Sukanya Samriddhi Yojana: കുട്ടിക്കായി മാസം 500 രൂപ മാറ്റിവയ്ക്കാനുണ്ടോ? 2.75 ലക്ഷം രൂപ കൈയിലെത്തും
Post Office Sukanya Samriddhi Yojana: 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിലാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കുക. പോസ്റ്റ് ഓഫിസുകളിലും അംഗീകൃത ബാങ്കുകളിലും ഈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ. സാധാരണയായി ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളുടെ പേരിൽ വരെ അക്കൗണ്ട് തുറക്കാൻ അനുവാദമുണ്ട്.

പ്രതീകാത്മക ചിത്രം
പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ് വഴി നടപ്പിലാക്കുന്ന ജനപ്രിയമായ ചെറുകിട സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. വളരെ ചെറിയ നിക്ഷേപത്തിലൂടെ തന്നെ ലക്ഷങ്ങൾ നേടാൻ ഈ പദ്ധതി സഹായിക്കുന്നുണ്ട്. ആർക്കൊക്കെ അക്കൗണ്ട് തുറക്കാം, എത്ര മുതൽ നിക്ഷേപിക്കാം, കാലാവധി എത്ര, പലിശ എങ്ങനെ…. തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാലോ…
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം?
10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിലാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കുക. പോസ്റ്റ് ഓഫിസുകളിലും അംഗീകൃത ബാങ്കുകളിലും ഈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ. സാധാരണയായി ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളുടെ പേരിൽ വരെ അക്കൗണ്ട് തുറക്കാൻ അനുവാദമുണ്ട്.
എത്ര രൂപ നിക്ഷേപിക്കാം?
ഒരു സാമ്പത്തിക വർഷം 250 രൂപ മുതൽ പരമാവധി 1.50 ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്നതാണ്. എന്നാൽ ഈ തുക എല്ലാ മാസവും അടയ്ക്കണമെന്നില്ല. 250 രൂപയോ അതിന്റെ ഗുണിതങ്ങളോ എപ്പോൾ വേണമെങ്കിലും അടയ്ക്കാം. 15 വർഷമാണ് നിക്ഷേപ കാലാവധി. എന്നാൽ മെച്യൂരിറ്റി കാലാവധി 21 വർഷമാണ്. 15 വർഷത്തിന് ശേഷം നിക്ഷേപിച്ചില്ലെങ്കിലും അക്കൗണ്ട് സജീവമായിരിക്കും.
ALSO READ: ദിവസവും 50 രൂപ മാറ്റിവയ്ക്കാമോ? 35 ലക്ഷം വരെ നേടാൻ അവസരം
നിലവിൽ പദ്ധതിക്ക് വർഷം 8.2% നിരക്കിലാണ് കേന്ദ്ര സർക്കാർ പലിശ നൽകുന്നത്. സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപങ്ങൾക്കും അതിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്കും ആദായ നികുതി ബാധകമല്ല. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുകളും ഈ പദ്ധതിയിലൂടെ നേടാൻ സാധിക്കും.
പ്രതിമാസം 500 രൂപ അടച്ചാൽ റിട്ടേൺ എത്ര?
സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ പ്രതിമാസം 500 രൂപ അടച്ചാൽ ഒരു വർഷം നിങ്ങൾ നിക്ഷേപിക്കുന്ന ആകെ തുക 6,000 രൂപയാണ്. 15 വർഷത്തേക്ക് മാത്രമാണ് ഈ തുക. ബാക്കി 6 വർഷം നിക്ഷേപം നടത്തേണ്ടതില്ല. എന്നാൽ പലിശ ലഭിച്ചുകൊണ്ടിരിക്കും.നിലവിലെ 8.2% പലിശ നിരക്ക് പ്രകാരം കാലാവധി പൂർത്തിയാകുമ്പോൾ ഏകദേശ എത്ര രൂപ കിട്ടുമെന്ന് പരിശോധിക്കാം,
നിക്ഷേപിക്കുന്ന പ്രതിമാസ തുക: 500 രൂപ
നിക്ഷേപ കാലയളവ്: 15 വർഷം
ആകെ നിക്ഷേപം: 90,000 രൂപ
പലിശ നിരക്ക്: 8.2%
ആകെ പലിശ: 1.75 ലക്ഷം – 1.85 ലക്ഷം രൂപ
21 വർഷം കഴിയുമ്പോൾ ലഭിക്കുന്നത്: 2.65 ലക്ഷം – 2.75 ലക്ഷം രൂപ
സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് സർക്കാർ കാലാകാലങ്ങളിൽ മാറ്റുന്നതിനാൽ യഥാർഥ മെച്യൂരിറ്റി തുക വ്യത്യാസപ്പെടാം.
English Summary:
The Sukanya Samriddhi Yojana is a government-backed savings scheme designed to secure the financial future of girl children. The scheme currently offers an interest rate of 8.2% per annum, with a minimum annual deposit of Rs 250 and a maximum of Rs 1.5 lakh.