81 പേരുടെ ജീവനെടുത്ത ദുരന്തത്തിന് പിന്നാലെ ഫിലിപ്പീൻസിൽ വീണ്ടും ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
Philippines Struck by Powerful 6.5-Magnitude Earthquake Just Weeks After Deadly Quake: മൂന്നാഴ്ചകൾക്ക് മുൻപ് ഇതേ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 80-ലധികം പേർക്ക് അന്ന് ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത് ആളുകളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
മനില: ഫിലിപ്പീൻസിൽ വീണ്ടും അതിശക്തമായ ഭൂചലനം. വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ ഫിലിപ്പീൻസ് തീരത്ത് ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രാദേശിക സമയം വൈകിട്ട് 7:42-ഓടെ ഭൂചലനം അനുഭവപ്പെടുകയായിരുന്നു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സാൻ്റോ മരിയ ടൗൺ റെസ്ക്യൂ ഉദ്യോഗസ്ഥനായ ജെർസൺ തലാഹിഗ് അറിയിച്ചു. നിലവിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
മൂന്നാഴ്ചകൾക്ക് മുൻപ് ഇതേ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 80-ലധികം പേർക്ക് അന്ന് ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത് ആളുകളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മിൻഡനാവോ ദ്വീപിലെ ജോസ് അബാദ് സാൻ്റോസ് ടൗണിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കടലിൽ 52.4 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.
തുടർക്കഥയായി ഭൂചലനങ്ങൾ
ജൂൺ 8-ന് മിൻഡനാവോയിൽ ഉണ്ടായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകരുകയും മണ്ണിടിച്ചിലും, ഉരുൾപൊട്ടലും ഉൾപ്പടെ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് തെക്കൻ ദ്വീപിലെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. മേഖലയിലാകെ സുനാമി മുന്നറിയിപ്പും അന്ന് നൽകിയിരുന്നു. ഭൂചലനത്തെ തുടർന്ന് കടലിൻ്റെ അടിത്തട്ട് രണ്ട് മീറ്ററോളം മുകളിലേക്ക് ഉയരുന്നിരുന്നു. ഇതോടെ തീരത്ത് കോസ്റ്റൽ അപ്‌ലിഫ്റ്റ് എന്ന പ്രതിഭാസവും അനുഭവപ്പെട്ടു.
Also Read: യു.എ.ഇയിലെ മലയാളികളുടെ ശ്രദ്ധയ്ക്ക്, വരുന്നു അടിമുടി മാറ്റങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങിയേക്കാം…
ആദ്യത്തെ ഭൂകമ്പത്തിന് ശേഷം ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞതോടെ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ ശക്തമായ തുടർചലനങ്ങളും ഉണ്ടായി. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ജൂൺ എട്ടിനുണ്ടായ ഭൂകമ്പത്തിൽ 81 പേർ മരിക്കുകയും 1300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ജപ്പാൻ മുതൽ തെക്കുകിഴക്കൻ ഏഷ്യയിലൂടെ പസഫിക് സമുദ്രം വരെ നീണ്ടുകിടക്കുന്ന തീവ്ര ഭൂചലന സാധ്യതാ മേഖലയായ പസഫിക് ‘റിംഗ് ഓഫ് ഫയറിൽ’ ഉൾപ്പെടുന്നതിനാൽ ഫിലിപ്പീൻസിൽ ഭൂചലനങ്ങൾ നിത്യസംഭവം തന്നെയാണെന്ന് പറയാം. തെക്കൻ മിൻഡനാവോ തീരത്ത് നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോട്ടബാറ്റോ ട്രെഞ്ച് ഭൂകമ്പങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന പ്രദേശമാണ്. ജനുവരിയിൽ മാത്രം ആയിരക്കണക്കിന് ചെറു ഭൂചലനങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്.
English Summary
A strong 6.5-magnitude earthquake struck off the southern coast of the Philippines, just weeks after a deadly tremor in the same region. The quake occurred at a depth of 52.4 kilometers near Mindanao island. Authorities confirmed there is no tsunami threat, and no immediate casualties or damages have been reported.