CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
NTA CUET UG 2026 Results Announced: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷാ ഫലം ദേശീയ പരീക്ഷാ ഏജൻസി പ്രഖ്യാപിച്ചു. ഡൽഹി സ്വദേശിനിയായ ദേവിന ഗഹ്‌ലോട്ട് ഒന്നാം റാങ്ക് കരസ്ഥമാക്കി. 18-ാം റാങ്ക് നേടിയ കേരളത്തിൽ നിന്നുള്ള അലീഷ മരിയ തോമസ് ആണ് ദക്ഷിണേന്ത്യയിലെ ടോപ്പര്‍.

CUET UG Candidates File Pic
NTA Declares CUET UG 2026 Results: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET UG 2026) പരീക്ഷാ ഫലം ദേശീയ പരീക്ഷാ ഏജൻസി (NTA) പ്രഖ്യാപിച്ചു. ഡൽഹി സ്വദേശിനിയായ ദേവിന ഗഹ്‌ലോട്ട് 1232.19 സ്കോർ നേടി രാജ്യത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കി. ആദ്യ 20 റാങ്കുകളിൽ ഒൻപത് സ്ഥാനങ്ങളും ഉത്തരേന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ സ്വന്തമാക്കിയപ്പോൾ, 1180.91 സ്കോറോടെ 18-ാം റാങ്ക് നേടിയ കേരളത്തിൽ നിന്നുള്ള അലീഷ മരിയ തോമസ് ആണ് ദക്ഷിണേന്ത്യയിലെ ടോപ്പര്‍.
രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളിലെയും മറ്റ് പങ്കാളിത്ത സർവ്വകലാശാലകളിലെയും/സ്ഥാപനങ്ങളിലെയും/കോളേജുകളിലെയും ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് സിയുഇടി യുജി പരീക്ഷ നടത്തിയത്. ഇതുവഴി ഒരൊറ്റ പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് രാജ്യത്തെ വിവിധ കേന്ദ്ര സർവ്വകലാശാലകളിലേക്കും മറ്റ് പങ്കാളിത്ത സർവ്വകലാശാലകളിലേക്കും (സംസ്ഥാന, ഡീംഡ്, പ്രൈവറ്റ് സർവ്വകലാശാലകൾ ഉൾപ്പെടെ) അപേക്ഷിക്കാനാകും.
ഓണ്‍ലൈനായി നടത്തിയ പരീക്ഷയില്‍ ആകെ 15,68,867 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 19 ദിവസങ്ങളിലായി 35 ഷിഫ്റ്റുകളിലായാണ് രാജ്യത്തുടനീളവും വിദേശ നഗരങ്ങളിലുമായി 12,906 വ്യത്യസ്ത വിഷയ കോമ്പിനേഷനുകളിലുള്ള പരീക്ഷ എൻടിഎ പൂർത്തിയാക്കിയത്.
പരമാവധി 5 വിഷയങ്ങൾ വരെയാണ് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ അനുവാദമുണ്ടായിരുന്നത്. ആകെ 37 വിഷയങ്ങളാണ് നൽകിയിരുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളില്‍ ചോദ്യപേപ്പറുകൾ ലഭ്യമാക്കി.
ഇന്ത്യയിലെയും വിദേശങ്ങളിലെയും ഉൾപ്പെടെ ആകെ 321 നഗരങ്ങളിലാണ് പരീക്ഷ നടന്നത്. അബുദാബി, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂർ, കുവൈറ്റ് സിറ്റി, ലാഗോസ്, മനാമ, മസ്കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ, വെസ്റ്റ് ജാവ, വാഷിംഗ്ടൺ എന്നിവയാണ് പരീക്ഷ നടന്ന വിദേശ നഗരങ്ങള്‍.
മികച്ച പ്രകടനം:
- തിരഞ്ഞെടുത്ത അഞ്ച് വിഷയങ്ങളിൽ നാലിലും 100 പെർസന്റൈൽ സ്കോർ നേടിയത് ഒരു വിദ്യാര്‍ത്ഥി
- തിരഞ്ഞെടുത്ത വിഷയങ്ങളിൽ 3 എണ്ണത്തിൽ 100 പെർസന്റൈൽ സ്കോർ നേടാൻ 22 പേർക്ക് സാധിച്ചു
- 2 വിഷയങ്ങളിൽ 100 പെർസന്റൈൽ സ്കോർ നേടിയത് 180 പേര്‍
- ഒരു വിഷയത്തിൽ 100 പെർസന്റൈൽ സ്കോർ സ്വന്തമാക്കാൻ 3,214 വിദ്യാർത്ഥികൾക്ക് കഴിഞ്ഞു
പരീക്ഷാഫലം പരിശോധിക്കേണ്ട വിധം:
വിദഗ്ദ്ധർ പരിശോധിച്ച് ഉറപ്പുവരുത്തിയ അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് പരീക്ഷാഫലം തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ https://cuet.nta.nic.in/-ൽ ഫലം പരിശോധിക്കാം. പരീക്ഷ പൂർത്തിയായി വെറും 16 ദിവസത്തിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കാൻ സാധിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഫലപ്രഖ്യാപപനം 14 ദിവസം നേരത്തെ സാധിച്ചു.
വിദ്യാർത്ഥികളുടെ പരീക്ഷാ ഫലങ്ങൾ അതത് സർവ്വകലാശാലകളുമായി പങ്കുവെയ്ക്കുമെന്ന് എന്‍ടിഎ അറിയിച്ചു. തുടർനടപടികൾക്കും പ്രവേശന വിവരങ്ങൾക്കുമായി വിദ്യാർത്ഥികൾ അതത് സർവ്വകലാശാലകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെടണം. പരീക്ഷ വിജയകരമായി നടത്തുന്നതിന് നല്‍കിയ പിന്തുണകള്‍ക്ക് വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ, പരീക്ഷ നടന്ന രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, സംസ്ഥാന-ജില്ലാ ഭരണകൂടങ്ങൾ തുടങ്ങിയവയ്ക്ക് എന്‍ടിഎ നന്ദി അറിയിച്ചു.
English Summary
NTA has declared the CUET UG 2026 results within 16 days of the exam. A total of 15.68 lakh unique candidates registered for this national entrance test. Devina Gahlot from Delhi topped the country with an aggregate score of 1232.19. Over 3,400 students secured a perfect 100 percentile in at least one subject.