Kerala SSLC SAY Exam 2026: എസ്എസ്എൽസി സേ പരീക്ഷാ ഹാൾ ടിക്കറ്റുകൾ പുറത്ത്; എങ്ങനെ കൈപ്പറ്റാം, പരീക്ഷകൾ ജൂൺ 10 മുതൽ
Kerala SSLC SAY Exam Hall Tickets Out: ജൂൺ 10 മുതൽ ജൂൺ 17 വരെയാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് സേ പരീക്ഷകൾ നടത്തുന്നത്. സ്കൂൾ അധികൃതർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിൽ നിന്ന് നേരിട്ട് അഡ്മിറ്റ് കാർഡുകൾ കൈപ്പറ്റാവുന്നതാണ്. പരീക്ഷാ ഹാളിലേക്ക് പോകുമ്പോൾ അതത് സ്കൂളിൽ നിന്ന് ലഭിച്ച ഒറിജിനൽ ഹാൾ ടിക്കറ്റും ഒപ്പം സാധുവായ ഒരു തിരിച്ചറിയൽ രേഖയും നിർബന്ധമായും കൈയ്യിൽ കരുതേണ്ടതാണ്.

പ്രതീകാത്മക ചിത്രം
ഈ വർഷത്തെ എസ്എസ്എൽസി ‘സേ’ (SAY – Save A Year) / ഇംപ്രൂവ്‌മെൻ്റ് പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ ഔദ്യോഗികമായി പുറത്തിറക്കി. ഉന്നത പഠനത്തിന് യോഗ്യത നേടാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 10 മുതൽ ജൂൺ 17 വരെയാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് സേ പരീക്ഷകൾ നടത്തുന്നത്. സ്കൂൾ അധികൃതർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിൽ നിന്ന് നേരിട്ട് അഡ്മിറ്റ് കാർഡുകൾ കൈപ്പറ്റാവുന്നതാണ്.
മാർച്ച് 2026-ലെ മെയിൻ ബോർഡ് പരീക്ഷയിൽ മിനിമം യോഗ്യതാ മാർക്ക് (D+ ഗ്രേഡ്) നേടാൻ കഴിയാതെ പോയ വിദ്യാർത്ഥികൾക്ക് വരുന്ന അക്കാദമിക് വർഷം നഷ്ടപ്പെടാതെ തുടർപഠനം ഉറപ്പാക്കാനുള്ള അവസരമാണ് സേ പരീക്ഷയിലൂടെ വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. പരീക്ഷാ ഹാളിലേക്ക് പോകുമ്പോൾ അതത് സ്കൂളിൽ നിന്ന് ലഭിച്ച ഒറിജിനൽ ഹാൾ ടിക്കറ്റും ഒപ്പം സാധുവായ ഒരു തിരിച്ചറിയൽ രേഖയും നിർബന്ധമായും കൈയ്യിൽ കരുതേണ്ടതാണ്.
ALSO READ: ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്നവരാണോ? പ്ലസ് വൺ അപേക്ഷക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം
ഹാൾ ടിക്കറ്റ് എങ്ങനെ കൈപ്പറ്റാം?
- ആദ്യം തന്നെ നിങ്ങൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിൽ ബന്ധപ്പെടുക.
- വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ച അതത് സ്കൂളുകളിലെത്തി വേണം ഹാൾ ടിക്കറ്റുകൾ കൈപ്പറ്റാൻ.
- സ്കൂൾ അധികൃതർക്ക് ഔദ്യോഗിക പോർട്ടൽ വഴി സ്കൂൾ ലോഗിൻ ഉപയോഗിച്ച് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
- ഹാൾ ടിക്കറ്റ് കൈപ്പറ്റുമ്പോൾ അതിൽ സ്കൂൾ പ്രധാനാധ്യാപകൻ്റെ ഒപ്പും സ്കൂളിൻ്റെ ഔദ്യോഗിക സീലും ഉണ്ടെന്ന് വിദ്യാർത്ഥികൾ ഉറപ്പുവരുത്തണം.
- അതുപോലെ തന്നെ നിങ്ങളുടെ പേരുവിവരങ്ങളും റോൾ നമ്പരും എല്ലാം ഹാൾ ടിക്കറ്റിൽ കൃത്യമാണോ എന്ന് പരിശോധിക്കണം.
പരീക്ഷാ ഹാളിൽ ശ്രദ്ധിക്കേണ്ടത്
ഹാൾ ടിക്കറ്റ്: ഒപ്പും സീലും ഉള്ള അസ്സൽ ഹാൾ ടിക്കറ്റ് ഇല്ലാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.
പരീക്ഷാ സമയം: നിശ്ചിത സമയത്തിന് കുറഞ്ഞത് 30 മിനിറ്റ് മുൻപെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരാൻ ശ്രമിക്കുക.
വിലക്കപ്പെട്ട വസ്തുക്കൾ: കാൽക്കുലേറ്ററുകൾ, സ്മാർട്ട് വാച്ചുകൾ, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എന്നിവ പരീക്ഷാ ഹാളിലേക്ക് കൊണ്ടുവരാൻ പാടുള്ളതല്ല.
പ്ലസ് വൺ അഡ്മിഷൻ സാധ്യത: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അലോട്ട്മെൻ്റ് പ്രക്രിയകൾ പുരോഗമിക്കുന്നതിനാൽ, ഈ പരീക്ഷയുടെ ഫലം ജൂൺ അവസാന വാരത്തോടെ പ്രഖ്യാപിച്ചേക്കും.
ടൈംടേബിൾ വിശദമായി
- ആദ്യദിനമായ ജൂൺ 10ന് രാവിലെ 9:30 മുതൽ 11:15 വരെയാണ് ഒന്നാം ഭാഷാ പേപ്പറായ മലയാളം പരീക്ഷ നടക്കുന്നത്.
- ജൂൺ 10 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സാമൂഹ്യശാസ്ത്രം (Social Science) പരീക്ഷ നടത്തുന്നതാണ്.
- രണ്ടാം ദിനമായ ജൂൺ 11 വ്യാഴാഴ്ച്ച രാവിലെ ഗണിതശാസ്ത്രം (Mathematics) പരീക്ഷ നടക്കും.
- ജൂൺ 11 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം 1:45 മുതൽ – 3:30 വരെ മലയാളം പാർട്ട് രണ്ട് പരീക്ഷ നടത്തുന്നതാണ്.
- ജൂൺ 12 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ രാവിലെ 11:15 വരെ കെമസ്ട്രി പരീക്ഷ നടക്കും.
- പിന്നീട് ജൂൺ 15 തിങ്കളാഴ്ച്ച രാവിലെ 9:30 മുതൽ 12:15 വരെ ഇംഗ്ലീഷ് പരീക്ഷ നടത്തുന്നതാണ്.
- ജൂൺ 15 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 1:45 മുതൽ 3:30 വരെയാണ് ബയോളജി പരീക്ഷ നടക്കുന്നത്.
- ജൂൺ 16 ചൊവ്വാഴ്ച്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഹിന്ദി പരീക്ഷ നടത്തും.
- ജൂൺ 16 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 1:45 മുതൽ 3:30 വരെ ഫിസിക്സ് പരീക്ഷകൾ നടത്തും.
- ജൂൺ 17 ബുധനാഴ്ച്ച രാവിലെ 9:30 മുതൽ രാവിലെ 10:45 വരെ ഐടി പരീക്ഷ നടത്തുന്നതാണ്.
English Summary:
Kerala Pareeksha Bhavan has issued the Class 10th admit cards for the Save-a-Year (SAY) examinations. Students who signed up for the special supplementary exams will be able to collect them from their respective school authorities.