Tiger Shroff Attack: ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ വധശ്രമം: പ്രതികളായ മൂന്ന് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിൽ
Tiger Shroff Attack: Minor Among 3 Arrested in Rajasthan: അന്വേഷണം ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ആദ്യം ഗുജറാത്തിലെ സൂറത്തിലേക്കാണ് കടന്നതെന്നും, അവിടെ നിന്നാണ് പൂനെ-ജയ്പൂർ എക്സ്പ്രസ്സിൽ രാജസ്ഥാനിലേക്ക് ട്രെയിൻ കയറിയതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി :

ടൈഗർ ഷ്‌റോഫ്, പിടിയിലായ പ്രതികൾ
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് അക്രമികളെ പോലീസ് പിടികൂടി. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതികൾ വലയിലായത്. പൂനെ-ജയ്പൂർ എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഹരിയാന സ്വദേശികളായ രണ്ടുപേരും ബിഹാർ സ്വദേശിയായ ഒരാളുമാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. പിടിയിലായ മൂവർക്കും കുപ്രസിദ്ധ ലോറൻസ് ബിഷ്‌ണോയി സംഘവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പിടിയിലായവരിൽ രണ്ടുപേർ വാടകക്കൊലയാളികളാണെന്നും, മൂന്നാമൻ കൃത്യത്തിന് ശേഷം ഇവർക്ക് രക്ഷപ്പെടാൻ ആവശ്യമായ സഹായങ്ങൾ നൽകിയ ആളാണെന്നുമാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഹരിയാനയിലെ സോനിപത്തിൽ നിന്നുള്ള 17 വയസ്സുകാരൻ, ബിഹാറിലെ ബേഗുസരായ് സ്വദേശിയും നിലവിൽ മുംബൈ അന്ധേരി വെസ്റ്റിൽ റാപ്പിഡോ റൈഡറുമായ ഹൃത്വിക് കുമാർ എന്ന റോഷൻ (22), സോനിപത്ത് സ്വദേശിയായ രെഹാൻ (18) എന്നിവരാണ് പിടിയിലായത്. മുംബൈ പോലീസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ ആൻ്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സും, കോട്ട സിറ്റി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ വലയിലാക്കിയത്.
അന്വേഷണം ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ആദ്യം ഗുജറാത്തിലെ സൂറത്തിലേക്കാണ് കടന്നതെന്നും, അവിടെ നിന്നാണ് പൂനെ-ജയ്പൂർ എക്സ്പ്രസ്സിൽ രാജസ്ഥാനിലേക്ക് ട്രെയിൻ കയറിയതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.
കൃത്യമായ ആസൂത്രണത്തോടെയും പ്രതികൾ നടനെതിരെ ആക്രമണം നടത്തിയത്. എല്ലാ ഞായറാഴ്ചകളിലും ടൈഗർ ഷ്‌റോഫ് ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന് മനസ്സിലാക്കിയ അക്രമികൾ നടൻ്റെ ദിനചര്യകൾ ദിവസങ്ങളോളം നിരീക്ഷിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം ജുഹുവിൽ നിന്ന് കാറിൽ മടങ്ങുന്നതിനിടെയാണ് ഇവർ വാഹനത്തിന് നേരെ വെടിയുതിർത്തത്. അപ്രതീക്ഷിത ആക്രമണത്തിൽ നിന്ന് താരം അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.
വെടിവെപ്പിന് ശേഷം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം എസ്.വി റോഡ്, വിൽ പാർലെ, അന്ധേരി വഴി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം തങ്ങൾ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച ഇവർ ലോക്കൽ ട്രെയിനിൽ ബോറിവലിയിലെത്തുകയും, തുടർന്ന് മഹാരാഷ്ട്ര അതിർത്തി കടന്ന് ഗുജറാത്തിലേക്ക് കടക്കുകയുമായിരുന്നു. അതേസമയം, ആക്രമണത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റേതെന്ന പേരിൽ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ അവകാശവാദത്തിൻ്റെ ആധികാരികത പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
English Summary
Three shooters linked to the Lawrence Bishnoi gang were arrested at Rajasthan’s Kota railway station for attempting to assassinate Bollywood actor Tiger Shroff in Mumbai after closely monitoring his routine.