8th Pay Commission: കാത്തിരിക്കേണ്ടത് മെയ് വരെ, നഷ്ടപ്പെടുന്നത് 3.45 ലക്ഷം രൂപ; 8-ാം ശമ്പള കമ്മീഷനിൽ ആശങ്ക
8th Pay Commission Arrears Calculation: ശമ്പള പരിഷ്കരണം വൈകിയാലും 2026 ജനുവരി മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. അതായത്, നഷ്ടപ്പെടുന്ന മാസത്തെ തുക കുടിശ്ശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കും. എന്നാൽ, ഈ കുടിശ്ശിക അവരുടെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടു വാടക അലവൻസ്, ഗതാഗത അലവൻസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് ബാധകമാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 8-ാം ശമ്പള കമ്മീഷൻ (8th Pay Commission) നടപ്പിലാക്കാൻ താമസിക്കുന്നത് ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്ക കൂട്ടുന്നുണ്ട്. കാലതാമസം ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് പൂർത്തിയായ സാഹചര്യത്തിൽ 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ടതാണ്. എന്നാൽ ശമ്പള രൂപീകരണത്തിൽ സംഭവിച്ച കാലതാമസം ശമ്പളപരിഷ്കരണം നീട്ടുപോകാൻ കാരണമായി.
ശമ്പള പരിഷ്കരണം വൈകിയാലും 2026 ജനുവരി മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. അതായത്, നഷ്ടപ്പെടുന്ന മാസത്തെ തുക കുടിശ്ശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കും. എന്നാൽ, ഈ കുടിശ്ശിക അവരുടെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത (ഡിഎ), വീട്ടു വാടക അലവൻസ് (എച്ച്ആർഎ), ഗതാഗത അലവൻസ് (ടിപിടിഎ), മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് ബാധകമാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അതോ ശമ്പളത്തിന്റെ ചില ഘടകങ്ങൾ മാത്രമാണോ കുടിശ്ശികയിൽ ഉൾപ്പെടുന്നത്?
കുടിശ്ശിക എങ്ങനെ?
മുൻകാല ശമ്പള കമ്മീഷനുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന കുടിശ്ശിക പ്രധാനമായും അടിസ്ഥാന ശമ്പളത്തിൽ മാത്രമാണ് ലഭിക്കാറുള്ളത്. സർക്കാരിന്റെ പ്രത്യേക അറിയിപ്പുകളോ പോളിസി മാറ്റങ്ങളോ ഉണ്ടാകാത്ത പക്ഷം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, യാത്രാബത്ത തുടങ്ങിയ നിശ്ചിത അലവൻസുകൾക്ക് മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക ലഭിക്കാറില്ല.
ആനുകൂല്യങ്ങളെ ബാധിക്കുമോ?
ക്ഷാമബത്ത
7-ാം ശമ്പള കമ്മീഷന്റെ പ്രാബല്യത്തിലുള്ള കാലാവധി 2025 ഡിസംബർ 31-ന് അവസാനിച്ചെങ്കിലും, 2026 ജനുവരി മുതലുള്ള ഡി.എ വർദ്ധനവ് നിലവിലെ ശമ്പള വ്യവസ്ഥയ്ക്ക് കീഴിൽ തന്നെയാണ് ക്രമീകരിക്കുന്നത്. 8-ാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി നടപ്പിലാക്കുന്നത് വരെ ജീവനക്കാർക്ക് നിലവിലുള്ള ശമ്പള ഘടനയ്ക്ക് മുകളിൽ തന്നെ ഡി.എ വർദ്ധനവ് ലഭിച്ചുകൊണ്ടിരിക്കും.
ALSO READ: പെൻഷൻകാർക്ക് 6 ലക്ഷത്തോളം രൂപ ലാഭിക്കാം; 8-ാം ശമ്പള കമ്മീഷന് മുമ്പിൽ ആവശ്യം
വീട്ടുവാടക അലവൻസ്
വീട്ടുവാടക അലവൻസ് അവരുടെ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ജീവനക്കാർ ജോലി ചെയ്യുന്ന നഗരങ്ങളുടെ വർഗ്ഗീകരണമനുസരിച്ച് (X, Y, Z ) നിരക്കുകളിൽ വ്യത്യാസമുണ്ടാകും. ഓരോ ശമ്പള കമ്മീഷനിലും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനമായാണ് എച്ച് ആർ എ നിശ്ചയിക്കുന്നത്. ക്ഷാമബത്തയും അടിസ്ഥാന ശമ്പള പരിഷ്കരണവും മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുമ്പോൾ അതിന്റെ കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കാറുണ്ട്. എന്നാൽ എച്ച് ആർ എ പുതുക്കുന്ന തീയതി മുതൽ അല്ലെങ്കിൽ ഔദ്യോഗിക ഉത്തരവ് വരുന്ന തീയതി മുതൽ മാത്രമാണ് വർദ്ധിപ്പിച്ച നിരക്കിൽ കൈയ്യിൽ ലഭിക്കുക. മുൻകാലങ്ങളിലെ കുടിശ്ശികയായി ഇത് ലഭിക്കാറില്ല.
ട്രാൻസ്‌പോർട്ട് അലവൻസ്
കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേതന ഘടനയിൽ പ്രധാനപ്പെട്ട ഒന്നാണ് ട്രാൻസ്‌പോർട്ട് അലവൻസ് . ഓരോ ശമ്പള കമ്മീഷനിലും ഈ തുക, ജീവനക്കാരന്റെ റാങ്ക്, ജോലി ചെയ്യുന്ന നഗരം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിർണ്ണയിക്കുന്നത്. 8-ാം ശമ്പള കമ്മീഷൻ നിലവിൽ വരുമ്പോൾ ട്രാൻസ്‌പോർട്ട് അലവൻസ് നിരക്കുകളിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ പുതിയ കമ്മീഷൻ വഴി ട്രാൻസ്‌പോർട്ട് അലവൻസ് നിരക്ക് ഉയർത്തിയാലും, ശമ്പള പരിഷ്കരണത്തിന്റെ മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക ഇതിന് ജീവനക്കാർക്ക് ലഭിക്കാറില്ല.
നഷ്ടപ്പെടുന്ന കുടിശ്ശിക എത്ര?
എക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, എട്ടാം ശമ്പള കമ്മീഷൻ 2027 മേയ്, 2027 ഓഗസ്റ്റ് അല്ലെങ്കിൽ 2027 ഡിസംബർ എന്നീ മാസങ്ങളിൽ നടപ്പിലാക്കുകയാണെങ്കിൽ ലെവൽ 3, 6 ജീവനക്കാർക്ക് കുടിശ്ശികയിനത്തിൽ എത്ര തുക നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പരിശോധിക്കാം….
കണക്കുകൂട്ടലുകൾക്കായി ഉപയോഗിച്ചിരിക്കുന്നവ
അടിസ്ഥാന ശമ്പളം: ഏഴാം ശമ്പള കമ്മീഷൻ പ്രകാരം.
എച്ച്ആർഎ: അടിസ്ഥാന ശമ്പളത്തിന്റെ 24%
ടിപിടിഎ: ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള സ്ഥിര നിരക്ക് + ഡി.എ (2027-ന്റെ തുടക്കത്തിൽ ക്ഷാമബത്ത 62 ശതമാനത്തിലും, 2027-ന്റെ രണ്ടാം പകുതിയിൽ 64 ശതമാനത്തിലും എത്തും എന്ന് കരുതപ്പെടുന്നു)
എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഫാക്ടർ: 2.1 (പ്രതീക്ഷിക്കുന്നത്).
2.1 ഫിറ്റ്മെന്റ് ഫാക്ടറിലെ എച്ച്ആർഎ, ടിപിടിഎ നിരക്കുകൾ: നിലവിലെ നിരക്കിന്റെ 2.1 മടങ്ങ്
ലെവൽ 3 ജീവനക്കാർ
| ഫിറ്റ്മെന്റ് ഫാക്ടർ | 2.1 | |
| അടിസ്ഥാന ശമ്പളം | 21,700 | 45,570 |
| എച്ച്ആർഎ | 5,208 | 10,937 |
| ടിപിടിഎ (ഡിഎ 62%) | 5,832 | 12,247 |
| എച്ച്ആർഎ+ടിപിടിഎ | 11,040 | 23,184 |
| മെയ് മാസത്തിൽ എട്ടാം സിപിസി നടപ്പിലാക്കിയാൽ ഉണ്ടാകുന്ന നഷ്ടം | 1,87,680 രൂപ | |
| ഓഗസ്റ്റിൽ നടപ്പിലാക്കിയാൽ ഉണ്ടാകുന്ന നഷ്ടം | 2,20,800 രൂപ | |
| ഡിസംബറിൽ നടപ്പിലാക്കിയാൽ നഷ്ടം | 2,66,688 രൂപ |
ലെവൽ 6 ജീവനക്കാർ
| ഫിറ്റ്മെന്റ് ഫാക്ടർ | 2.1 | |
| അടിസ്ഥാന ശമ്പളം | 35,400 | 74,340 |
| എച്ച്ആർഎ | 8,496 | 17,842 |
| ടിപിടിഎ (ഡിഎ 62%) | 5,832 | 12,247 |
| എച്ച്ആർഎ+ടിപിടിഎ | 14,328 | 30,089 |
| മെയ് മാസത്തിൽ എട്ടാം സിപിസി നടപ്പിലാക്കിയാൽ ഉണ്ടാകുന്ന നഷ്ടം | 2,43,576 രൂപ | |
| ഓഗസ്റ്റിൽ നടപ്പിലാക്കിയാൽ ഉണ്ടാകുന്ന നഷ്ടം | 2,86,560 രൂപ | |
| ഡിസംബറിൽ നടപ്പിലാക്കിയാൽ നഷ്ടം | 3,45,600 രൂപ |