Kerala Plus Two Revaluation 2026: പ്ലസ് ടു പരീക്ഷാ ഫലത്തിൽ അതൃപ്തിയുണ്ടോ?; റീവാല്യൂവേഷനും ഫോട്ടോകോപ്പിക്കും അപേക്ഷിക്കാം
Kerala Plus Two Revaluation Fee And Date: പരീക്ഷാ ഫലത്തിൽ എന്തെങ്കിലും തരത്തിലുള്ള അതൃപ്തിയോ മാർക്കിൽ സംശയമോ ഉള്ള വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസരം വരും ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഈ അപേക്ഷാ പ്രക്രിയയുടെ വിശദമായ വിവരങ്ങൾ നമുക്ക് പരിശോധിക്കാം.
ഹയർ സെക്കൻഡറി രണ്ടാം വർഷ (Plus Two) പരീക്ഷാ ഫലം വന്നതിന് പിന്നാലെ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത വിഷമത്തിൽ ധാരാളം കുട്ടികളുണ്ടാകും. പരീക്ഷാ ഫലത്തിൽ എന്തെങ്കിലും തരത്തിലുള്ള അതൃപ്തിയോ മാർക്കിൽ സംശയമോ ഉള്ള വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസരം വരും ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഈ അപേക്ഷാ പ്രക്രിയയുടെ വിശദമായ വിവരങ്ങൾ നമുക്ക് പരിശോധിക്കാം. മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം ഇക്കഴിഞ്ഞ 26ാം തീയതിയാണ് പ്രസിദ്ധീകരിച്ചത്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഫീസ് സഹിതം, വിദ്യാർത്ഥികൾ സ്കൂളിലെ പ്രിൻസിപ്പാളിന് ജൂൺ മൂന്നിനകം സമർപ്പിക്കേണ്ടതാണ്. ഇരട്ട മൂല്യനിർണ്ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയമോ, സൂക്ഷ്മപരിശോധനയോ ഉണ്ടായിരിക്കുന്നതല്ല എന്ന കാര്യം വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ മേൽപ്പറഞ്ഞ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
Also Read: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് എത്ര രൂപ നല്‍കണം? എങ്ങനെ അപേക്ഷിക്കാം?
ലക്ഷദ്വീപിലുളള ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ അപേക്ഷാഫീസ്, ഡിമാൻ്റ് ഡ്രാഫ്റ്റ് (Drawn in favour of Joint Director, Examinations (Higher Secondary Wing), Directorate of General Education, Thiruvananthapuram) മുഖാന്തിരം അതാതു സ്കൂൾ പ്രിൻസിപ്പാൾമാർ ജൂൺ മൂന്നനകം സമർപ്പിക്കേണ്ടതാണ്. എന്നാൽ അൺ-എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നും പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്‌ഷ്മപരിശോധന എന്നിവയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ പ്രിൻസിപ്പാൾമാർ ട്രഷറികളിൽ ഒടുക്കേണ്ടതാണ്. റീഫണ്ടിന് അർഹരായ അൺ-എയ്‌ഡഡ് സ്കൂൾ വിദ്യാർത്ഥികളുടെ അപേക്ഷ ചലാൻ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അതാത് പ്രിൻസിപ്പാൾമാർ മുഖേന ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിലേയ്ക്ക് അയച്ചു നൽകേണ്ടതാണ്.
പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ
പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഡി പ്ലസ് ഗ്രേഡോ, അതിന് മുകളിലോ നേടാനാകാത്തവർ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ഗ്രേഡോ, അതിന് മുകളിലോ നേടിയവർക്ക് ഏതെങ്കിലും ഒരു വിഷയത്തിന് മാത്രം ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. ബയോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നവർ ബോട്ടണിയും, സുവോളജിയും എഴുതേണ്ടതുണ്ട്.
മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാത്തവർക്ക് ജൂണിൽ നടക്കുന്ന സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനാകില്ല എന്ന കാര്യം വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. സേ പരീക്ഷയിൽ വിദ്യാർത്ഥിക്ക് ഇതുവരെ കിട്ടിയ സ്‌കോറുകളുടെ അടിസ്ഥാനത്തിൽ യോഗ്യത രേഖപ്പെടുത്തി ക്രോഡീകരിച്ച സർട്ടിഫിക്കറ്റാകും നൽകുക. പരീക്ഷാ കേന്ദ്രങ്ങളുടെയും, ക്ലബ് ചെയ്യപ്പെട്ട സ്‌കൂളുകളുടെയും ലിസ്റ്റ് https://hseportal.kerala.gov.in/ എന്ന വകുപ്പുതല പോർട്ടലിൽ ലഭിക്കും.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിൽ നിന്ന് തന്നെ അപേക്ഷാം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഫീസ് സഹിതം നിശ്ചിത സമയപരിധിക്കുള്ളിൽ സ്‌കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടത്. അപേക്ഷയിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ ഉണ്ടായിരിക്കണം. പ്രിൻസിപ്പൽ അത് സാക്ഷ്യപ്പെടുത്തണം. സേ പരീക്ഷയും, ഇംപ്രൂവ്‌മെന്റ് പരീക്ഷയും ജൂൺ 29 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. വിജ്ഞാപനം എച്ച്എസ്ഇ പോർട്ടലിൽ ലഭ്യമാണ്. ഈ വിജ്ഞാപനം പൂർണമായും വായിക്കേണ്ടതാണ്.
English Summary:
Kerala, has officially opened the application window for Revaluation, Scrutiny, and Photocopy of answer sheets for the Second Year (Plus Two) March 2026 Higher Secondary Examinations. Before submitting the application form students must know these things.