Stock Market: ഓഹരി വിപണിയിലെ കാളയും കരടിയും; എന്താണ് ബുൾ, ബെയർ മാർക്കറ്റ്?
Bull vs Bear Market Explained: ഓഹരി വിപണിയിൽ കാളയ്ക്കും കരടിക്കും എന്താണ് കാര്യം എന്നാണോ? വിപണിയിലെ ട്രെന്റിനെയും നിക്ഷേപകരുടെ പൊതുവായ മനോഭാവത്തെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന രണ്ട് സാമ്പത്തിക പ്രയോഗങ്ങളാണ് ഇവ. എന്താണ് ബുൾ', 'ബെയർ', ഇവ തമ്മിലുള്ള വ്യത്യാസം എന്ത്? വിശദമായി അറിഞ്ഞാലോ....
ഓഹരി വിപണിയുമായി ബന്ധപ്പെട്ട വാർത്തകളിൽ സ്ഥിരമായി ഉയർന്നുവരുന്ന രണ്ട് വാക്കുകളാണ് ബുൾ’ (Bull), ‘ബെയർ’ (Bear) എന്നിവ. ഓഹരി വിപണിയിൽ കാളയ്ക്കും കരടിക്കും എന്താണ് കാര്യം എന്നാണോ? വിപണിയിലെ ട്രെന്റിനെയും നിക്ഷേപകരുടെ പൊതുവായ മനോഭാവത്തെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന രണ്ട് സാമ്പത്തിക പ്രയോഗങ്ങളാണ് ഇവ. എന്താണ് ബുൾ’, ‘ബെയർ’, ഇവ തമ്മിലുള്ള വ്യത്യാസം എന്ത്? വിശദമായി അറിഞ്ഞാലോ….
എന്താണ് ബുൾ മാർക്കറ്റ്?
ഓഹരി വിലകൾ തുടർച്ചയായി ഉയരുകയും വിപണിയിൽ മൊത്തത്തിൽ വളർച്ചയും ശുഭപ്രതീക്ഷയും നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ബുൾ മാർക്കറ്റ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കാള തന്റെ ഇരയെ കൊമ്പ് കൊണ്ട് താഴെ നിന്ന് മുകളിലേക്ക് കുത്തി ഉയർത്തുന്നത് പോലെ, വിപണിയിലെ വില സൂചികകൾ ഉയരുന്നത് കൊണ്ടാണ് ഈ പേര് വന്നത്.
ഓഹരി വിപണിയെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള ഇടമായി കാണുന്ന നിരവധി ആളുകളുണ്ട്. ഇത്തരത്തിൽ ഓഹരികളുടെ വില ഉയരുമെന്ന പ്രതീക്ഷയിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്നവരാണ് ബുള്ളുകൾ എന്നറിയപ്പെടുന്നത്. വിപണി കൂടുതൽ ഉയരങ്ങളിലേക്ക് പോകുമെന്ന് കരുതുന്ന നിക്ഷേപകരെ ‘ബുളളീഷ്’ എന്നും വിളിക്കാറുണ്ട്. സമ്പദ്‌വ്യവസ്ഥ ശക്തമായിരിക്കും, കമ്പനികൾ മികച്ച ലാഭം നേടും എന്നിവയാണ് ബുൾ മാർക്കറ്റിന്റെ പ്രധാന ലക്ഷണങ്ങൾ.
ALSO READ: ഷെയർ മാർക്കറ്റിൽ നല്ല ഓഹരികൾ എങ്ങനെ തിരഞ്ഞെടുക്കാം? ഇനി സംശയം വേണ്ട!
എന്താണ് ബെയർ മാർക്കറ്റ്?
കാളകളുടേതിന് നേരെ വിപരീത സ്വഭാവമാണ് കരടിക്കുള്ളത്. കരടികളുടെ നോട്ടം എപ്പോഴും താഴേക്കായിരിക്കും. അത്തരത്തിൽ, ഓഹരി വിലകൾ തുടർച്ചയായി താഴേക്ക് പതിക്കുകയും വിപണിയിൽ മാന്ദ്യം അനുഭവിപ്പെടുകയും ചെയ്യുന്ന അവസ്ഥയെയാണ് ബെയർ മാർക്കറ്റ് എന്ന് പറയുന്നത്. സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, കമ്പനികളുടെ മോശം പ്രകടനം, ഭയം എന്നിവയാണ് ബിയർ മാർക്കറ്റിന്റെ ലക്ഷണങ്ങൾ.
കരടി ഇരയെ കീഴ്പ്പെടുത്താൻ കൈകൾ കൊണ്ട് മുകളിൽ നിന്ന് താഴേക്ക് ശക്തിയായി അടിക്കുന്നതുപോലെ, വിപണി സൂചികകൾ കൂപ്പുകുത്തുന്നു എന്ന അർത്ഥത്തിലാകാം ബെയർ മാർക്കറ്റ് എന്ന പേര് വന്നത്. വിപണിയിലെ പ്രധാന സൂചികകൾ തൊട്ടുമുമ്പത്തെ ഉയർന്ന നിലവാരത്തിൽ നിന്ന് 20 ശതമാനമോ അതിൽ കൂടുതലോ ഇടിയുമ്പോഴാണ് ബെയർ മാർക്കറ്റ് പ്രഖ്യാപിക്കുന്നത്. വിപണി ഇനിയും താഴേക്ക് പതിക്കുമെന്ന് കരുതുന്നവരെ ‘ബെയറിഷ്’ എന്ന് വിളിക്കുന്നു. നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കാൻ ശ്രമിക്കുന്നതോടെ വില ഇടിവും കൂടും.
ഓഹരി വിപണി
വ്യാപാരം ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക വേദിയാണ് ഓഹരി വിപണി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിങ്ങനെ രണ്ട് എക്‌സ്‌ചേഞ്ചുകളിലാണ് ഇന്ത്യയിൽ പ്രധാനമായും ഓഹരി വ്യാപാരം നടക്കുന്നത്. കമ്പനികൾ തങ്ങളുടെ വളർച്ചയ്ക്ക ആവശ്യമായ മൂലധനം സമാഹരിക്കുന്നത് പ്രാരംഭ ഓഹരി വിൽപ്പന (IPO) വഴി ഓഹരികൾ ലിസ്റ്റ് ചെയ്താണ്. ഇതിനുശേഷം ഈ ഓഹരികൾ വിപണിയിൽ സ്വതന്ത്രമായി വാങ്ങാനും വിൽക്കാനും സാധിക്കും.
English Summary:
Investors who expect stock prices to rise and buy shares in anticipation of higher prices are known as bulls, while those who expect prices to fall and sell shares are called bears. A market experiencing sustained price increases is called a bull market, whereas a market undergoing prolonged declines is known as a bear market.