BOB LBO Recruitment 2026: ബാങ്ക് ജോലി ആഗ്രഹിക്കുന്നവരാണോ? ബാങ്ക് ഓഫ് ബറോഡയിൽ അവസരം; കേരളത്തിലും ഒഴിവുകള്‍
Bank of Baroda Local Bank Officer Recruitment 2026 : ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി 2026 സെപ്റ്റംബർ 7 ആണ്.
ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ (എല്‍ബിഒ) തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബർ 7 ആണ്. അപേക്ഷിക്കുന്നതിന് മുൻപ്, യോഗ്യതാ തീയതി പ്രകാരം തസ്തികയ്ക്കുള്ള എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പൂർത്തിയാക്കുന്നുണ്ടെന്ന് അപേക്ഷകർ ഉറപ്പുവരുത്തണം. ആകെ 2482 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 21 മുതൽ 30 വയസ്സ് വരെ ആയിരിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഏത് വിഷയത്തിലുമുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ IC 38, എൻഐഎസ്എം (NISM) സീരീസ് V A: മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടേഴ്സ് സെർട്ടിഫിക്കേഷൻ എക്സാമിനേഷൻ, എൻഐഎസ്എം (NISM) സീരീസ് XXI-A: പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസസ് (PMS) ഡിസ്ട്രിബ്യൂട്ടേഴ്സ് സെർട്ടിഫിക്കേഷൻ എക്സാമിനേഷൻ, എൻഐഎസ്എം (NISM) സീരീസ് XIII: കോമൺ ഡെറിവേറ്റീവ്സ് സെർട്ടിഫിക്കേഷൻ എക്സാമിനേഷൻ എന്നിവ അഭികാമ്യമായ സർട്ടിഫിക്കറ്റുകളാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്ഷ്യൽ ബാങ്കിൽ ഓഫീസറായി കുറഞ്ഞത് 1 വർഷത്തെ പരിചയം നിർബന്ധമാണ്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനുമുള്ള മികച്ച പരിജ്ഞാനം ഉണ്ടായിരിക്കണം.
കേരളത്തില്‍ 49 ഒഴിവുകള്‍
കേരളത്തിൽ പുതിയ 40 ഒഴിവുകളും നികത്തപ്പെടാത്ത 9 ഒഴിവുകളും അടക്കം ആകെ 49 ഒഴിവുകളാണുള്ളത്. ഒരു ഉദ്യോഗാർത്ഥിക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല.
ജനറൽ, EWS, OBC വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് 850 രൂപയാണ് അപേക്ഷാഫീസ്. SC, ST, PWBD, ESM/DESM, വനിതകൾ എന്നിവർക്ക് 175 രൂപയാണ് ഫീസ്. 48480-85920 രൂപയാണ് ശമ്പള സ്‌കെയില്‍. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥി ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ 1 വർഷം പ്രൊബേഷനിൽ ആയിരിക്കും.
ഓൺലൈൻ പരീക്ഷ/മൾട്ടിപ്പിൾ റൗണ്ട് പരീക്ഷകൾ, സൈക്കോമെട്രിക് ടെസ്റ്റ് അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അനുയോജ്യമെന്ന് കരുതുന്ന മറ്റ് പരിശോധനകൾ, തുടർന്ന് ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ എന്നിവ അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് രീതി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
അപേക്ഷിക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bankofbaroda.bank.in സന്ദർശിച്ച്, കരിയർ വിഭാഗത്തിൽ ‘Current Opportunities’ പേജ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കാം.
English Summary
Bank of Baroda is hiring 2,482 Local Bank Officers on a regular basis. Candidates with a degree and one year of banking officer experience can apply. The online application process closes on September 7, 2026.