ദുബായ്-ഷാർജ അതിർത്തി മുതൽ റാസൽഖൈമ വരെ; യു.എ.ഇയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ഹൈവേ
Dubai to Ras Al Khaimah: UAE Plans Massive 16-Lane Highway Network: ദുബായ്-ഷാർജ അതിർത്തിയിൽ നിന്ന് ആരംഭിച്ച് റാസൽഖൈമയിലെ അൽ ശുഹദ റോഡ് വരെ നീളുന്നതാണ് നിർദ്ദിഷ്ട ഹൈവേ. ഇതിനുപുറമെ, പുതിയ കോറിഡോറിനെ ഉമ്മുൽ ഖുവൈനിലെ എമിറേറ്റ്‌സ് റോഡുമായി ബന്ധിപ്പിക്കുന്ന 8 കിലോമീറ്റർ നീളമുള്ള മറ്റൊരു റോഡും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്

പ്രതീകാത്മക ചിത്രം
ദുബായ്: യു.എ.ഇയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ദുബായ്-ഷാർജ അതിർത്തിയെ റാസൽഖൈമയുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഫെഡറൽ ഹൈവേ വരുന്നു. E-911 എന്നാണ് 68 കിലോമീറ്റർ ദൈർഘ്യമുള്ള നാലാമത്തെ ഫെഡറൽ ഹൈവേ കോറിഡോറിന് പേര് നൽകിയിരിക്കുന്നത്. ഈ പദ്ധതിയുടെ പ്രാരംഭ പഠനത്തിനും ഡിസൈൻ തയ്യാറാക്കുന്നതിനുമായിു ഊർജ്ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം എഞ്ചിനീയറിംഗ് കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.
കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്ന കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ കരാറിനായി അപേക്ഷിക്കാൻ അർഹതയുള്ളതെന്ന് മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. എഞ്ചിനീയറിംഗ് പഠനങ്ങൾ, ഡിസൈൻ, മേൽനോട്ട സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ കരാർ. ഒക്ടോബർ 15-നാണ് ടെൻഡർ പുറത്തിറക്കിയത്. താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഒക്ടോബർ 23 വെള്ളിയാഴ്ച വരെ തങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ദുബായ്-ഷാർജ അതിർത്തിയിൽ നിന്ന് ആരംഭിച്ച് റാസൽഖൈമയിലെ അൽ ശുഹദ റോഡ് വരെ നീളുന്നതാണ് നിർദ്ദിഷ്ട ഹൈവേ. ഇതിനുപുറമെ, പുതിയ കോറിഡോറിനെ ഉമ്മുൽ ഖുവൈനിലെ എമിറേറ്റ്‌സ് റോഡുമായി ബന്ധിപ്പിക്കുന്ന 8 കിലോമീറ്റർ നീളമുള്ള മറ്റൊരു റോഡും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ഭാഗങ്ങളിലായി ഇരുവശത്തേക്കുമായി 12 മുതൽ 16 വരികൾ വരെ ഉൾപ്പെടുന്ന വമ്പൻ പാതയായിരിക്കും ഇത്. അതേസമയം, പദ്ധതിയുടെ ആകെ നിർമ്മാണ ചിലവോ എന്ന് പൂർത്തിയാകുമെന്ന വിവരങ്ങളോ മന്ത്രാലയം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇതിന് പുറമെ കഴിഞ്ഞ മാസം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 80 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റൊരു ‘നാലാം കോറിഡോർ’ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഷാർജ, ദുബായ്, അബുദാബി എന്നീ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാത. 350 കോടി ദിർഹം ചിലവ് പ്രതീക്ഷിക്കുന്ന ഈ പാതയുടെ ആദ്യഘട്ടം ഷാർജയിലെ അൽ ഷനൂഫ് റോഡ് മുതൽ ദുബായ്-അൽ ഐൻ റോഡ് വരെയാണ്. രണ്ടാം ഘട്ടം ദുബായ്-അൽ ഐൻ റോഡിൽ നിന്ന് ആരംഭിച്ച് അബുദാബിയിലെ അൽ ഫായ റോഡ് വരെ നീളും.
ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച 68 കിലോമീറ്റർ ദൈർഘ്യമുള്ള ഇ-911 ഹൈവേ ദുബായ്-ഷാർജ അതിർത്തിയെ വടക്കൻ എമിറേറ്റായ റാസൽഖൈമയുമായി ബന്ധിപ്പിക്കുമ്പോൾ, ദുബായിയുടെ 80 കിലോമീറ്റർ കോറിഡോർ പദ്ധതി അബുദാബിയിലേക്കുള്ള യാത്രാസൗകര്യങ്ങളാണ് എളുപ്പമാക്കുന്നത്. ഈ രണ്ട് വമ്പൻ റോഡ് വികസന പദ്ധതികളും പൂർത്തിയാകുന്നതോടെ യുഎഇയിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നും, എമിറേറ്റുകൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
English Summary
The UAE’s Ministry of Energy and Infrastructure has invited tenders for a new 68-kilometre highway (E-911) linking the Dubai-Sharjah border to Ras Al Khaimah, aiming to significantly ease regional traffic.