Bengal Chief Minister : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ പ്രഖ്യാപിച്ചു
Suvendu Adhikari Named West Bengal Chief Minister: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ചാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിച്ചത്. ബംഗാൾ രാഷ്ട്രീയത്തിൽ വർഷങ്ങളായി തൃണമൂലിന്റെ കരുത്തനായിരുന്ന സുവേന്ദു, പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് മുതൽ സംസ്ഥാന രാഷ്ട്രീയത്തിലെ വലിയ ചർച്ചയായിരുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുവേന്ദു അധികാരിയെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ ഏകകണ്ഠമായി നേതാവായി തിരഞ്ഞെടുത്തത്.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ചാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിച്ചത്. ബംഗാൾ രാഷ്ട്രീയത്തിൽ വർഷങ്ങളായി തൃണമൂലിന്റെ കരുത്തനായിരുന്ന സുവേന്ദു, പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് മുതൽ സംസ്ഥാന രാഷ്ട്രീയത്തിലെ വലിയ ചർച്ചയായിരുന്നു. സ്വന്തം തട്ടകമായ നന്ദിഗ്രാമിലുൾപ്പെടെ അദ്ദേഹം കാഴ്ചവെച്ച പ്രകടനമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്.
അടുത്ത ദിവസം തന്നെ അദ്ദേഹം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബംഗാളിൽ വികസനത്തിന്റെ പുതിയ യുഗം ആരംഭിക്കുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും സുവേന്ദു അധികാരി പ്രതികരിച്ചു.
മമതയുടെ വിശ്വസ്തനിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്
പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവാണ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസിലൂടെയാണ് (T M C) സുവേന്ദു അധികാരി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായി അദ്ദേഹം ദീർഘകാലം അറിയപ്പെട്ടു. 2007-ലെ ചരിത്രപ്രധാനമായ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തിൽ മുൻനിരയിൽ നിന്നതോടെയാണ് സുവേന്ദു ബംഗാളിലെ ജനകീയ നേതാവായി മാറിയത്. ഇത് ബംഗാളിൽ ഇടതുകോട്ട തകർക്കാനും തൃണമൂലിന് അധികാരം നേടിക്കൊടുക്കാനും വലിയ പങ്കുവഹിച്ചു.
2020 ഡിസംബറിൽ തൃണമൂൽ കോൺഗ്രസുമായി പിണങ്ങി അദ്ദേഹം ബിജെപിയിൽ ചേർന്നു. ഇത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. പശ്ചിമ ബംഗാൾ നിയമസഭയിൽ നന്ദിഗ്രാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മുൻപ് മമത മന്ത്രിസഭയിൽ ഗതാഗതം, ജലവിഭവം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ബിജെപിയിൽ ചേർന്ന ശേഷം പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അദ്ദേഹം പ്രവർത്തിച്ചു. 2021-ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിയെ നേരിട്ട് പരാജയപ്പെടുത്തിയതോടെയാണ് സുവേന്ദു അധികാരി ദേശീയ ശ്രദ്ധ നേടിയത്. വാശിയേറിയ പോരാട്ടത്തിൽ ഏകദേശം 1,956 വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം.
English Summary
Suvendu Adhikari was officially named the Chief Minister of West Bengal on Friday following the BJP’s significant win in the assembly elections. He was unanimously elected as the legislative party leader and is set to take oath shortly to lead the state’s new government.