KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ അവസാന അവസരം; മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി
Engineering Rank List Mark Submission Date Extended: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 14 വരെ നീട്ടി. ജൂണ്‍ 14-നുള്ളില്‍ മാര്‍ക്കുകള്‍ സമര്‍പ്പിക്കാത്തവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല.

Keam 2026 Mark Submission
KEAM Rank List: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 14 വരെ നീട്ടി. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയുടെ രണ്ടാം വര്‍ഷത്തിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് വഴി ജൂണ്‍ 14-ന് വൈകുന്നേരം ആറു മണിക്കകം സമര്‍പ്പിക്കണം. നേരത്തെ ജൂണ്‍ ഏഴു വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ജൂണ്‍ 14-നുള്ളില്‍ മാര്‍ക്കുകള്‍ സമര്‍പ്പിക്കാത്തവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല.
http://cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് മാര്‍ക്കുകള്‍ സമര്‍പ്പിക്കേണ്ടത്. കെമിസ്ട്രി പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോളജി എന്നിവയുടെ മാര്‍ക്കുകള്‍ സമര്‍പ്പിക്കാം. പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ‘കീം 2026-കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ വഴിയാണ് മാര്‍ക്ക് നല്‍കേണ്ടത്.
മാര്‍ക്ക് സമര്‍പ്പിക്കേണ്ട വിധം:
അപേക്ഷാ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി കാന്‍ഡിഡേറ്ര് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ‘Mark Submission for Engg’ എന്ന മെനു ക്ലിക്ക് ചെയ്ത് മാര്‍ക്ക് സമര്‍പ്പിക്കാം. പരീക്ഷ പാസായതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസ്തുത ബോര്‍ഡുകള്‍ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് വെബ്‌പേജില്‍ ദൃശ്യമാകും.
വെബ്‌പേജില്‍ കാണിച്ചിട്ടുള്ള ഈ മാര്‍ക്കുകള്‍ ശരിയാണെങ്കില്‍ ‘Submit Mark data’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക് സമര്‍പ്പിക്കാം. എന്നാല്‍ വെബ്‌പേജില്‍ ദൃശ്യമാകുന്ന മാര്‍ക്കുകള്‍, മാര്‍ക്ക് ലിസ്റ്റിലുള്ളതില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ ‘Change’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
തുടര്‍ന്ന് ശരിയായ മാര്‍ക്ക് വിശദാംശങ്ങള്‍ രേഖപ്പെടുത്തിയശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. പ്രസ്തുത ബോര്‍ഡുകള്‍ മാര്‍ക്ക് വിശദാംശങ്ങള്‍ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കിയിട്ടില്ലെങ്കില്‍, വിദ്യാര്‍ത്ഥികള്‍ അത്തരം വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിഷ്‌കര്‍ഷിക്കുന്നതുപോലെ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യണം.
പരീക്ഷാ ബോര്‍ഡിന്റെ ഡാറ്റ ലഭ്യമല്ലാതിരുന്നതിനാല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടി വന്നവരും, തിരുത്തലുകള്‍ വരുത്തേണ്ടി വന്ന വിദ്യാര്‍ത്ഥികളും മാര്‍ക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ മാര്‍ക്ക് ലിസ്റ്റും അപ്‌ലോഡ് ചെയ്യണം. ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തതയുള്ളതായിരിക്കണം.
കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്
മാര്‍ക്ക് സമര്‍പ്പിച്ചതിനു ശേഷം ‘മാര്‍ക്ക് സബ്മിഷന്‍ കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്’ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ടവര്‍, അത് ചെയ്താല്‍ മാത്രമേ കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ലഭിക്കൂ. മാര്‍ക്ക് കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കരുത്.
ഓരോ വിഷയത്തിനും ലഭിച്ച മാര്‍ക്ക്, പരമാവധി മാര്‍ക്ക്, ഓരോ വിഷയവും പാസായ വര്‍ഷം, പരീക്ഷാ ബോര്‍ഡ് തുടങ്ങിയ വിശദാംശങ്ങള്‍ അഡ്മിഷന്‍ സമയത്ത് പരിശോധിക്കും. നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
English Summary
The deadline to submit qualifying exam marks for the KEAM Engineering rank list has been extended to June 14, 2026, at 6:00 PM. Candidates must log in to the “KEAM 2026-Candidate Portal” on the official website (cee.kerala.gov.in) to submit their marks. If the displayed marks are incorrect or missing, students must enter the correct data and upload their official mark list. After submission, candidates must download and keep the confirmation report, but they should not send it to the CEE office.