Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Bengaluru Metro Blue Line Trial Run Expected in November: പിങ്ക് ലൈനിലെ കലേന അഗ്രഹാര മുതല് താവരേക്കെരെ വരെയുള്ള 7.5 കിലോമീറ്റര് ഉയര്ന്ന പാതയുടെ സുരക്ഷാ പരിശോധന ഒക്ടോബര് 6 മുതല് 8 വരെ നടത്തിയിരുന്നു. ആറ് സ്റ്റേഷനുകളുള്ള ഈ ഭാഗത്ത് സര്വീസ് ആരംഭിക്കുന്നതിന് ആവശ്യമായ അന്തിമ അനുമതികള് ലഭിക്കേണ്ടതുണ്ട്.

ബെംഗളൂരു മെട്രോ
ബെംഗളൂരുവിലെ മെട്രോ യാത്രക്കാര് കാത്തിരിക്കുന്ന പിങ്ക്, ബ്ലൂ ലൈനുകളില് പരീക്ഷണ ഓട്ടം ആരംഭിക്കാനുള്ള ഒരുക്കങ്ങള് പുരോഗമിക്കുന്നു. പിങ്ക് ലൈനിന്റെ ഭൂഗര്ഭ പാതയിലും ബ്ലൂ ലൈനിന്റെ ഔട്ടര് റിങ് റോഡ് ഇടനാഴിയിലുമാണ് നവംബറില് ട്രയല് റണ് നടത്താന് ബെംഗളൂരു മെട്രോ റെയില് കോര്പ്പറേഷന് ലിമിറ്റഡ് (ബിഎംആര്സിഎല്) ലക്ഷ്യമിടുന്നത്. രണ്ട് പാതകളിലും 2027 മെയ് മാസത്തോടെ യാത്രാ സര്വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. സിഗ്നലിങ് സംവിധാനങ്ങളുടെ പരിശോധനയും സുരക്ഷാ അനുമതികളും സമയക്രമത്തില് നിര്ണായകമാകും.
പിങ്ക് ലൈനില് ഭൂഗര്ഭ പാതയുടെ പരീക്ഷണ ഓട്ടം
കലേന അഗ്രഹാര മുതല് നാഗവാര വരെ നീളുന്ന പിങ്ക് ലൈനിന്റെ ആകെ ദൈര്ഘ്യം ഏകദേശം 21.26 കിലോമീറ്ററാണ്. ഇതില് ഭൂഗര്ഭ പാതയുടെ നിര്മാണവും സാങ്കേതിക പ്രവര്ത്തനങ്ങളും അവസാനഘട്ടത്തിലാണ്. ഡയറി സര്ക്കിളില്നിന്ന് ശിവാജിനഗര് വരെ ട്രെയിന് ഓടിച്ചുള്ള പരീക്ഷണം ഒക്ടോബര് അവസാനമോ നവംബറിലോ ആരംഭിക്കാനാണ് അധികൃതരുടെ നീക്കം.
പിങ്ക് ലൈനിന്റെ ആദ്യഘട്ടത്തില് സുരക്ഷാ പരിശോധന
പിങ്ക് ലൈനിലെ കലേന അഗ്രഹാര മുതല് താവരേക്കെരെ വരെയുള്ള 7.5 കിലോമീറ്റര് ഉയര്ന്ന പാതയുടെ സുരക്ഷാ പരിശോധന ഒക്ടോബര് 6 മുതല് 8 വരെ നടത്തിയിരുന്നു. ആറ് സ്റ്റേഷനുകളുള്ള ഈ ഭാഗത്ത് സര്വീസ് ആരംഭിക്കുന്നതിന് ആവശ്യമായ അന്തിമ അനുമതികള് ലഭിക്കേണ്ടതുണ്ട്. പരിശോധനയില് ഉന്നയിച്ച കാര്യങ്ങള്ക്ക് ബിഎംആര്സിഎല് മറുപടി നല്കിയിട്ടുണ്ട്. ബന്ധപ്പെട്ട സുരക്ഷാ അധികൃതരുടെ അന്തിമ അനുമതി ലഭിക്കുന്നതനുസരിച്ചായിരിക്കും സര്വീസ് ആരംഭിക്കുന്ന തീയതി തീരുമാനിക്കുക.
Also Read: Namma Metro: ബെംഗളൂരുവിൽ റെഡ് ലൈൻ മെട്രോയ്ക്ക് പുത്തന് ചുവടുവെപ്പ്; സർജാപൂരിൽ പഠനം ആരംഭിച്ചു
ബ്ലൂ ലൈനില് നവംബറില് ട്രയല് റണ്
ബെംഗളൂരുവിലെ പ്രധാന ഐടി മേഖലകളിലൂടെ കടന്നുപോകുന്ന ഔട്ടര് റിങ് റോഡ് മെട്രോ പാത ബ്ലൂ ലൈനിന്റെ ഭാഗമാണ്. ബയപ്പനഹള്ളി ഡിപ്പോയില്നിന്ന് കെആര് പുരം വഴി മാറത്തഹള്ളി ഭാഗത്തേക്ക് ട്രെയിന് ഓടിച്ചുള്ള പരീക്ഷണം നവംബര് പകുതിയോടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പാതയില് ട്രാക്ക് സ്ഥാപിക്കല് ഉള്പ്പെടെയുള്ള നിര്മാണ ജോലികള് അവസാനഘട്ടത്തിലാണ്.
യാത്രാ സര്വീസ് 2027 മെയില് ആരംഭിക്കുമോ?
പിങ്ക് ലൈനിന്റെ ഭൂഗര്ഭ പാതയും ബ്ലൂ ലൈനിന്റെ ഔട്ടര് റിങ് റോഡ് ഭാഗവും 2027 മെയ് മാസത്തോടെ യാത്രക്കാര്ക്കായി തുറന്നുകൊടുക്കാനാണ് നിലവിലെ ലക്ഷ്യം. നിര്മാണവും സാങ്കേതിക ജോലികളും അതിന് മുമ്പ് പൂര്ത്തിയാക്കാനാണ് ബിഎംആര്സിഎല് ശ്രമിക്കുന്നത്. എന്നാല് പരീക്ഷണ ഓട്ടം ആരംഭിക്കുന്നതുകൊണ്ടുമാത്രം യാത്രാ സര്വീസ് ഉടന് തുടങ്ങാനാകില്ല. സിഗ്നലിങ് പരിശോധനകള്, ട്രെയിനുകളുമായുള്ള സാങ്കേതിക സംയോജനം, പ്രവര്ത്തനപരിശോധനകള്, സുരക്ഷാ അനുമതികള് എന്നിവയെല്ലാം പൂര്ത്തിയാക്കണം.
English Summary
Bengaluru Namma Metro is preparing for trial runs on the Pink Line underground section and the Blue Line Outer Ring Road corridor in November. Passenger services on both routes are targeted to begin by May 2027, subject to technical testing and safety approvals.