CBSE Class 12 Exams 2026: 12-ാം ക്ലാസ് പരീക്ഷയ്ക്ക് ‘ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങു’മായി സിബിഎസ്ഇ; പ്രാധാന്യം അറിയൂ
CBSE On Screen Marking Explained: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണ്ണയത്തിനായി ഓൺ-സ്ക്രീൻ മാർക്കിംഗ് അവതരിപ്പിക്കാൻ സിബിഎസ്ഇ. ഇത്തവണത്തെ പരീക്ഷ മുതല്‍ ഒഎസ്എം നടപ്പിലാക്കും. കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

CBSE
ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണ്ണയത്തിനായി ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) അവതരിപ്പിക്കാൻ സിബിഎസ്ഇ തീരുമാനിച്ചു. ഇത്തവണത്തെ പരീക്ഷ മുതല്‍ ഒഎസ്എം നടപ്പിലാക്കും. കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിർണ്ണയം ഇത്തവണ മുമ്പത്തെപ്പോലെ തന്നെ തുടരും.
ഇതുപ്രകാരം പന്ത്രണ്ടാം ക്ലാസിലെ ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലായി മൂല്യനിര്‍ണ്ണയം നടത്തും. പിഴവുകള്‍ ഇല്ലാതാക്കല്‍, മാനുഷിക ഇടപെടല്‍ കുറച്ചുള്ള ഓട്ടോമേറ്റഡ് കോര്‍ഡിനേഷന്‍, വേഗത്തിലുള്ള മൂല്യനിര്‍ണ്ണയം തുടങ്ങിയ നേട്ടങ്ങള്‍ ഇതുവഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ.
അധ്യാപകർക്ക് അവരുടെ സ്കൂളുകളിൽ തന്നെ തുടരാനും പതിവ് ജോലികൾ തുടരാനും കഴിയും. ഗതാഗത സമയവും ചെലവും ലാഭിക്കാം. റിസള്‍ട്ടിന് ശേഷമുള്ള മാര്‍ക്കുകളുടെ വെരിഫിക്കേഷനും ആവശ്യം വരില്ല. എല്ലാ സ്‌കൂളുകള്‍ക്കും മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമാകാനും അവസരമുണ്ട്.
സ്‌കൂളുകള്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍
- അഫിലിയേഷൻ ബൈ-ലോകൾ പ്രകാരം പബ്ലിക് സ്റ്റാറ്റിക് ഐപി ഉള്ള കമ്പ്യൂട്ടർ ലാബ്.
- വിൻഡോസ് ഒഎസ് 8 അല്ലെങ്കിൽ അതിൽ കൂടുതലുള്ള പിസി/ലാപ്‌ടോപ്പ്, 4 ജിബി റാം അല്ലെങ്കിൽ അതിൽ കൂടുതല്‍, സി:/ ഡ്രൈവിൽ 1 ജിബി ഫ്രീ സ്‌പേസ്.
- ലേറ്റസ്റ്റ് ഇന്റർനെറ്റ് ബ്രൗസർ (ക്രോം/എഡ്ജ്/ഐഇ/ഫയർഫോക്സ്)
- അഡോബ് റീഡർ (https://get.adobe.com/reader/ ൽ നിന്ന് ഡൗൺലോഡ് ചെയ്യാം).
- ഇന്റർനെറ്റ് കണക്റ്റിവിറ്റി (കുറഞ്ഞത് 2 Mbps).
- തടസ്സമില്ലാത്ത വൈദ്യുതി വിതരണം.
ഒഎഎസ്‌ഐഎസ് ഐഡികളുള്ള എല്ലാ അധ്യാപകർക്കും ലോഗിൻ ചെയ്യാനും സിസ്റ്റവുമായി പരിചയപ്പെടാനും സിബിഎസ്ഇ അനുവദിക്കും. പരിശീലനത്തിനായി ഒന്നിലധികം ഡ്രൈ റണ്ണുകൾ നടത്തും. പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പ്രശ്‌ന പരിഹാരത്തിനായി ഒരു കോൾ സെന്ററും സിബിഎസ്ഇ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശദമായ നിർദ്ദേശങ്ങൾ പ്രത്യേകം നൽകുന്നതാണെന്ന് സിബിഎസ്ഇ അറിയിച്ചു.