Chennai Weather Update: കനത്ത മഴയും ഇടിമിന്നലുമാണേ, ഇവിടേക്ക് പോകും മുന്നേ കാലാവസ്ഥ അറിഞ്ഞോളൂ…
Chennai Weather Update Today: ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത മഴ നഗരത്തിലുടനീളമുള്ള ചൂടിന് ആശ്വാസം നൽകിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.

പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും തലസ്ഥാന നഗരമായ ചെന്നൈയിലും വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. ജില്ലകളിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റിന്റെ വേഗതയിലുണ്ടായ വ്യതിയാനവും അന്തരീക്ഷത്തിലെ മാറ്റങ്ങളുമാണ് ഈ ഭാഗങ്ങളിൽ പെട്ടെന്ന് മഴ ശക്തമാകാൻ കാരണമായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
മഴ മുന്നറിയിപ്പ്
ജൂലൈ 10 ന് കോയമ്പത്തൂർ, നീലഗിരി മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും അതിനോട് ചേർന്നുള്ള പ്രദേശങ്ങൾക്കും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദ മേഖല സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ തകർക്കുന്നത്.
ഈ ജില്ലകൾക്ക് പുറമെ, പശ്ചിമഘട്ടത്തിലെ മറ്റ് പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലും പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ALSO READ: ഡൽഹിയിൽ പെരുമഴക്കാലം! ഒരൊറ്റ ദിവസം കൊണ്ട് താപനില പത്ത് ഡിഗ്രി താഴേക്ക്; വൻ നാശനഷ്ടം
നാളെ, ജൂലൈ 11ന് പശ്ചിമഘട്ട ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും പ്രതീക്ഷിക്കാം, അതേസമയം തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യത. ജൂലൈ 12, 13 തീയതികളിൽ ചില ഭാഗങ്ങളിൽ മിതമായ മഴ പ്രതീക്ഷിക്കാവുന്നതാണ്.
ഇടിമിന്നലിനും സാധ്യത
ചെന്നൈയിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുന്നതാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് മുഴുവൻ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പരമാവധി താപനില 38°C നും 39°C നും ഇടയിലും കുറഞ്ഞ താപനില 29°C നും 30°C നും ഇടയിലും തുടരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത മഴ നഗരത്തിലുടനീളമുള്ള ചൂടിന് ആശ്വാസം നൽകിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ജൂലൈ 10ന് വടക്കൻ ആന്ധ്രാ തീരം, ആൻഡമാൻ കടൽ, അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ, മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. മുന്നറിയിപ്പ് കാലയളവിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും ഈ ഭാഗങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
English Summary:
IMD has forecast heavy rainfall over the western districts of Tamil Nadu, particularly the Nilgiris and the ghat areas of Coimbatore, due to active southwest monsoon conditions. Several other western and interior districts may also experience moderate to heavy showers accompanied by thunderstorms, lightning, and gusty winds.