Namma Metro: ബെംഗളൂരുവിൽ റെഡ് ലൈൻ മെട്രോയ്ക്ക് പുത്തന് ചുവടുവെപ്പ്; സർജാപൂരിൽ പഠനം ആരംഭിച്ചു
Namma Metro Red Line Soil Testing Begins on Sarjapur Road: സര്ജാപൂര് മുതല് കൊരമംഗല വരെ ഏകദേശം 22.14 കിലോമീറ്റര് ഉയരപ്പാതയായും കൊരമംഗല രണ്ടാം ബ്ലോക്ക് മുതല് ഹെബ്ബാള് വരെ 14.45 കിലോമീറ്റര് ഭൂഗര്ഭ പാതയായും നിര്മിക്കും. നഗരത്തിലെ പ്രധാന താമസമേഖലകളെയും വാണിജ്യകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മെട്രോ
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ റെഡ് ലൈന് പദ്ധതിയുടെ പ്രാഥമിക നടപടികള് പുരോഗമിക്കുന്നു. നിര്ദിഷ്ട സര്ജാപൂര്-ഹെബ്ബാള് പാതയുടെ ഭാഗമായി സര്ജാപൂര് റോഡില് മണ്ണ് പരിശോധന ഉള്പ്പെടെയുള്ള സാങ്കേതിക പഠനങ്ങളാണ് നടത്തുന്നത്. ബെംഗളൂരു മെട്രോ റെയില് കോര്പ്പറേഷന് ലിമിറ്റഡിന്റെ (ബിഎംആര്സിഎല്) നേതൃത്വത്തിലുള്ള ഈ പരിശോധനകള് നിര്മാണത്തിന് ആവശ്യമായ ഭൂഗര്ഭ വിവരങ്ങള് ശേഖരിക്കുന്നതിന്റെ ഭാഗമാണ്.
36.59 കിലോമീറ്റര് ദൈര്ഘ്യമുള്ള റെഡ് ലൈന്
നമ്മ മെട്രോയുടെ മൂന്നാം ഘട്ടം എ വിഭാഗത്തില് ഉള്പ്പെടുന്ന റെഡ് ലൈന് സര്ജാപൂരിനെയും ഹെബ്ബാളിനെയും ബന്ധിപ്പിക്കുന്ന നിര്ദിഷ്ട പാതയാണ്. ആദ്യഘട്ട പദ്ധതി പ്രകാരം ഏകദേശം 36.59 കിലോമീറ്റര് ദൈര്ഘ്യമുള്ള പാതയില് ഭൂനിരപ്പിന് മുകളിലൂടെയുള്ളതും ഭൂഗര്ഭത്തിലൂടെയുള്ളതുമായ ഭാഗങ്ങള് ഉള്പ്പെടും.
സര്ജാപൂര് മുതല് കൊരമംഗല വരെ ഏകദേശം 22.14 കിലോമീറ്റര് ഉയരപ്പാതയായും കൊരമംഗല രണ്ടാം ബ്ലോക്ക് മുതല് ഹെബ്ബാള് വരെ 14.45 കിലോമീറ്റര് ഭൂഗര്ഭ പാതയായും നിര്മിക്കും. നഗരത്തിലെ പ്രധാന താമസമേഖലകളെയും വാണിജ്യകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മണ്ണ് പരിശോധന എന്തിന്?
മെട്രോ പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ മണ്ണിന്റെ ഘടന, ഭൂമിയുടെ ഉറപ്പ്, ഭൂഗര്ഭത്തിലെ പാറകളുടെയും മറ്റ് പാളികളുടെയും സ്വഭാവം എന്നിവ മനസിലാക്കാനാണ് പരിശോധന നടത്തുന്നത്. തൂണുകളുടെ അടിത്തറ എത്ര ആഴത്തില് വേണമെന്നും ഭൂഗര്ഭ സ്റ്റേഷനുകളും തുരങ്കങ്ങളും എങ്ങനെ രൂപകല്പ്പന ചെയ്യണമെന്നും തീരുമാനിക്കാന് ഈ വിവരങ്ങള് സഹായിക്കും. നിര്മാണത്തിനിടെ സമീപത്തെ കെട്ടിടങ്ങള്ക്കും റോഡുകള്ക്കും ഉണ്ടാകാവുന്ന ആഘാതം വിലയിരുത്താനും പഠനം പ്രയോജനപ്പെടും. സുരക്ഷിതമായ നിര്മാണരീതിയും അനുയോജ്യമായ സാങ്കേതികവിദ്യയും തിരഞ്ഞെടുക്കുന്നതിലും പരിശോധന നിര്ണായകമാണ്.
Also Read: Bengaluru Train: ബെംഗളൂരു–മംഗളൂരു ട്രെയിൻ റൂട്ടിൽ വൻ മാറ്റം; കോഴിക്കോട് എക്സ്പ്രസ് സർവീസ് വൈകുമോ?
ചെലവും അനുമതിയും നിര്ണായകം
റെഡ് ലൈന് പദ്ധതിയുടെ ആദ്യ എസ്റ്റിമേറ്റ് 28,405 കോടി രൂപയായിരുന്നു. ചെലവ് കൂടുതലാണെന്ന വിലയിരുത്തലിനെ തുടര്ന്ന് പദ്ധതി ചെലവ് പുനഃപരിശോധിക്കാനും രൂപകല്പ്പനയില് മാറ്റങ്ങള് വരുത്താനുമുള്ള നടപടികള് ആരംഭിച്ചിരുന്നു. ഇതിനായി കണ്സള്ട്ടന്സി സ്ഥാപനത്തിന്റെ സഹായത്തോടെ ചെലവ് കുറയ്ക്കാനുള്ള സാധ്യതകളും പരിശോധിച്ചു. മണ്ണ് പരിശോധന പോലുള്ള പ്രാഥമിക പഠനങ്ങള് പുരോഗമിക്കുന്നുണ്ടെങ്കിലും പദ്ധതി പൂര്ണമായി നടപ്പാക്കുന്നതിനുള്ള കേന്ദ്രാനുമതിയും സാമ്പത്തിക പരിശോധനയും പ്രധാന ഘടകങ്ങളാണ്.
റെഡ് ലൈന് യാഥാര്ഥ്യമാകുന്നതോടെ സര്ജാപൂര്, ബെല്ലന്ദൂര്, അഗര, കൊരമംഗല, ഹെബ്ബാള് തുടങ്ങിയ മേഖലകള് തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് ഐടി മേഖലകളിലേക്കും നഗരമധ്യത്തിലേക്കും ദിവസേന യാത്ര ചെയ്യുന്നവര്ക്ക് പുതിയ മെട്രോ പാത പ്രയോജനപ്പെടാന് സാധ്യതയുണ്ട്.
English Summary
Bengaluru Metro Rail Corporation Limited has begun soil testing on Sarjapur Road for the proposed Namma Metro Red Line corridor connecting Sarjapur and Hebbal. The investigation will help assess ground conditions and support the planning and design of the proposed metro route.