Air India Flight to Canada: എയർ ഇന്ത്യയുടെ വമ്പൻ അബദ്ധം; അനുമതിയില്ലാത്ത വിമാനത്തെ കാനഡയിലേക്ക് അയച്ചു
Air India Flight to Canada Recalled: ഗുരുതരമായ ഈ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകും. യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം ഏർപ്പെടുത്തുകയും വെള്ളിയാഴ്ച രാവിലെ മറ്റൊരു വിമാനത്തിൽ ഇവരെ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തു.
ന്യൂഡൽഹി: വിമാന സർവീസുകൾക്കിടയിൽ സംഭവിക്കാവുന്ന ഏറ്റവും വിചിത്രമായ അബദ്ധങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ച് എയർ ഇന്ത്യ. കാനഡയിലെ വാൻകൂവറിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലാത്ത വിമാനം യാത്രക്കാരുമായി പറന്നത് ഒൻപത് മണിക്കൂറോളം. ഒടുവിൽ ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന് അധികൃതർ തിരിച്ചറിഞ്ഞത്. ഇതോടെ വിമാനം അടിയന്തരമായി ഡൽഹിയിലേക്ക് തന്നെ മടക്കിവിളിച്ചു.
വാൻകൂവറിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ER വിമാനങ്ങൾക്ക് മാത്രമാണ് നിലവിൽ അനുമതിയുള്ളത്. എന്നാൽ വ്യാഴാഴ്ച എയർ ഇന്ത്യ വാൻകൂവറിലേക്ക് അയച്ചത് അനുമതിയില്ലാത്ത ബോയിംഗ് 777-200 LR വിമാനത്തെയായിരുന്നു. രാവിലെ 11:34-ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം ചൈനയിലെ കുൻമിംഗിന് മുകളിലെത്തിയപ്പോഴാണ് അബദ്ധം ബോധ്യപ്പെട്ടത്. തുടർന്ന് തിരിച്ച പറന്ന വിമാനം വൈകുന്നേരം 7:19-ന് ഡൽഹിയിൽ ലാൻഡ് ചെയ്തു. ഒൻപത് മണിക്കൂറോളം വിമാനത്തിലിരുന്ന യാത്രക്കാർ ഒടുവിൽ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തുകയായിരുന്നു.
ഗുരുതരമായ ഈ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകും. യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം ഏർപ്പെടുത്തുകയും വെള്ളിയാഴ്ച രാവിലെ മറ്റൊരു വിമാനത്തിൽ ഇവരെ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തു.