Chennai Metro: ലൈറ്റ് ഹൗസിൽ നിന്നും ഹൈക്കോടതിയിലേക്ക് വേഗത്തിലെത്താം! ഡി.പി.ആർ നടപടികൾ അവസാന ഘട്ടത്തിൽ
Light House - Madras HC line: ലൈറ്റ് ഹൗസ് മുതൽ മദ്രാസ് ഹൈക്കോടതി വരെയുള്ള പുതിയ ഭൂഗർഭ മെട്രോ പാതയുടെ ഡി.പി.ആർ അംഗീകാരത്തിനായി ഒരു ആഴ്ചയ്ക്കുള്ളിൽ തമിഴ്‌നാട് സർക്കാരിന് സമർപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയത്. ലൈറ്റ് ഹൗസ് മുതൽ മദ്രാസ് ഹൈക്കോടതി വരെ 5.69 കിലോമീറ്റർ ദൈർഘ്യമാണ് പാതയ്ക്കുള്ളത്.

ചെന്നൈ മെട്രോ
ചെന്നൈ: പുതിയ മെട്രോ ലൈൻ വികസനത്തിന്റെ വിശദമായ പദ്ധതി രേഖ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് പൂർത്തിയാക്കി. ലൈറ്റ് ഹൗസ് മുതൽ മദ്രാസ് ഹൈക്കോടതി വരെയുള്ള പുതിയ ഭൂഗർഭ മെട്രോ പാതയുടെ ഡി.പി.ആർ അംഗീകാരത്തിനായി ഒരു ആഴ്ചയ്ക്കുള്ളിൽ തമിഴ്‌നാട് സർക്കാരിന് സമർപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം മാർച്ചിലാണ് ഡിപിആർ തയ്യാറാക്കുന്നതിനായി ഒരു കൺസൾട്ടന്റിനെ ചെന്നൈ മെട്രോ നിയോഗിച്ചത്.സിസ്ട്ര എംവിഎ കൺസൾട്ടിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതിയുടെ കരാർ നേടിയത്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഡി.പി.ആറിന് അന്തിമ അംഗീകാരം നൽകുന്നതോടെ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കും.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ
ലൈറ്റ് ഹൗസ് മുതൽ മദ്രാസ് ഹൈക്കോടതി വരെ 5.69 കിലോമീറ്റർ ദൈർഘ്യമാണ് പാതയ്ക്കുള്ളത്. ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള കോറിഡോർ 4-ന്റെ തുടർച്ചയായാണ് പുതിയ പാത വരുന്നത്. ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗങ്ങളായ ടി. നഗർ, വടപളനി, നന്ദനം, കോടമ്പാക്കം എന്നിവയെ ബന്ധിപ്പിക്കുന്ന കോറിഡോർ ലൈറ്റ് ഹൗസിൽ അവസാനിക്കുന്നതിന് പകരം ഹൈക്കോടതി വരെ നീട്ടുന്നതാണ് പുതിയ പ്ലാൻ. ഏഴിലഗം, ഐലൻഡ് ഗ്രൗണ്ട്സ്, സെക്രട്ടേറിയറ്റ്, മദ്രാസ് ഹൈക്കോടതി എന്നിങ്ങനെ നാല് പ്രധാന സ്റ്റേഷനുകളാണ് പുതിയ പാതയിൽ ഉള്ളത്. ഏകദേശം 4,300 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
ALSO READ: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം
ഗുണം ആർക്ക്?
തമിഴ്‌നാട് സെക്രട്ടേറിയറ്റിലും എഴിലകത്തുമായി ആയിരക്കണക്കിന് സർക്കാർ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കൂടാതെ, ചെന്നൈയിലെ പ്രധാന എക്സിബിഷൻ വേദിയായ ഐലൻഡ് ഗ്രൗണ്ട്സിലേക്കും ഹൈക്കോടതിയിലേക്കും ദിവസേന ലക്ഷക്കണക്കിന് പൊതുജനങ്ങളും എത്താറുണ്ട്. നിലവിൽ ബസുകളെയും മറ്റ് വാഹനങ്ങളെയും ആശ്രയിക്കുന്ന ഈ റൂട്ടിൽ മെട്രോ എത്തുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ശമനമുണ്ടാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
ചെന്നൈയിലെ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (എംആർടിഎസ്) ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള റെയിൽവേ ബോർഡിന്റെ അനുമതി ഉടനെ ലഭിച്ചേക്കുമെന്ന് സൂചന. നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അനുമതി ലഭിക്കുമെന്നാണ് വിവരം. വർഷങ്ങളായി ചർച്ചയിലായിരുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ റെയിൽവേ ബോർഡ് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള അന്തിമ അനുമതി ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംയുക്ത നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ, ദക്ഷിണ റെയിൽവേയും തമിഴ്നാട് സംസ്ഥാന സർക്കാരും തമ്മിൽ ഔദ്യോഗിക ധാരണ പത്രത്തിൽ ഒപ്പുവെയ്ക്കും. ഇതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളും സിഗ്നലിംഗ് സംവിധാനങ്ങളും മെട്രോ നിലവാരത്തിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ഏറ്റെടുക്കൽ നടപടികൾ ഘട്ടങ്ങളായി ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
English Summary:
Chennai Metro Rail Limited is set to submit the Detailed Project Report (DPR) for the proposed Lighthouse–Madras High Court metro corridor to the Tamil Nadu government soon. The Light House to Madras High Court stretch will be a 5.69-km underground stretch comprising four stations in between—Ezhilagam, Island Grounds, Secretariat, and Madras High Court.