Kerala School Holiday: കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍കരുതല്‍ നടപടി; അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
Holiday Announced for Alappuzha Thumpoly SNV LP School: മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ 21 ദിവസത്തേക്ക് മുന്‍കാല പ്രാബല്യത്തോടെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.
ആലപ്പുഴ: മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ 21 ദിവസത്തേക്ക് മുന്‍കാല പ്രാബല്യത്തോടെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. രോഗവ്യാപനം തടയാന്‍ ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസത്തേക്ക് അവധി അനുവദിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ അവധി അനുവദിച്ച് ഉത്തരവിട്ടത്.
സ്‌കൂളിന് അവധി പ്രഖ്യാപിച്ച ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗവ്യാപനം തടയാന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്.
ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ പി.വി. മുന്നറിയിപ്പ് നൽകി. ‘പാരമിക്സോ വൈറസ്’ എന്ന രോഗാണുവാണ് ഈ പകർച്ചവ്യാധിക്ക് കാരണമാകുന്നത്. വായുവിലൂടെ വളരെ വേഗത്തിൽ പകരുന്ന ഈ അസുഖം പ്രധാനമായും ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്.
അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് മുണ്ടിനീര് സാധാരണയായി പകരുന്നത്. സാധാരണയായി കുട്ടികളിലാണ് ഈ രോഗം വ്യാപകമായി കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാം.
ചെവിയുടെ താഴെയായി കവിളിന്റെ വശങ്ങളില്‍ വീക്കം ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. മുഖത്തിന്റെ ഒരു വശത്തെയോ അല്ലെങ്കിൽ ഇരുവശങ്ങളെയുമോ ഈ വീക്കം ഒരുപോലെ ബാധിച്ചേക്കാം. നീരുള്ള ഭാഗങ്ങളിൽ വേദനയും അനുഭവപ്പെടാം.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക:
നേരിയ പനിയും തലവേദനയുമാണ് രോഗത്തിന്റെ പ്രാരംഭ സൂചനകളായി പ്രകടമാകുന്നത്. രോഗം മൂർച്ഛിക്കുന്നതോടെ വായ തുറക്കാനും ഭക്ഷണം ചവച്ചരച്ച് കഴിക്കാനും വെള്ളം ഇറക്കാനും രോഗി കടുത്ത പ്രയാസം നേരിടും. വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന എന്നിവയും പ്രധാന ലക്ഷണങ്ങളാണ്.
ഔദ്യോഗിക അറിയിപ്പ്:
പലപ്പോഴും ഇതിനെ സാധാരണ പല്ലുവേദനയോ, വെറുമൊരു നീരോ, തൊണ്ടവേദനയോ ആയി തെറ്റിദ്ധരിച്ച് യഥാസമയം ചികിത്സ തേടാൻ ആളുകൾ മടിക്കാറുണ്ട്. എന്നാൽ ഇത്തരം അശ്രദ്ധകൾ അരുത്. ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ഒട്ടും വൈകാതെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ഡോക്ടറെ കണ്ട് ചികിത്സ ആരംഭിക്കുകയും വേണം.
രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന ഉമിനീരിന്റെയും സ്രവങ്ങളുടെയും കണികകൾ വായുവിൽ കലരുന്നതിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗിയുമായി നേരിട്ട് അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും, അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങളോ മറ്റ് വ്യക്തിഗത വസ്തുക്കളോ കൈകാര്യം ചെയ്യുന്നതിലൂടെയും രോഗം പകരാം.
English Summary
A 21-day holiday was declared for SNV LP School in Thumpoly, Alappuzha. The long closure was ordered following a sudden outbreak of mumps among students. Health officials recommended the three-week break to break the virus infection chain. Online classes will be conducted during this period to avoid losing study days.