Gold: സ്വല്പം കാത്തിരിക്കൂ, സ്വർണം ഒരു ലക്ഷത്തിന് താഴെയെത്തും; വില്ലനായി ട്രംപ് വരുമോ?
Gold Rate Prediction: വില ഇനിയും കുറയുമെന്നും ഒരു ലക്ഷത്തിന് താഴെയെത്താൻ വരെ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച് വില ഉയരുമോ എന്ന ആശങ്കയും സാധാരണക്കാർക്കുണ്ട്.

Gold Rate
സ്വർണം സ്വപ്നമായ ഇടത്ത് നിന്ന് വീണ്ടും പ്രതീക്ഷ നൽകി വില ഇടിയുകയാണ്. ഒരു പവന് ഒന്നേക്കാൽ ലക്ഷം കടന്ന് മുന്നേറിയെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരിച്ചുവരവിന്റെ പാതയിലാണ്. വില ഇനിയും കുറയുമെന്നും ഒരു ലക്ഷത്തിന് താഴെയെത്താൻ വരെ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച് വില ഉയരുമോ എന്ന ആശങ്കയും സാധാരണക്കാർക്കുണ്ട്.
സ്വർണവിലയുടെ സഞ്ചാരം
ഒരു വർഷത്തിൽ 50,000ൽ അധികം രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 2025 ജനുവരി ഒന്നിന് പവന് 57,200 രൂപ നിരക്കിലായിരുന്നു വ്യാപാരം. തുടർന്ന് വില പതിയെ കുതിക്കുകയായിരുന്നു. ഏപ്രിലിൽ 70,000 കടന്ന് പുതിയ റെക്കോർഡ് കുതിച്ചു. എന്നാൽ സെപ്റ്റംബറിൽ കഥയാകെ മാറി. 80,000വും കടന്നു. പിന്നീട് സാധാരണക്കാരെ മുൾമുനയിൽ നിർത്തിയ മാസങ്ങളായിരുന്നു കടന്നുപോയത്.
ഒടുവിൽ പ്രതീക്ഷകൾക്ക് അറുതി വരുത്തി ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണം ഒരു പവന് ഒരു ലക്ഷം കടന്നു. തുടർന്ന് അടുത്ത വർഷം സ്വർണം രണ്ട് ലക്ഷം കടക്കുമെന്ന പ്രവചനങ്ങളും പടർന്നു. ഇത്തരത്തിൽ ആശങ്കയിലായ സാധാരണക്കാർക്ക് പ്രതീക്ഷ നൽകി ഡിസംബർ 30ന് വില വീണ്ടും 90,000ലെത്തി.
എന്നാൽ പുതുവർഷത്തിൽ കാത്തിരുന്നത് റെക്കോർഡ് കുതിപ്പായിരുന്നു. ജനുവരി 29ന് ചരിത്രത്തിലാദ്യമായി സ്വർണവില ഒന്നേക്കാൽ ലക്ഷവും കടന്നു. ഇതോടെ സാധാരണക്കാർ സ്വർണമോഹങ്ങളെ കൈവിട്ടു. പക്ഷേ, ഫെബ്രുവരി മാസം വീണ്ടും മോഹങ്ങളെ തൊട്ടുണർത്തുകയാണ്. ഫെബ്രുവരി 2ന് 1,07,920 വില താഴ്ന്നു. തുടർന്ന് അന്ന് രാത്രി തന്നെ 112320 രൂപയായി വില തിരിച്ചുകയറിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ വില താഴുകയായിരുന്നു.
ഫെബ്രുവരി 3ന് 111280 രൂപ, നാലിന് 117720, വൈകിട്ട് 116920, അഞ്ചാം തീയതി 113240, ആറിന് 1,11,720 രൂപ എന്ന നിരക്കിലാണ് നിലവിൽ സ്വർണത്തിന്റെ സഞ്ചാരം. വില ഇനി കുറയാനും കൂടാനും സാധ്യതയുണ്ട്. വിപണിയിൽ നിലവിലെ ട്രെന്റ് അനുസരിച്ച് വില ഒരു ലക്ഷത്തിൽ നിന്ന് താഴേക്ക് വീഴാൻ സാധ്യതയുണ്ടെങ്കിലും വലിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല. റെക്കോർഡുകൾ തകർത്തുള്ള കുതിപ്പും തള്ളിക്കളയാനാകില്ല.
ALSO READ: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില താഴേക്ക്, പവനും ഗ്രാമിനും കൊടുക്കേണ്ടത്…
സ്വർണവിലയിൽ ട്രംപിനെന്ത് കാര്യം?
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നയങ്ങളും പ്രഖ്യാപനങ്ങളും സ്വർണവിലയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇറാൻ-യുഎസ് സംഘർഷ സാധ്യതയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ ട്രംപിന്റെ നിലപാടുകളും ആഗോള സമ്പദ്‍വ്യവസ്ഥയും സ്വർണവില കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
രാജ്യങ്ങൾക്കെതിരെ ട്രംപ് ഏർപ്പെടുത്തുന്ന കടുത്ത വ്യാപാര നിരോധനങ്ങളും ഇറക്കുമതി തീരുവകളും ആഗോള വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കും. സാമ്പത്തിക അസ്ഥിരത ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ലോകമെമ്പാടുമുള്ള നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയും.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളാണ് മറ്റൊരു ഘടകം. ബാങ്ക് പലിശ നിരക്കുകൾ കൂടുമ്പോൾ ആളുകൾ സ്വർണത്തിലുള്ള നിക്ഷേപം ഒഴിവാക്കി ബോണ്ടുകളിലും ബാങ്ക് നിക്ഷേപങ്ങളിലും പണം ഇടാൻ താല്പര്യപ്പെടും. ഇത് സ്വർണവില കുറയാൻ കാരണമാകും. എന്നാൽ പലിശ നിരക്ക് കുറച്ചാൽ വില കുതിക്കും.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല