Teachers’ Day 2026: ‘ഗുരുക്കന്മാർക്ക് ബിഗ് സല്യൂട്ട്!’; സെപ്റ്റംബർ അഞ്ചിന് പിന്നിലെ ആ മഹത്തായ ചരിത്രം അറിയാമോ?
Teachers' Day 2026 History And Speciality: ക്ലാസ് മുറികളിലെ കേവലം പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതമൂല്യങ്ങളും നമുക്ക് സ്വപ്നം കണ്ട് വാനോളം ഉയരാനുള്ള ചിറകുകളും നൽകിയ പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാനും ആദരിക്കാനുമാണ് ഈ ദിവസം നാം ആചരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് സെപ്റ്റംബർ 5 തന്നെ അധ്യാപക ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്? അതിന് പിന്നിലൊരു പ്രചോദനാത്മകമായ ഒരു ചരിത്രമുണ്ട്. അറിയാം.

Teachers' Day
അറിവിന്റെ വെളിച്ചം പകർന്നു നൽകി വരും തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്കായി നമ്മൾ മാറ്റിവച്ചിരിക്കുന്ന ദിവസമാണ് സെപ്റ്റംബർ 5. അതായത് അധ്യാപക ദിനം. ഇക്കൊല്ലത്തെ അധ്യാപക ദിനം വരുന്നത് സെപ്റ്റംബർ അഞ്ച് ശനിയാഴ്ച്ചയാണ്. ക്ലാസ് മുറികളിലെ കേവലം പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതമൂല്യങ്ങളും നമുക്ക് സ്വപ്നം കണ്ട് വാനോളം ഉയരാനുള്ള ചിറകുകളും നൽകിയ പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാനും ആദരിക്കാനുമാണ് ഈ ദിവസം നാം ആചരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് സെപ്റ്റംബർ 5 തന്നെ അധ്യാപക ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്? അതിന് പിന്നിലൊരു പ്രചോദനാത്മകമായ ഒരു ചരിത്രമുണ്ട്. അറിയാം.
അധ്യാപക ദിനത്തിൻ്റെ ചരിത്രം
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനും മഹാന്മാരായ അധ്യാപകരിലൊരാളുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5. 1962-ൽ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ, അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും ചേർന്ന് സെപ്റ്റംബർ 5 ഒരു വലിയ ആഘോഷമാക്കി മാറ്റാൻ അനുവാദം ചോദിച്ചുകൊണ്ട് അദ്ദേഹത്തെ സമീപിച്ചു.
ALSO READ: എംബിബിഎസ്, ബിഡിഎസ് പ്രവേശനം; താത്കാലിക എന്‍ആര്‍ഐ കാറ്റഗറി ലിസ്റ്റ് പുറത്ത്
എന്നാൽ എളിമയുടെ പ്രതീകമായിരുന്ന ഡോ. എസ് രാധാകൃഷ്ണൻ മുന്നോട്ടുവെച്ചത് വേറിട്ടൊരു ആശയമായിരുന്നു. “എന്റെ ജന്മദിനം പ്രത്യേകമായി ആഘോഷിക്കുന്നതിന് പകരം, സെപ്റ്റംബർ 5 രാജ്യത്തെ മുഴുവൻ അധ്യാപകർക്കുമായി സമർപ്പിച്ച് ‘അധ്യാപക ദിനമായി’ ആചരിക്കുകയാണെങ്കിൽ അതെന്നെ കൂടുതൽ സന്തോഷിപ്പിക്കും.” എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.
തന്റെ ജീവിതം മുഴുവൻ വിദ്യാഭ്യാസ മേഖലയ്ക്കും വിദ്യാർത്ഥികൾക്കുമായി മാറ്റിവെച്ച അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം, 1962 സെപ്റ്റംബർ 5 മുതൽ ഇന്ത്യയിലുടനീളം ഈ ദിനം അധ്യാപക ദിനമായി ആചരിച്ചു തുടങ്ങി. അന്നുമുതൽ സമൂഹത്തിന്റെ നട്ടെല്ലായ അധ്യാപകരുടെ സേവനങ്ങളെയും ത്യാഗങ്ങളെയും സ്മരിക്കാനുള്ള അവസരമായി ഈ ദിവസത്തെ മാറ്റിയെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധം കൂടുതൽ ദൃഢമാക്കാനും ഈ ദിനം വളരെയധികം സഹായിക്കുന്നു.
പല സ്കൂളുകളിലും കുട്ടികൾ അധ്യാപകർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇക്കൊല്ലം സെപ്റ്റംബർ അഞ്ച് വരുന്നത് ശനിയാഴിച്ചയായിതിനാൽ അന്നേ ദിവസം സ്കൂളുകൾക്ക് അവധിയായിരിക്കും. എങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ അറിയിക്കാനും അവർക്കുള്ള സമ്മാനങ്ങൾ നൽകാനും സർപ്രൈസുകൾ ഒരുക്കാനും തിങ്കളാഴ്ച്ച തിരഞ്ഞെടുക്കാവുന്നതാണ്. നമ്മെ ഇന്നത്തെ നിലയിൽ എത്തിക്കാൻ കൈപിടിച്ചുയർത്തിയ ഓരോ ഗുരുക്കന്മാർക്കും ഒരു ബിഗ് സല്യൂട്ട് നൽകാൻ ഈ സെപ്റ്റംബർ 5 നമുക്ക് പ്രയോജനപ്പെടുത്താം.
English Summary:
India will celebrate Teachers’ Day on September 5 to honour educators across the country. September 5 marks the birth anniversary of Dr Sarvepalli Radhakrishnan, the distinguished philosopher, scholar, and statesman who served as the second President of India.