8th Pay Commission: റെയിൽവേ ജീവനക്കാർക്ക് വൻ ശമ്പളവർദ്ധനവ്, അലവൻസുകളിലും മാറ്റം?
8th Pay Commission Updates: ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ജോലി സംബന്ധമായ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട ഫോം സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതോടെ റെയിൽവേ ജീവനക്കാർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരേണ്ട പുതിയ ശമ്പളപരിഷ്കരണം മൂന്ന് മാസത്തിന് ശേഷവും നടപ്പിലാക്കിയിട്ടില്ല. എന്നാൽ പുതിയ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ജോലി സംബന്ധമായ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട ഫോം സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. മാർച്ച് 31 വരെയാണ് സമയം നീട്ടിയത്.
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതോടെ റെയിൽവേ ജീവനക്കാർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ, എട്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ട ചോദ്യാവലിയിൽ കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യവുമായി ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (ഐആർടിഎസ്എ) രംഗത്തെത്തിയിരിക്കുകയാണ്.
ഐ.ആർ.ടി.എസ്.എ ജനറൽ സെക്രട്ടറി കെ.വി. രമേശ് ശമ്പള കമ്മീഷൻ ചെയർപേഴ്സൺ രഞ്ജന ദേശായിക്ക് അയച്ച കത്തിൽ നിരവധി നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തസ്തികകളുമായി ബന്ധപ്പെട്ട ആവശ്യമാണ് ഇതിൽ പ്രധാനപ്പെട്ടത്. നിലവിൽ എ,ബി,സി എന്നിങ്ങനെയാണ് തസ്തികകൾ തിരിച്ചിട്ടുള്ളത്. എന്നാൽ ജോലിഭാരവും സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളും പരിഗണിച്ച ഇവ പരിഷ്കരിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ALSO READ: കുടിശ്ശിക ഉൾപ്പെടെ കിട്ടുന്നത് ലക്ഷങ്ങൾ, ലെവൽ 1, 3, 5 ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഇങ്ങനെ
ഏഴാം ശമ്പള കമ്മീഷൻ 196 അലവൻസുകളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. എന്നാൽ എട്ടാം സിപിസി ചോദ്യാവലിയിൽ വെറും 12 തരം അലവൻസുകൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂ എന്നും ഐആർടിഎസ്എ ചൂണ്ടിക്കാട്ടി. ഇത് പ്രത്യേക ആനുകൂല്യങ്ങളും ബാധിക്കുമെന്നും കൂട്ടിച്ചേർത്തു. പെൻഷൻ, ഫാമിലി പെൻഷൻ എന്നിവയെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. വിരമിച്ച ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൂടി ചോദ്യാവലിയുടെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഫങ്ഷണൽ പ്രമോഷൻ’ പദ്ധതികൾക്ക് മുൻഗണന നൽകണമെന്നും നിലവിൽ ഓൺലൈനായി മാത്രമാണ് മറുപടികൾ സ്വീകരിക്കുന്നത്, എന്നാൽ യൂണിയനുകൾക്കും അസോസിയേഷനുകൾക്കും നേരിട്ട് നിവേദനങ്ങൾ സമർപ്പിക്കാൻ അനുവാദം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.