IBPS PO Recruitment 2026: വിവിധ പൊതുമേഖലാ ബാങ്കുകളിലായി പി.ഒ, മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!
IBPS Bank PO Recruitment 2026 Details in Malayalam: വിവിധ പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന കോമൺ റിക്രൂട്ട്‌മെന്റ് പ്രോസസ്സ് വഴിയാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്.

IBPS
വിവിധ പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന കോമൺ റിക്രൂട്ട്‌മെന്റ് പ്രോസസ്സ് വഴിയാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമായും രണ്ടു തരം ഓണ്‍ലൈന്‍ പരീക്ഷകളുണ്ടാകും; പ്രിലിമിനറിയും, മെയിനും. പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ മെയിൻ പരീക്ഷ എഴുതാനാകൂ. മെയിൻ പരീക്ഷയിലും മികച്ച വിജയം കൈവരിക്കുന്നവരെ പേഴ്‌സണാലിറ്റി ടെസ്റ്റിനും തുടർന്ന് പൊതു അഭിമുഖത്തിനും വിളിക്കുന്നതായിരിക്കും. ഇതിന് ശേഷം അലോട്ട്‌മെന്റ് പുറത്തുവിടും.
ജൂലൈ 21 വരെ അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗ, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 175 രൂപയും, മറ്റെല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ജിഎസ്ടി ഉൾപ്പെടെ 850 രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷകർക്കായുള്ള പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് ഓഗസ്റ്റിൽ നടക്കും. ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെ കോൾ ലെറ്ററുകൾ ഓഗസ്റ്റ് മാസത്തിൽ ഡൗൺലോഡ് ചെയ്യാം. പ്രിലിമിനറി പരീക്ഷ ഓഗസ്റ്റിലും അതിന്റെ ഫലം സെപ്റ്റംബറിലും പ്രസിദ്ധീകരിക്കും. തുടർന്ന് മെയിൻ പരീക്ഷയുടെ കോൾ ലെറ്ററുകൾ സെപ്റ്റംബറില്‍ ലഭ്യമാകും. ഒക്ടോബറിൽ നടക്കുന്ന ഓൺലൈൻ മെയിൻ പരീക്ഷയുടെ ഫലം നവംബറിൽ പ്രഖ്യാപിക്കും. നവംബറില്‍ പേഴ്‌സണാലിറ്റി ടെസ്റ്റും, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അഭിമുഖവും നടക്കും. ഉദ്യോഗാർത്ഥികൾക്കുള്ള താല്ക്കാലിക ബാങ്ക് അലോട്ട്മെന്റ് ജനുവരിയില്‍ പൂർത്തിയാകും.
അടിസ്ഥാന ശമ്പളം:
അടിസ്ഥാന ശമ്പളം 48480-2000/7-62480-2340/2-67160-2680/7-85920 എന്ന സ്കെയിലിൽ ആയിരിക്കും. ഇതിന് പുറമെ അതത് ബാങ്കുകളിൽ നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ മറ്റ് അലവൻസുകൾക്കും ആനുകൂല്യങ്ങൾക്കും ഉദ്യോഗാർത്ഥികൾ അർഹരായിരിക്കും. 20-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്ന ദിവസം ഉദ്യോഗാർത്ഥിയുടെ പക്കൽ യോഗ്യത തെളിയിക്കുന്ന കൃത്യമായ മാർക്ക് ലിസ്റ്റോ ബിരുദ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കൂടാതെ ഡിഗ്രിക്ക് ലഭിച്ച മാർക്കിന്റെ ശതമാനം അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തുകയും വേണം.
ഒഴിവുകളുള്ള ബാങ്കുകള്‍:
- ബാങ്ക് ഓഫ് ബറോഡ
- ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് മഹാരാഷ്ട്ര
- കാനറ ബാങ്ക്
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യൻ ബാങ്ക്
- ഇന്ത്യൻ ഓവർസീസ് ബാങ്ക്
- പഞ്ചാബ് നാഷണൽ ബാങ്ക്
- പഞ്ചാബ് & സിന്ധ് ബാങ്ക്
- യൂക്കോ ബാങ്ക്
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഈ പരീക്ഷകളിൽ നെഗറ്റീവ് മാർക്കിംഗ് രീതി ഉണ്ടായിരിക്കും. ഒബ്ജക്ടീവ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾ രേഖപ്പെടുത്തുന്ന ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് കുറയ്ക്കുന്നതാണ്. എന്നാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒഴിഞ്ഞിട്ടാൽ അതിന് പിഴ മാർക്ക് ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാം.
English Summary
IBPS has released the notification for Probationary Officer (PO) recruitment. Candidates can apply online for eleven participating public sector banks. The selection process includes preliminary exams, main exams, and an interview. Eligible graduates must submit their online applications before July 21, 2026.