NEET UG 2026: നീറ്റ് പരീക്ഷ ഇനി എന്ന്? റീ ഫണ്ട് നല്‍കുമോ? എന്‍ടിഎയുടെ അറിയിപ്പ്
NTA Addresses NEET UG 2026 Cancellation : നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയതിനെക്കുറിച്ച് വിശദീകരിച്ച് എന്‍ടിഎ. നിലവിലെ പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് റദ്ദാക്കിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും എന്‍ടിഎ അറിയിച്ചു.
ന്യൂഡല്‍ഹി: നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയതിനെക്കുറിച്ച് വിശദീകരിച്ച് എന്‍ടിഎയുടെ കുറിപ്പ്. ദേശീയ പരീക്ഷകൾ സുതാര്യവും സുരക്ഷിതവും വിശ്വസനീയവുമായി നടത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് മെയ് 8-ന് തന്നെ ഈ വിഷയം സ്വതന്ത്രമായ അന്വേഷണത്തിനും നടപടികൾക്കുമായി കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിരുന്നുവെന്ന് എന്‍ടിഎ അറിയിച്ചു. കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് പരിശോധിച്ച വിവരങ്ങളുടെയും, അന്വേഷണ ഏജൻസികൾ പങ്കുവെച്ച കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ സുതാര്യത ഉറപ്പാക്കാന്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും എന്‍ടിഎ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിശദീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് പരീക്ഷ റദ്ദാക്കിയതെന്നും എന്‍ടിഎ അറിയിച്ചു. നിലവിലെ പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം. പുനഃപരീക്ഷയുടെ തീയതിയും അഡ്മിറ്റ് കാർഡുകൾ വീണ്ടും നൽകുന്ന ഷെഡ്യൂളും വരും ദിവസങ്ങളിൽ എൻടിഎയുടെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും ഏജന്‍സി വിശദീകരിച്ചു.
എന്‍ടിഎയുടെ ട്വീറ്റ്
In continuation of its press release dated 10 May 2026, the National Testing Agency wishes to inform candidates, parents, and members of the public of the following decisions taken in respect of NEET (UG) 2026. NTA had, on 8 May 2026, referred the matters then under consideration…
— National Testing Agency (@NTA_Exams) May 12, 2026
പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ഈ വിഷയം സിബിഐക്ക് വിട്ടിരിക്കുകയാണ്. അന്വേഷണത്തിന് ആവശ്യമായ എല്ലാ രേഖകളും സഹായങ്ങളും സിബിഐക്ക് നൽകുകയും പൂർണ്ണമായി സഹകരിക്കുകയും ചെയ്യുമെന്ന് എന്‍ടിഎ അറിയിച്ചു.
Also Read: NEET UG 2026: നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്
വിദ്യാർത്ഥികളുടെ താൽപ്പര്യം മുൻനിർത്തിയും ദേശീയ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസ്യത സംരക്ഷിക്കാനുമാണ് ഈ തീരുമാനമെടുത്തത്. പരീക്ഷ വീണ്ടും നടത്തുന്നത് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ബോധ്യമുണ്ട്. എന്നാൽ ഇതിന് പകരമായി ഉണ്ടാകാനിടയുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാണ് ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് ഏജൻസി എത്തിയതെന്നും എന്‍ടിഎ അറിയിച്ചു.
പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതില്ല
പുനഃപരീക്ഷയ്ക്കായി വിദ്യാർത്ഥികൾ പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. നേരത്തെപരീക്ഷയ്ക്കായി സമർപ്പിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളും തന്നെയായിരിക്കും പരിഗണിക്കുക. അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്ന് മാത്രമല്ല, നേരത്തെ അടച്ച ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകുകയും ചെയ്യും. എൻടിഎയുടെ ആഭ്യന്തര ഫണ്ടുകൾ ഉപയോഗിച്ചായിരിക്കും പുനഃപരീക്ഷ നടത്തുന്നത്.
പരീക്ഷാ തീയതികളും അഡ്മിറ്റ് കാർഡ് വിവരങ്ങളും എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം അറിയിക്കും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും എൻടിഎ അഭ്യർത്ഥിച്ചു.
English Summary
The NTA has cancelled the NEET (UG) 2026 exam to ensure transparency and fairness. A comprehensive CBI inquiry has been ordered to investigate allegations of malpractice. The exam will be re-conducted soon, and students do not need to register again. All previously paid fees will be refunded as the NTA funds the new exam.