ തയ്യാറാക്കിയിരിക്കുന്നത്. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർക്കിംഗ് പൂർണ്ണമായും സൗജന്യമായിരിക്കും എന്ന് മുൻസിപ്പാലിറ്റി അറിയിച്ചു. എന്നാൽ ചില മേഖലകളിൽ ഈ ഇളവ് ബാധകമായിരിക്കില്ല. ആഴ്ചയിൽ ഏഴു ദിവസവും പൊതുഅവധി ദിവസങ്ങളിലും പണം നൽകേണ്ട പാർക്കിംഗ് മേഖലകളിൽ (Blue Signboards) ഇളവ് ലഭിക്കില്ല.
കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രധാന വാണിജ്യ മേഖലകളിലുമുള്ള സ്മാർട്ട് പാർക്കിംഗ് സോണുകളിൽ ഷാർജ ഡിജിറ്റൽ പ്ലാറ്റ്‌ഫോം/ആപ്ലിക്കേഷൻ വഴി 24 മണിക്കൂറും പാർക്കിംഗ് ഫീസ് ഈടാക്കുന്നത് തുടരും.
അനധികൃത കശാപ്പുകാർക്കെതിരെ കർശന നടപടി
പെരുന്നാൾ നാളുകളിൽ നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി 239 ഫീൽഡ് ഇൻസ്പെക്ടർമാരെയാണ് മുൻസിപ്പാലിറ്റി നിയോഗിച്ചിരിക്കുന്നത്. ലൈസൻസില്ലാത്ത തെരുവ് കശാപ്പുകാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തുനൈജി മുന്നറിയിപ്പ് നൽകി. അംഗീകൃത അബട്ടോയറുകൾക്ക് (കശാപ്പുശാലകൾ) പുറത്ത് മൃഗങ്ങളെ അറുക്കുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരം ഇറച്ചികൾ വെറ്ററിനറി പരിശോധനകൾക്ക് വിധേയമാകാത്തതിനാൽ പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ടെന്നും, ഇവർക്ക് മതപരമായ അറുക്കൽ രീതികളെക്കുറിച്ചോ ശുചിത്വത്തെക്കുറിച്ചോ കൃത്യമായ ധാരണയുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വെറ്ററിനറി പരിശോധന
ബലിമൃഗങ്ങളുടെ ആരോഗ്യം ഉറപ്പാക്കാൻ 35 വെറ്ററിനറി ഡോക്ടർമാരെയും അസിസ്റ്റന്റുമാരെയുമാണ് ഷാർജ ലൈവ്സ്റ്റോക്ക് മാർക്കറ്റിലും അബട്ടോയറിലും വിന്യസിച്ചിരിക്കുന്നത്. മൃഗങ്ങൾക്ക് രോഗങ്ങളില്ലെന്ന് ഉറപ്പാക്കാൻ വിപുലമായ രക്തപരിശോധനകൾ നടത്തും. മൃഗങ്ങളെ അറുക്കുന്നതിന് മുൻപുള്ള ദൃശ്യപരിശോധനയും, അറുത്തതിനു ശേഷം ഇറച്ചിയുടെ എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന പോസ്റ്റ്-മോർട്ടം പരിശോധനയും വെറ്ററിനറി സംഘം ഉറപ്പാക്കും. ഔദ്യോഗിക പോർട്ടുകൾ വഴി എത്തുന്ന ആരോഗ്യവാനായ മൃഗങ്ങളെ മാത്രം പ്രവേശിപ്പിക്കുന്നതിനായി ക്വാറന്റൈൻ കേന്ദ്രങ്ങളിലും കന്നുകാലി ചന്തകളിലും വിപുലമായ അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
പെരുന്നാൾ അവധിക്കാലത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ഒത്തുചേരുന്ന പൊതുയിടങ്ങളിൽ കർശനമായ നിരീക്ഷണവും സുരക്ഷാ പരിശോധനകളുമാണ് ഷാർജ മുൻസിപ്പാലിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി വിവിധ മേഖലകളിലായി പ്രത്യേക ഇൻസ്പെക്ഷൻ ടീമുകളെയാണ് വിന്യസിച്ചിട്ടുള്ളത്.
ഭക്ഷണശാലകളിൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധന
പെരുന്നാൾ നാളുകളിൽ വൻ ജനതിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള റെസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, ബേക്കറികൾ, മിഠായിക്കടകൾ എന്നിവ കേന്ദ്രീകരിച്ച് 61 പ്രത്യേക ഇൻസ്പെക്ടർമാർ പരിശോധന നടത്തും. ഭക്ഷണ പദാർത്ഥങ്ങൾ കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങളും സാങ്കേതിക നിയമങ്ങളും പാലിച്ചാണോ തയ്യാറാക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും ഇവർ ഉറപ്പുവരുത്തും. ഇതോടൊപ്പം, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പാലിക്കേണ്ട ശുചിത്വ ശീലങ്ങളെയും സുരക്ഷിത ഭക്ഷ്യസംസ്കരണ രീതികളെയും കുറിച്ച് ഇവർ ബോധവൽക്കരണം നൽകുകയും ചെയ്യും.
ബ്യൂട്ടി സലൂണുകളിലും ബാബർ ഷോപ്പുകളിലും കർശന നിരീക്ഷണം
പെരുന്നാളിന് മുന്നോടിയായി വലിയ തിരക്ക് അനുഭവപ്പെടുന്ന പുരുഷന്മാരുടെ ബാബർ ഷോപ്പുകളിലും സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിലും നിരീക്ഷണം ശക്തമാക്കാൻ 32 പുരുഷ-വനിതാ ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ നൽകുന്ന സേവനങ്ങൾ ആരോഗ്യ നിയന്ത്രണങ്ങൾക്ക് വിധേയമാണോ എന്ന് ഇവർ പരിശോധിക്കും. മുൻസിപ്പാലിറ്റിയുടെ അംഗീകാരമുള്ള ഉൽപ്പന്നങ്ങൾ മാത്രമാണോ ഉപയോഗിക്കുന്നത് എന്നും, അണുവിമുക്തമാക്കിയ ഉപകരണങ്ങൾ മാത്രമാണോ ഓരോ ഉപഭോക്താവിനും ഉപയോഗിക്കുന്നത് എന്നും ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തും.
ബീച്ചുകളിലും പാർക്കുകളിലും അഡീഷണൽ സുരക്ഷാ ടീമുകൾ
അവധി ആഘോഷിക്കാൻ എമിറേറ്റിലെ ബീച്ചുകളിലും പൊതു പാർക്കുകളിലും വൻ ജനക്കൂട്ടം എത്തിച്ചേരുമെന്നാണ് മുൻസിപ്പാലിറ്റി കണക്കുകൂട്ടുന്നത്. ഇത് മുന്നിൽക്കണ്ട് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനായി ഇൻസ്പെക്ടർമാരുടെയും ലൈഫ് ഗാർഡുകളുടെയും എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. സന്ദർശകർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, കടലിലോ പാർക്കുകളിലോ ഉണ്ടാകാനിടയുള്ള ഏതൊരു അടിയന്തര സാഹചര്യത്തിലും അതിവേഗം ഇടപെട്ട് രക്ഷാപ്രവർത്തനം നടത്താനും ഈ പ്രത്യേക സംഘം സദാ സന്നദ്ധരായിരിക്കും.
പെരുന്നാൾ അവധി ദിവസങ്ങളിൽ മുൻസിപ്പാലിറ്റിയുടെ എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ സ്വദേശികളോടും പ്രവാസികളോടും അധികൃതർ ആവശ്യപ്പെട്ടു. എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ പരാതികളോ ശ്രദ്ധയിൽപ്പെട്ടാൽ മുൻസിപ്പാലിറ്റിയുടെ 993 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
English Summary
Sharjah Municipality has announced a comprehensive Eid Al Adha readiness plan featuring free public parking for the first three days, alongside the deployment of 239 field inspectors and 35 veterinary experts to monitor livestock health and eliminate illegal slaughtering. Additionally, intensive inspection drives will be carried out across food outlets, salons, parks, and beaches, with residents urged to report any violations via the municipality’s 24-hour hotline