Chennai Metro: ലൈറ്റ് മെട്രോ പദ്ധതിക്ക് റെഡ് സിഗ്നൽ! ചെന്നൈ യാത്രക്കാർക്ക് തിരിച്ചടി
Chennai Light Metro Project: ചെന്നൈയിലെ റോഡുകൾ ഈ പദ്ധതിക്ക് അനുയോജ്യമല്ലെന്ന് പുതിയ സാധ്യതാ പഠനത്തിൽ കണ്ടെത്തി. ഇതോടെ പദ്ധതി തൽക്കാലത്തേക്ക് നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചു. ഒന്നോ രണ്ടോ കോച്ചുകൾ മാത്രമുള്ള, റോഡിലൂടെ ഓടിക്കാവുന്ന ലൈറ്റ് മെട്രോ ട്രെയിനുകളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിരുന്നത്.

ചെന്നൈ മെട്രോ
ചെന്നൈ: ചെന്നൈ നഗരത്തിന്റെ യാത്രാദുരിതം പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോയും സബർബൻ ട്രെയിനുകളും നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, ചെന്നൈ യാത്രക്കാർ കാത്തിരുന്ന ലൈറ്റ് മെട്രോ പദ്ധതി ഉടൻ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാനും വിവിധ മെട്രോ സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ കണക്റ്റിവിറ്റി ഉറപ്പാക്കാനുമായി ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നോട്ടുവെച്ച ‘ലൈറ്റ് മെട്രോ’ പദ്ധതിക്ക് വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ചെന്നൈയിലെ റോഡുകൾ ഈ പദ്ധതിക്ക് അനുയോജ്യമല്ലെന്ന് പുതിയ സാധ്യതാ പഠനത്തിൽ കണ്ടെത്തി. ഇതോടെ പദ്ധതി തൽക്കാലത്തേക്ക് നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചു. ഒന്നോ രണ്ടോ കോച്ചുകൾ മാത്രമുള്ള, റോഡിലൂടെ ഓടിക്കാവുന്ന ലൈറ്റ് മെട്രോ ട്രെയിനുകളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിരുന്നത്. ചെന്നൈയിലെ തിരക്കേറിയ ടി നഗർ, കെ കെ നഗർ എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ ആദ്യഘട്ട പഠനം നടത്തിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ പഠനം പൂർത്തിയായിരുന്നു.
ALSO READ: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് 45 മിനിറ്റ്? എക്‌സ്പ്രസ് വേ വഴി അടിപൊളി യാത്ര പോകാം
പദ്ധതിക്ക് തടസ്സം എന്ത്?
ചെന്നൈയിലെ ഭൂരിഭാഗം റോഡുകളും എപ്പോഴും തിരക്കേറിയതാണ്. ലൈറ്റ് മെട്രോയ്ക്ക് മാത്രമായി പ്രത്യേക ട്രാക്കുകൾ നിർമ്മിക്കാൻ ഇവിടെ ആവശ്യത്തിന് സ്ഥലമില്ല. അതുപോലെ, ലൈറ്റ് മെട്രോ ഏതെങ്കിലും ജംഗ്ഷനോ റോഡോ മുറിച്ചുകടക്കുമ്പോൾ അവിടെയുള്ള മറ്റ് വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തേണ്ടി വരും. ഇത് നഗരത്തിൽ കൂടുതൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് സി.യു.എം.ടി.എ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
റോഡുകളിൽ ഈ രീതിയിൽ പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ‘സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ്’ മേഖലയിൽ ഇത് എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് പുതിയ സർക്കാരിന് മുന്നിൽ അധികൃതർ പ്രൊപ്പോസൽ സമർപ്പിക്കും. പൊതുഗതാഗതം ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതിനായി ചെന്നൈയുടെ സമഗ്ര മൊബിലിറ്റി പ്ലാനിൽ ലൈറ്റ് മെട്രോ ശുപാർശ ചെയ്തിരുന്നു.
പകരമായി ബി.ആർ.ടി.എസ് പദ്ധതി
ലൈറ്റ് മെട്രോ പ്ലാൻ തൽക്കാലം നിർത്തി വച്ചതോടെ, പല്ലാവരം – തോറൈപാക്കം റോഡിൽ ബി.ആർ.ടി.എസ് അഥവാ ബസുകൾക്ക് മാത്രമായുള്ള പ്രത്യേക പാത നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ പദ്ധതിയും വളരെ ശ്രദ്ധിച്ച് മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്ന് സി.യു.എം.ടി.എ സ്പെഷ്യൽ ഓഫീസർ ഐ. ജയകുമാർ പറഞ്ഞു. സാധാരണ വാഹനയാത്രക്കാർ വലിയ ഗതാഗതക്കുരുക്കിൽ കിടക്കുമ്പോൾ തൊട്ടടുത്ത് ബസുകൾക്ക് മാത്രമായുള്ള ട്രാക്ക് ഒഴിഞ്ഞുകിടന്നാൽ, ആളുകൾ നിയമം ലംഘിച്ച് ആ ട്രാക്കിലേക്ക് വണ്ടി കയറ്റാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി പഠിച്ച ശേഷമേ ബി.ആർ.ടി.എസ് പദ്ധതി നടപ്പിലാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.