CBSE Class 10 Second Board Result 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഇന്നോ? റിസൾട്ട് എങ്ങനെ പരിശോധിക്കാം?
CBSE 10th Second Board Exam Result 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. റിസള്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ജൂൺ മാസത്തിൽ ഫലം വരുമെന്ന് ബോർഡ് നേരത്തെ സൂചിപ്പിച്ചിരുന്നു. ജൂലൈ ആദ്യവാരം റിസള്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ സൂചനകള്‍.

CBSE
സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. റിസള്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ജൂൺ മാസത്തിൽ ഫലം വരുമെന്ന് ബോർഡ് നേരത്തെ സൂചിപ്പിച്ചിരുന്നു. ജൂലൈ ആദ്യവാരം റിസള്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ സൂചനകള്‍. എന്നാല്‍ കൃത്യമായ തീയതിയും സമയവും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 6 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രണ്ടാം ബോർഡ് പരീക്ഷ എഴുതിയത്. 85,000-ത്തിലധികം വിദ്യാർത്ഥികൾ കമ്പാർട്ട്മെന്റ് പരീക്ഷയ്ക്കായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 57,914 ഓളം വിദ്യാർത്ഥികൾ ഇംപ്രൂവ്‌മെന്റ്, കമ്പാർട്ട്മെന്റ് എന്നീ രണ്ട് പരീക്ഷകൾക്കുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫലപ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റുകൾ, ഡിജിലോക്കർ, ഉമാംഗ് ആപ്പ് എന്നിവയിലൂടെ റിസള്‍ട്ട് പരിശോധിക്കാം. രണ്ടാം പരീക്ഷയിലെ മാർക്കുകൂടി പരിഗണിച്ച ശേഷം, വിദ്യാർത്ഥികൾക്ക് ലഭിച്ച ഏറ്റവും മികച്ച സ്കോർ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാര്‍ക്ക് ഷീറ്റ് ബോര്‍ഡ് പിന്നീട് വിതരണം ചെയ്യും.
ഫലം പരിശോധിക്കേണ്ട വിധം:
- cbse.gov.in
- ഡിജിലോക്കർ
- ഉമാംഗ് ആപ്പ്
എസ്എംഎസ്, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം എന്നിവ വഴിയും ഫലം അറിയാനുള്ള സൗകര്യമുണ്ടാകും. സ്കൂളുകൾക്ക് അവരുടെ വിദ്യാർത്ഥികളുടെ ഫലം ഒരുമിച്ച് ഡൗൺലോഡ് ചെയ്യാനും കൈകാര്യം ചെയ്യാനും സിബിഎസ്ഇയുടെ ‘പരിണാം മഞ്ജുഷ’ ഉപയോഗിക്കാം. ഫലം പരിശോധിക്കുമ്പോഴുണ്ടാകുന്ന അവസാന നിമിഷത്തെ തടസങ്ങള്‍ ഒഴിവാക്കാൻ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ നേരത്തെ തന്നെ കരുതണം.
സയൻസ്, മാത്തമാറ്റിക്‌സ്, സോഷ്യൽ സയൻസ്, ലാംഗ്വേജസ് തുടങ്ങിയ വിഷയങ്ങൾക്കായിട്ടാണ് രണ്ടാം ബോർഡ് പരീക്ഷ നടത്തിയത്.
പുനർമൂല്യനിർണയം
ഫലപ്രഖ്യാപനത്തിന് ശേഷം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും മാർക്ക് പരിശോധനയ്ക്കുമായി വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് ഒരു വിഷയത്തിന് 100 രൂപയാണ് ഫീസ്.
സിബിഎസ്ഇ ഇത്തവണയും പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയ്ക്ക് റാങ്ക് പട്ടികയോ മെരിറ്റ് ലിസ്റ്റോ പ്രസിദ്ധീകരിക്കില്ല. മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, കമ്പാർട്ട്മെന്റ് വിഭാഗത്തിൽപ്പെട്ടവർ, സിബിഎസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള പ്രൈവറ്റ് കാൻഡിഡേറ്റുകൾ എന്നിവർക്കായിരുന്നു രണ്ടാം ബോർഡ് പരീക്ഷ എഴുതാൻ അവസരമുണ്ടായിരുന്നത്.
ഏപ്രിൽ 15-ന് പ്രഖ്യാപിച്ച സിബിഎസ്ഇ പത്താം ക്ലാസ് പ്രധാന പരീക്ഷയിൽ 93.70% വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. പെൺകുട്ടികളായിരുന്നു ആൺകുട്ടികളേക്കാൾ കൂടുതൽ മികച്ച വിജയം നേടിയത്. രണ്ടാം ബോർഡ് പരീക്ഷാ ഫലം വരുമ്പോൾ വിദ്യാർത്ഥികൾക്ക് ഓൺലൈനായി പ്രൊവിഷണൽ മാര്‍ക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാം. ഒറിജിനൽ സ്കോർകാർഡുകൾ സിബിഎസ്ഇ നേരിട്ട് സ്കൂളുകളിലേക്ക് അയക്കും.
വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്
ഫലപ്രഖ്യാപനത്തിന്റെ കൃത്യമായ തീയതിയെക്കുറിച്ച് ബോർഡ് ഔദ്യോഗിക സ്ഥിരീകരണം നൽകാത്തതിനാൽ, സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളിൽ വീഴാതെ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം പരിശോധിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.
English Summary
The CBSE Class 10 Second Board Result 2026 is expected to be declared in the first week of July. Over 6 lakh students can check their scores on official websites, DigiLocker, and the UMANG app. CBSE will issue a single revised marksheet reflecting the best marks scored in each subject. Students can apply online for answer script verification and revaluation for a fee of Rs 100 per subject.