ലഹരി പരിശോധനയിൽ പോസിറ്റീവ്; പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ
Air India Phuket-Delhi Flight Incident: വിമാനം ഡൽഹിയിൽ ഇറങ്ങിയ ശേഷം രണ്ട് പൈലറ്റുമാരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെ ബ്രെത്ത് അനലൈസർ പരിശോധനാ ഫലങ്ങൾ തൃപ്തികരമായിരുന്നു. എന്നാൽ, പൈലറ്റ് ഇൻ കമാൻഡിന്റെ സാമ്പിളിൽ ലഹരിമരുന്നിന്റെ സാന്നിധ്യം സംശയിക്കുന്നതായി കണ്ടെത്തി. രക്തപരിശോധനയിലും ലഹരിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

Air India
ന്യൂഡല്‍ഹി: ലഹരിമരുന്ന് ഉപയോഗിച്ച എയര്‍ ഇന്ത്യ പൈലറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിന് ലഹരിമരുന്ന് പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതിനെ തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 4-ന് എയർ ഇന്ത്യയുടെ AI-2379 വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിനെ തുടർന്നാണ് ഈ നടപടി.
“പൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിന്റെ ശരീരത്തിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. സുരക്ഷ, ശാരീരികക്ഷമത, മാനദണ്ഡങ്ങൾ എന്നിവ ലംഘിക്കുന്ന കാര്യത്തിൽ എയർ ഇന്ത്യ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത (സീറോ ടോളറൻസ്) സമീപനത്തിന്റെ ഭാഗമായി, പൈലറ്റിന്റെ ജോലി ഉടനടി പ്രാബല്യത്തോടെ അവസാനിപ്പിച്ചു,” എന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.
പൈലറ്റ് ഇൻ കമാൻഡിന് നടത്തിയ സ്ഥിരീകരണ ലഹരി പരിശോധനയിൽ നിരോധിത ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ലഹരിമരുന്നിന്റെ സാന്നിധ്യം
വിമാനം ഡൽഹിയിൽ ഇറങ്ങിയ ശേഷം രണ്ട് പൈലറ്റുമാരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെ ബ്രെത്ത് അനലൈസർ പരിശോധനാ ഫലങ്ങൾ തൃപ്തികരമായിരുന്നു. എന്നാൽ, പൈലറ്റ് ഇൻ കമാൻഡിന്റെ സാമ്പിളിൽ ലഹരിമരുന്നിന്റെ സാന്നിധ്യം സംശയിക്കുന്നതായി കണ്ടെത്തി.
Also Read: Indigo Flight Accident: വൻ ദുരന്തം ഒഴിവായി! പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു
രക്തപരിശോധനയിലും ലഹരിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കോ-പൈലറ്റിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇത്തരം വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് AAIB നിർദ്ദേശിച്ചിരുന്നു.
പൈലറ്റിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് വിമാനത്തിന് സംഭവിച്ച അപ്രതീക്ഷിത ഉയരവ്യത്യാസത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടില്ല. വിശദമായ അന്വേഷണം ഇപ്പോഴും തുടരുകയാണ്.
ഈ സംഭവം നടക്കുമ്പോള്‍ വിമാനത്തിലെ സീറ്റ് ബെൽറ്റ് സൈനുകൾ ഓഫായിരുന്നു. പെട്ടെന്നുണ്ടായ പ്രകമ്പനത്തിൽ യാത്രക്കാർക്കും ക്യാബിൻ ജീവനക്കാർക്കും പരിക്കേറ്റു. ഡൽഹിയിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും വൈദ്യസഹായം നൽകി. 20 പേരെ ഡിസ്ചാർജ് ചെയ്തു, ഗുരുതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് AAIB അറിയിച്ചു. ഫ്ലൈറ്റ് റെക്കോർഡറുകൾ, മെയിന്റനൻസ്-ഓപ്പറേഷണൽ രേഖകൾ, ഹൈഡ്രോളിക് ഘടകങ്ങൾ, സാമ്പിളുകൾ എന്നിവയും മറ്റ് വസ്തുക്കളും നിലവിൽ പരിശോധിച്ചു വരികയാണ്.
English Summary
Air India terminated a pilot after he tested positive for a psychoactive substance. The decision followed a preliminary report by the Aircraft Accident Investigation Bureau. The post-flight drug test occurred after a Phuket to Delhi flight experienced multiple hydraulic failures. The incident caused an abrupt altitude shift that left twenty-four passengers and crew members injured.