School Holiday: കനത്ത മഴ; ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
Collector Declares Holiday for All Educational Institutions in Thrissur: സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 4 ശനിയാഴ്ച, ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 4 ശനിയാഴ്ച, ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല.
താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും, ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും, തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തി, വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നതായി കളക്ടർ അറിയിച്ചു.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. കൂടാതെ, ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കാനും നിര്‍ദേശം നൽകി.
ALSO READ: കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍കരുതല്‍ നടപടി; അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
ഫെയ്സ്ബുക്ക് പോസ്റ്റ്
തൃശ്ശൂർ കാലാവസ്ഥ മുന്നറിയിപ്പ്
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, തൃശ്ശൂർ ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. തൃശ്ശൂരിനെ കൂടാതെ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
അതേസമയം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ മാത്രം (രാവിലെ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ ജില്ലയിലും അവധി
മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ 21 ദിവസത്തേക്ക് മുന്‍കാല പ്രാബല്യത്തോടെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. രോഗവ്യാപനം തടയാന്‍ ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസത്തേക്ക് അവധി അനുവദിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ അവധി അനുവദിച്ച് ഉത്തരവിട്ടത്.
സ്‌കൂളിന് അവധി പ്രഖ്യാപിച്ച ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതാണ്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗവ്യാപനം തടയാന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്. ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ പി.വി. മുന്നറിയിപ്പ് നൽകി.
English Summary:
District Collector declared holiday for all educational institutions in Thrissur on Saturday, July 4, 2026, due to continuous heavy rainfall, rising water levels in rivers and dams, and reports received from various taluks.