Dearness Allowance: ക്ഷാമബത്ത കൂട്ടുന്നു; മാർച്ചിലെ ശമ്പളത്തിൽ വർദ്ധനവ് എത്ര?
Central Government Employees DA Hike: ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത വർദ്ധനവ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറിലെ സൂചിക 148.2 പോയിന്റിൽ മാറ്റമില്ലാതെ തുടർന്നതോടെയാണ് ഡിഎ 60 ശതമാനത്തിലേക്ക് എത്തുമെന്ന് ഉറപ്പായത്.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. വരാനിരിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി ക്ഷാമബത്തയിൽ 2 ശതമാനം വർദ്ധനവ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർദ്ധനവ് നടപ്പിലാകുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആകെ ഡിഎ 60 ശതമാനമായി ഉയരും.
നിലവിലുള്ള 58 ശതമാനത്തിൽ നിന്ന് 2 ശതമാനം വർദ്ധിപ്പിച്ച് 60 ശതമാനമാക്കാനാണ് സർക്കാർ നീക്കം. പുതിയ വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകും. അതായത്, ഇതിന്റെ കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കുന്നതാണ്. ഏകദേശം 1.2 കോടിയോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.
2025 ഡിസംബറിലെ ഉപഭോക്തൃ വില സൂചിക (AICPI-IW) പ്രകാരമുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത വർദ്ധനവ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറിലെ സൂചിക 148.2 പോയിന്റിൽ മാറ്റമില്ലാതെ തുടർന്നതോടെയാണ് ഡിഎ 60 ശതമാനത്തിലേക്ക് എത്തുമെന്ന് ഉറപ്പായത്.
ALSO READ: ജീവനക്കാർക്ക് കിട്ടാനുള്ള ലക്ഷങ്ങൾ, വൈകുംതോറും പണവും കൂടും
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31 ന് അവസാനിച്ചിരുന്നു. എന്നാൽ എട്ടാം ശമ്പള കമ്മീഷൻ ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. അതിന്റെ ശുപാർശകൾ നടപ്പിലാക്കുന്നതുവരെ, ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള ഡിഎയാണ് ലഭിക്കുന്നത്. വിരമിച്ചവർക്കും അതേ നിരക്കിൽ ഡിഎ ലഭിക്കും.
2026 ജനുവരി മുതൽ എട്ടാം ശമ്പള കമ്മീഷന്റെ കാലയളവ് ആരംഭിക്കുന്നതിനാൽ ഈ ഡിഎ വർദ്ധനവ് ഏറെ പ്രധാനപ്പെട്ടതാണ്. സാധാരണയായി പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ നിലവിലുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാറുണ്ട്.
കുറഞ്ഞ അടിസ്ഥാന ശമ്പളമായി 18,000 രൂപയുള്ള ഒരു ജീവനക്കാരന് 2 ശതമാനം ഡിഎ വർദ്ധനവ് വഴി പ്രതിമാസം 360 രൂപയുടെ വർദ്ധനവുണ്ടാകും. ഉയർന്ന ശമ്പളമുള്ളവർക്ക് അതനുസരിച്ചുള്ള വലിയ തുക വർദ്ധനവായി ലഭിക്കും. മാർച്ച് ആദ്യവാരത്തോടെ കേന്ദ്ര മന്ത്രിസഭ ഇതിന് ഔദ്യോഗിക അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാധാരണയായി കേന്ദ്ര സർക്കാർ ജനുവരി ഡിഎ മാർച്ചിലാണ് പ്രഖ്യാപിക്കുന്നത്. അതിനാൽ, ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപനം വരുമെന്നാണ് സൂചന. ഹോളി മാർച്ച് 4 നാണ്. അതിനുമുമ്പ് ഡിഎ പ്രഖ്യാപിച്ചേക്കാം.