Delhi Metro: ഡല്‍ഹി മെട്രോയിലാണോ യാത്ര? ഈ ആറു സ്‌റ്റേഷനുകളില്‍ ശ്രദ്ധിക്കണം; വയലറ്റ് ലൈനിലും തടസം
Delhi Metro Travel Alert: വിവിധ സ്‌റ്റേഷനുകളില്‍ എസ്കലേറ്റർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ മുന്നറിയിപ്പുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ. മെച്ചപ്പെട്ട സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിന് ഗ്രീൻ, യെല്ലോ ലൈനുകളിലെ ആറ് പ്രധാന സ്റ്റേഷനുകളിൽ എസ്‌കലേറ്ററുകളുടെ വൻതോതിലുള്ള അറ്റകുറ്റപ്പണികൾ നടക്കുകയാണെന്ന് ഡിഎംആർസി.
ന്യൂഡല്‍ഹി: വിവിധ സ്‌റ്റേഷനുകളില്‍ എസ്കലേറ്റർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ മുന്നറിയിപ്പുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി). മെച്ചപ്പെട്ട സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിന് ഗ്രീൻ, യെല്ലോ ലൈനുകളിലെ ആറ് പ്രധാന സ്റ്റേഷനുകളിൽ എസ്‌കലേറ്ററുകളുടെ വൻതോതിലുള്ള അറ്റകുറ്റപ്പണികൾ നടക്കുകയാണെന്ന് ഡിഎംആർസി അറിയിച്ചു. ഈ കാലയളവിൽ യാത്രക്കാർ അതത് സ്റ്റേഷനുകളിൽ ലഭ്യമായ ലിഫ്റ്റുകൾ ഉപയോഗിക്കണമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഡിഎംആര്‍സി അറിയിച്ചു.
മഹാരാജ സൂരജ്മൽ സ്റ്റേഡിയം (ഗ്രൗണ്ട് മുതൽ കോൺകോഴ്‌സ് വരെ), പീരാഗഢി (ലോവർ കോൺകോഴ്‌സ് മുതൽ അപ്പർ കോൺകോഴ്‌സ് വരെ), ഉദ്യോഗ് നഗർ (ഗ്രൗണ്ട് മുതൽ കോൺകോഴ്‌സ് വരെ), മുണ്ട്ക (കോൺകോഴ്‌സ് മുതൽ പ്ലാറ്റ്‌ഫോം-2 വരെ), ഇഫ്‌എഫ്‌സിഒ ചൗക്ക് (കോൺകോഴ്‌സ് മുതൽ പ്ലാറ്റ്‌ഫോം-1 വരെ), എം.ജി. റോഡ് (കോൺകോഴ്‌സ് മുതൽ പ്ലാറ്റ്‌ഫോം-1 വരെ) എന്നീ സ്റ്റേഷനുകളിലുമാണ് നിലവിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്.
ഡിഎംആര്‍സിയുടെ നിര്‍ദ്ദേശം:
ADVISORY
To ensure enhanced safety and smoother movement, major overhauling work is being carried out on selected escalators at the following Green & Yellow Line stations:
– Maharaja Surajmal Stadium (Ground to Concourse)
– Peeragarhi (Lower Concourse to Upper Concourse)
-…— Delhi Metro Rail Corporation (@OfficialDMRC) June 29, 2026
ദേശീയ തലസ്ഥാന മേഖലയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ റാപ്പിഡ് ട്രാൻസിറ്റ് സംവിധാനമാണ് ഡൽഹി മെട്രോ. ഡൽഹിക്ക് പുറമെ ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ, ഗുരുഗ്രാം എന്നീ നഗരങ്ങളെയും ഇത് പരസ്പരം ബന്ധിപ്പിക്കുന്നു.
വയലറ്റ് ലൈനിൽ സാങ്കേതിക തകരാര്‍
അതിനിടെ, ഡൽഹി മെട്രോയുടെ വയലറ്റ് ലൈനിൽ സാങ്കേതിക തകരാറിനെ തുടർന്ന് സർവീസുകൾ തടസ്സപ്പെട്ടു. കാശ്മീരി ഗേറ്റ് മുതൽ രാജാ നാഹർ സിംഗ് ബല്ലഭ്ഗഡ് വരെയുള്ള ഈ റൂട്ടിൽ സര്‍വീസുകള്‍ വൈകിയതിനെ തുടർന്ന് സ്റ്റേഷനുകളിൽ യാത്രക്കാരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
സിഗ്നലിംഗ് തകരാറാണ് വയലറ്റ് ലൈനിലെ ട്രെയിൻ സർവീസുകൾ വൈകാൻ കാരണമായതെന്ന് ഡിഎംആർസി അറിയിച്ചിരുന്നു. മെട്രോ വൈകിയതോടെ യാത്രക്കാർ മറ്റ് ലൈനുകൾ ഉപയോഗിക്കാൻ അധികൃതർ നിര്‍ദ്ദേശിച്ചിരുന്നു. മറ്റെല്ലാ ലൈനുകളിലെയും സർവീസുകൾ സാധാരണ നിലയിലായിരുന്നു.
ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനായി ഏറെ നേരം സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാവിലെ 9:17 ന് സിഗ്നൽ തകരാറുണ്ടെന്ന് മെട്രോ കോർപ്പറേഷൻ അറിയിച്ചത്. 12 മിനിറ്റിനുശേഷം സർവീസുകൾ പുനരാരംഭിച്ചെങ്കിലും ഏകദേശം 20 മിനിറ്റോളം യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
മിനിറ്റുകൾക്കകം സ്റ്റേഷൻ യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. നിലവിൽ വയലറ്റ് ലൈനിലെ സേവനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലായതായി ഡിഎംആർസി വ്യക്തമാക്കി. സർവീസുകൾ പുനരാരംഭിച്ചതോടെ യാത്രക്കാർ വലിയ ആശ്വാസത്തിലാണ്.
ഡിഎംആര്‍സിക്ക് പുരസ്‌കാരം
അതേസമയം, ഡിഎംആര്‍സിക്ക് യുഐടിപി നൽകുന്ന ‘ഓപ്പറേഷണൽ എക്സലൻസ്’ (മികച്ച പ്രവർത്തനക്ഷമത) വിഭാഗത്തിലെ അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു. സുസ്ഥിര നഗരഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൽ ഡിഎംആർസി കൈവരിച്ച മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. ഡിഎംആര്‍സി ഒരുക്കിയിട്ടുള്ള സ്മാർട്ട് ‘ഡോർ ടു ഡോർ’ യാത്രാ സേവനമാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.
English Summary
Delhi Metro issued a safety alert for six stations. Large-scale escalator repair work is currently underway at these specific locations. Commuters are advised to use station lifts to avoid travel inconvenience. A brief signaling fault also delayed Violet Line services, but normal operations have restored.