Uzbekistan Travel Guide: ഇന്ത്യക്കാർക്ക് വിസയില്ലാതെ പറക്കാം; ഉസ്ബെക്കിസ്ഥാൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ അറിയേണ്ടതെല്ലാം!
Explore the Silk Road: Uzbekistan Offers 30-Day Visa-Free Travel for Indians: മധ്യേഷ്യയുടെ ഹൃദയഭാഗത്ത്, അമു-ദര്യ, സിർ-ദര്യ നദികൾക്കിടയിലായാണ് ഉസ്ബെക്കിസ്ഥാൻ സ്ഥിതി ചെയ്യുന്നത്. വടക്ക് കസാക്കിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തെക്ക് പടിഞ്ഞാറ് തുർക്ക്മെനിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. മരുഭൂമികളും മഞ്ഞുമൂടിയ പർവ്വതങ്ങളും നിറഞ്ഞ സുന്ദരമായ ഒരു രാജ്യമാണിത്

പ്രതീകാത്മക ചിത്രം
താഷ്കെൻ്റ്: വിദേശ യാത്രകൾ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് വമ്പൻ സന്തോഷവാർത്തയുമായി ഉസ്ബെക്കിസ്ഥാൻ. ഇന്ത്യൻ പൗരന്മാർക്ക് ഉസ്ബെക്കിസ്ഥാനിലേക്ക് ഇനി മുതൽ വിസയില്ലാതെ യാത്ര ചെയ്യാനകും. 30 ദിവസത്തെ വിസ ഫ്രീ യാത്രയ്ക്കുള്ള അനുമതിയാണ് ഉസ്ബെക്കിസ്ഥാൻ ഇപ്പോൾ ഇന്ത്യക്കാർക്കായി നൽകിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും, ഈ തീരുമാനം വലിയ രീതിയിൽ സഹായിക്കുമെന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷവ്കത്ത് മിർസിയോയെവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം.
ചരിത്രവും സംസ്കാരവും ഉറങ്ങുന്ന മണ്ണ്
മധ്യേഷ്യയുടെ ഹൃദയഭാഗത്ത്, അമു-ദര്യ, സിർ-ദര്യ നദികൾക്കിടയിലായാണ് ഉസ്ബെക്കിസ്ഥാൻ സ്ഥിതി ചെയ്യുന്നത്. വടക്ക് കസാക്കിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തെക്ക് പടിഞ്ഞാറ് തുർക്ക്മെനിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. മരുഭൂമികളും മഞ്ഞുമൂടിയ പർവ്വതങ്ങളും നിറഞ്ഞ സുന്ദരമായ ഒരു രാജ്യമാണിത്. പണ്ട് സിൽക്ക് റൂട്ടിലെ ഒരു പ്രധാന ഇടത്താവളമായിരുന്ന ഇവിടം പേർഷ്യൻ, തുർക്കി, അറബ്, മംഗോളിയൻ സംസ്കാരങ്ങളുടെ സംഗമഭൂമി കൂടിയാണ്.
സന്ദർശിക്കാൻ അനുയോജ്യമായ സമയം
ഏപ്രിൽ മുതൽ മെയ് വരെയുള്ള സമയത്തോ അല്ലെങ്കിൽ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലോ ആണ് ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ മാസങ്ങളിൽ അനുകൂല കാലാവസ്ഥയായിരിക്കും എന്നതിനാൽ സിൽക്ക് റൂട്ടിലെ നഗരങ്ങളിലൂടെ നടന്ന് കാഴ്ചകൾ കാണാൻ സാധിക്കും. ഏപ്രിൽ മുതൽ മെയ് വരെയുള്ള സമയത്താണ് എത്തുന്നത് എങ്കിൽ പ്രശസ്തമായ ‘നവ്‌റോസ്’ ആഘോഷങ്ങളിലും പങ്കുചേരാം. ഡൽഹിയിൽ നിന്നും ദുബായിൽ നിന്നും തലസ്ഥാനമായ താഷ്കെൻ്റിലേക്ക് നേരിട്ട് വിമാന സർവീസുകളുണ്ട്. താഷ്കൻ്റിൽ നിന്ന് സമർക്കണ്ട്, ബുഖാറ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് അതിവേഗ ട്രെയിൻ സൗകര്യവും ലഭ്യമാണ്.
ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന നിരവധി വിസ്മയങ്ങളാണ് ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത്. തലസ്ഥാനമായ താഷ്കെൻ്റിലെ എട്ടാം നൂറ്റാണ്ടിലെ ഖുർആൻ സൂക്ഷിച്ചിട്ടുള്ള ഖാസ്ത് ഇമാം കോംപ്ലക്സ്, വലിയ നീല താഴികക്കുടമുള്ള പ്രശസ്തമായ ചോർസു ബസാർ, ആർട്ട് ഗാലറികളെ അനുസ്മരിപ്പിക്കുന്ന ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, സ്റ്റേറ്റ് മ്യൂസിയം എന്നിവ പ്രധാന ആകർഷണങ്ങളാണ്.
സമർക്കണ്ടിലേക്ക് എത്തുമ്പോൾ മനോഹരമായ കൊത്തുപണികളുള്ള റെജിസ്ഥാൻ സ്ക്വയർ, മധ്യേഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ബീബി-ഖാനും മോസ്ക്, നീല മൊസൈക്ക് വർക്കുകളാൽ സമ്പന്നമായ ഷാ-ഇ-സിന്ദ ശവകുടീരങ്ങൾ എന്നിവ കാണാം. തുടർന്ന് ബുഖാറ നഗരത്തിലേക്ക് കടക്കുമ്പോൾ പഴയകാല കോട്ടയായ ആർക്ക് ഫോർട്രെസ്സ്, വിശ്രമകേന്ദ്രമായ ല്യാബ്-ഇ-ഹൗസ്, പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള ചരിത്ര സ്മാരകങ്ങൾ നിറഞ്ഞ പോ-ഇ-കല്യാൻ കോംപ്ലക്സ് എന്നിവ സഞ്ചാരികളെ പഴയകാല പ്രൗഢിയിലേക്ക് കൂട്ടിക്കൊണ്ടുപോകും.
കൂടാതെ, യുനെസ്കോ പൈതൃക പട്ടികയിലുൽ ഇടം നേടിയിട്ടുള്ള ഖീവയിലെ ഇച്ചാൻ കാല കോട്ട, പേർഷ്യൻ ശൈലിയിലുള്ള പഹ്ലവൻ മഹ്മൂദ് മുസോളിയം, നൂറ്റിയമ്പതിലധികം മുറികളുള്ള താഷ് ഹൗലി പാലസ് എന്നിവ കൂടി ചേരുമ്പോൾ ഉസ്ബെക്കിസ്ഥാൻ യാത്ര ഏതൊരു വിനോദസഞ്ചാരിക്കും മറക്കാനാവാത്ത ദൃശ്യവിരുന്നായി മാറും.
English Summary
Uzbekistan has announced a 30-day visa-free entry for Indian citizens to boost tourism and bilateral ties. Unveiled during PM Modi’s visit, the move opens doors for Indians to easily explore Central Asia’s historic Silk Road cities, including Tashkent, Samarkand, Bukhara, and Khiva, known for their rich architecture.